മലയാളത്തിന്റെ സ്വന്തം അമ്മ നടി കവിയൂര്‍ പൊന്നമ്മ ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ ചെയ്തു വച്ചിട്ടുള്ള കഥാപാത്രങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. ഒരേ ശൈലിയില്‍ അഭിനയിക്കുന്ന അമ്മ നടിയാണ് കവിയൂര്‍ പൊന്നമ്മ എന്ന് ചലച്ചിത്രനിരൂപകര്‍ വിലയിരുത്തുമ്പോഴും ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് അവയില്‍ ഏറെയും. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പത്മരാജന് സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന ചിത്രത്തിലെ വേഷം.
മക്കളാല്‍ സ്നേഹിക്കപ്പെടണമെന്നും, അവര്‍ തന്നെ സംരക്ഷിച്ച് കൂടെ നിര്‍ത്തണമെന്നും ആഗ്രഹിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന അമ്മ കഥാപാത്രത്തെയാണ് കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ചത്. അതുവരെ ചെയ്ത അമ്മ കഥാപാത്രങ്ങളില്‍ നിന്നും ഒരുപടി മുകളില്‍ നില്‍ക്കുന്നതായിരുന്നു തിങ്കളാഴ്ച നല്ല ദിവസത്തിലെ കഥാപാത്രം. മക്കള്‍ ഈ കഥാപാത്രത്തിനെ ശരണാലയത്തില്‍ കൊണ്ടുവന്നു വിടുന്ന ഒരു സീന്‍ ചിത്രത്തിലുണ്ട്. ഈ സീനിന്റെ ചിത്രീകരണത്തിന് ശേഷം ‘ജീവിതത്തിലെ എനിക്കുള്ള ട്രയലാണോ ഈ സിനിമ’ എന്ന് കവിയൂര്‍ പൊന്നമ്മ പത്മരാജനോട് ചോദിച്ചു.
പത്മരാജന് കവിയൂര്‍ പൊന്നമ്മയെ വിളിച്ചിരുന്നത് പൊന്നൂസേ എന്നായിരുന്നു. അത്രത്തോളം ആത്മബന്ധം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ‘എന്താണ് പൊന്നൂസേ’ എന്നായിരുന്നു പത്മരാജന് കവിയൂര്‍ പൊന്നമ്മയ്ക്ക് കൊടുത്ത മറുപടി. ഞാന്‍ ഒരു തമാശ പറഞ്ഞതല്ലെ എന്ന് കൂട്ടിച്ചേര്‍ത്ത് പൊന്നമ്മ രംഗം ശാന്തമാക്കി.
ചിത്രത്തിലെ കവിയൂര്‍ പൊന്നമ്മയുടെ പ്രകടനം ഏറെ പ്രശംസകള്‍ക്ക് വഴിയൊരുക്കി . ദേശീയ അവാര്‍ഡിന്റെ ഫൈനല്‍ സ്റ്റേജ് വരെ ആ ചര്‍ച്ച നീണ്ടിരുന്നു.പക്ഷേ ഒടുവില്‍ അവാര്‍ഡ് കിട്ടിയില്ല. ആ വര്‍ഷം സുഹാസിനിക്കാണ് അവാര്‍ഡ് ലഭിച്ചത്. ‘എന്താണ് അതിന്റെ കാരണം എന്നൊന്നും അറിയില്ല. ചിലപ്പോള്‍ ഞാന്‍ ചെയ്തതിലും മികച്ചതായി സുഹാസിനി ചെയ്തുവെന്ന് ജൂറിക്ക് തോന്നിയിരിക്കാം. അല്ലെങ്കില്‍ മറ്റു ചില കാരണങ്ങള്‍ ആയിരിക്കാം. ‘ എന്നാണ് കവിയൂര്‍ പൊന്നമ്മ അതിനെ കുറിച്ച് പ്രതികരിച്ചത്.
നടി എന്ന നിലയില്‍ കവിയൂര്‍ പൊന്നമ്മയുടെ അര്‍പ്പണ മനോഭാവവും പറയാതിരിക്കാന്‍ കഴിയില്ല. വിജി തമ്പി ഒരിക്കല്‍ പങ്കുവെച്ച അനുഭവമാണ് അതിന് ഉദാഹരണം. അമ്മ എന്ന ടെലിവിഷന്‍ സീരിയലിന് വേണ്ടി കവിയൂര്‍ പൊന്നമ്മയെ മൊബൈല്‍ മോര്‍ച്ചറിയില്‍ വച്ചിരിക്കുന്ന ഒരു ഷോട്ട് എടുക്കേണ്ട ആവശ്യകതയുണ്ടായി. എന്നാല്‍ വിജി തമ്പിക്ക് അത് പറയാന്‍ മടിയുണ്ടായിരുന്നു. അത്രയും സീനിയര്‍ ആയിട്ടുള്ള ഒരു നടിയോട് മൊബൈല്‍ മോര്‍ച്ചറിയില്‍ കിടക്കാന്‍ എങ്ങനെ പറയും എന്ന ചിന്തയിലായിരുന്നു വിജി തമ്പി.
ഫ്രഷ് ആയിട്ടുള്ള ഒരു മൊബൈല്‍ മോര്‍ച്ചറി സംഘടിപ്പിക്കണമെന്നായിരുന്നു വിജി തമ്പിയുടെ നിര്‍ദ്ദേശം, പക്ഷേ കിട്ടിയത് ഉപയോഗിച്ച മൊബൈല്‍ മോര്‍ച്ചറിയായിരുന്നു. ഇത് കൂടി ആയപ്പോള്‍ വിജി തമ്പിയുടെ സങ്കോചം കൂടി. ഒടുവില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ കവിയൂര്‍ പൊന്നമ്മ ഒരു മടിയും കൂടാതെ അതിന് തയാറായി. ‘അതിനെന്താ എന്നായാലും ഇതിനുള്ളില്‍ ഒരു ദിവസം കിടക്കേണ്ടതല്ലേ അതിലൊന്നും വലിയ കാര്യമില്ല’ എന്നായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ മറുപടി.
ഇത്തരം ചില വിചിത്രമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ജീവിതം. തമാശയ്ക്ക് പറഞ്ഞ പലതും പിന്നീട് ജീവിതത്തില്‍ സംഭവിച്ചു. ഒരു പിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചതിന് ശേഷം മലയാള സിനിമയുടെ അമ്മയിതാ വിടവാങ്ങിയിരിക്കുന്നു.
Recent Comments