ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ പങ്കുകൊള്ളാനാണ് അശോക് കുമാര്‍ കുടുംബസമേതം എറണാകുളത്ത് എത്തിയത്. ഡിസംബര്‍ 27 നായിരുന്നു വിവാഹം. തൊട്ടടുത്ത ദിവസം രാവിലെ അശോക്, ഭാര്യ ബീനയ്ക്കും മകള്‍ ഗായത്രിക്കുമൊപ്പം എളമക്കരയിലുള്ള മോഹന്‍ലാലിന്റെ വീട്ടിലെത്തി. എറണാകുളത്ത് വരുമ്പോഴെല്ലാം അശോകിന്റെ ഈ ഗൃഹസന്ദര്‍ശനം പതിവുള്ളതാണ്. ലാലിന്റെ അമ്മയെ കാണാനാണ് വരുന്നത്.
അന്നവിടെ ലാലിനെ കൂടാതെ സുചിത്രയും പ്രണവും വിസ്മയയും ഉണ്ടായിരുന്നു. കുറേ നാളുകള്‍ക്കുശേഷമാണ് രണ്ട് കുടുംബങ്ങളും തമ്മില്‍ കാണുന്നത്. വിശേഷങ്ങള്‍ പറയാന്‍ ഏറെയുണ്ടായിരുന്നു. ലാലും അശോകുമാണ് ഓര്‍മ്മകളുടെ പഴയ ഭാണ്ഡക്കെട്ടുകള്‍ തുറന്നത്. കേള്‍വിക്കാരായി കുടുംബാംഗങ്ങളും. അവരായിരുന്നു ആ കഥകള്‍ ശരിക്കും ആസ്വദിച്ചത്.
ആ സമയത്തൊന്നും പ്രണവ് അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. വീടിന് പുറത്ത് നായകള്‍ക്കൊപ്പം കളിക്കുകയായിരുന്നു. നായ്ക്കള്‍ പ്രണവിന് ജീവനാണ്. നായ്ക്കളുടെ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും ലാല്‍ ആ പട്ടിക്കഥ പറയാന്‍ തുടങ്ങിയിരുന്നു.
‘എന്റെ പക്കല്‍ നല്ലൊരു നായക്കുട്ടി ഉണ്ടായിരുന്നു. അതിനെ ഞാന്‍ അശോകിന് നല്കി. ഓമനിച്ച് വളര്‍ത്തണമെന്ന് പറഞ്ഞാണ് ഏല്‍പ്പിച്ചത്. കുറേ കഴിഞ്ഞപ്പോള്‍ കേള്‍ക്കുന്നു അത് മരിച്ചെന്ന്. ഇവനതിനെ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നു. പട്ടിണി സഹിക്കാന്‍ വയ്യാഞ്ഞിട്ട് അത് ഒരു ദിവസം ടെറസില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നിട്ടും മരിച്ചില്ല. ഒടുവില്‍ ഗേറ്റ് ചാടി പുറത്ത് കടന്നു വണ്ടിക്ക് മുന്നില്‍ ചാടി മരിക്കുകയായിരുന്നു.’
ലാലിന്റെ രസികന്‍ കഥകേട്ട് സുചിത്രയും ബീനയും ഗായത്രിയും വിസ്മയയും നിര്‍ത്താതെ ചിരിക്കുകയായിരുന്നു. അങ്ങനെയൊന്നുമല്ലെന്ന് പറഞ്ഞ് അശോക് കുമാര്‍ ലാലിന്റെ വാക്കുകളെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. അത് ഞങ്ങള്‍ക്ക് അറിയാമല്ലോ എന്ന് പറഞ്ഞ് സുചിത്ര അശോകിനെ പിന്താങ്ങി.
ഇതിനിടെ പ്രണവ് എത്തി. വിശേഷങ്ങള്‍ തിരക്കുന്നതിനിടെ അശോക് കുമാര്‍ ചോദിച്ചു.
‘മോനെ എന്നാടാ നിന്റെ കല്യാണം. ഞങ്ങള്‍ക്ക് പാര്‍ട്ടി തരണം കേട്ടോ.’
‘നോ… നോ… നോ… അങ്കിള്‍.’ മറുപടി പൂര്‍ത്തിയാക്കുന്നതിനുമുമ്പേ ചെറുപുഞ്ചിരിയോടെ പ്രണവ് പുറത്തേയ്ക്ക് പോയി.
അശോകും കുടുംബവും ലാലിന്റെ അമ്മയെ കണ്ടു. അശോകിനെയും ബീനയേയും നാണിയെയും (ഗായത്രിയുടെ വിളിപ്പേര്) അമ്മ തിരിച്ചറിഞ്ഞു. നാണിയെ വാത്സല്യപൂര്‍വ്വം അമ്മ തലോടി.
ഉച്ചയൂണിന് ലാല്‍ അവരെ ക്ഷണിച്ചു. ബ്രേക്ക് ഫാസ്റ്റ് വൈകി കഴിച്ചതിനാല്‍ ഊണ് കഴിക്കാന്‍ നില്‍ക്കുന്നില്ലെന്ന് അശോക് പറഞ്ഞു. എങ്കിലൊരു ഫോട്ടോസെഷന് ആകാം എന്ന് ലാല്‍. രണ്ട് കുടുംബാംഗങ്ങളും ചേര്‍ന്ന് ഫോട്ടോയെടുത്തു. പ്രണവ് മാത്രം വന്നില്ല. അപ്പോഴും അപ്പു നായ്ക്കള്‍ക്കൊപ്പമായിരുന്നു. നിറഞ്ഞ മനസ്സോടെയാണ് അശോകും കുടുംബവും ‘ശ്രീഗണേശി’ന്റെ പടികള്‍ ഇറങ്ങിയത്.
‘ഇതിനേക്കാള്‍ മനോഹരമായ ന്യൂ ഇയര്‍ സമ്മാനം എനിക്ക് വേറെ കിട്ടാനില്ല’ ലാലിനും കുടുംബത്തിനുമൊപ്പമുള്ള കൂടിക്കാഴ്ചയെ അശോക് കുമാര്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
Recent Comments