നവരസത്തെ പ്രമേയമാക്കി സിനിമ സംവിധാനം ചെയ്തിട്ടുള്ള ഒരേയൊരു സംവിധായകനേ നമുക്കുള്ളൂ. അത് ജയരാജാണ്.
അത്ഭുതം, ഭയാനകം, ഭീഭത്സം, ശൃംഗാരം, കരുണം, രൗദ്രം, ശാന്തം, ഹാസ്യം, വീരം ഇവയാണല്ലോ നവരസങ്ങള്‍. ഈ സീരിയസില്‍ ശൃംഗാരം ഒഴിച്ച് മറ്റുള്ള രസങ്ങളേയെല്ലാം പ്രമേയമാക്കി ജയരാജ് സിനിമ നിര്‍മ്മിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ ‘നവരസ’ത്തെ പ്രമേയമാക്കി തമിഴിലും ഒന്‍പത് സിനിമകള്‍ ഒരുങ്ങുന്നു. ജസ്റ്റിക്കറ്റ്സിന്റെ ബാനറില്‍ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേര്‍ന്നാണ് നവരസ നിര്‍മ്മിക്കുന്നത്. എ.പി. ഇന്റര്‍നാഷണലും വൈഡ് ആംഗിള്‍ ക്രിയേഷനും നിര്‍മ്മാണ പങ്കാളികളാണ്.
നവരസത്തെ പ്രമേയമാക്കി ഒന്‍പത് ലഘുചിത്രങ്ങള്‍. വ്യത്യസ്തമായ ഒന്‍പത് പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. പട്ടുക്കോട്ടൈ പ്രഭാകര്‍, ശെല്‍വ, മദന്‍ കാര്‍ക്കി, സോമീദരന് എന്നിവരാണ് നവരസയ്ക്കുവേണ്ടി തിരക്കഥകള്‍ എഴുതുന്നത്.
തമിഴ് സിനിമയിലെ പ്രശസ്തരായ സംവിധായകരും താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഇതിനോടൊപ്പം അണിനിരക്കുന്നുണ്ട്.
എടുത്തു പറയേണ്ടത് അരവിന്ദ്സ്വാമിയുടെ സാന്നിദ്ധ്യമാണ്. നവരസ സീരിയസിലെ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് അരവിന്ദ് സ്വാമിയാണ്. ആ സിനിമയുടെ ചിത്രീകരണം നാളെ ചെന്നൈയില്‍ തുടങ്ങും. മൊത്തം ആറ് ദിവസത്തെ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എ.ആര്. റഹ്മാന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ഈ അരവിന്ദ്സ്വാമി ചിത്രത്തിനുവേണ്ടിയാണ്.
ഇതിനോടകം രണ്ട് സിനിമകളുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബറിന് മുമ്പ് ഒന്‍പത് ചിത്രങ്ങളുടെയും ചിത്രീകരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ജനുവരി ആദ്യം നെറ്റ്ഫ്ളിക്സിന്റെ ഒ.ടി.ടി. ഫ്ളാറ്റ്ഫോം വഴിയാണ് നവരസ പ്രദര്‍ശനത്തിന് എത്തുന്നത്.
നവരസയുടെ നിര്‍മ്മാതാവാണെങ്കിലും മണിരത്നം സംവിധായകനാകുന്നില്ല. പകരം ആ ചുമതല തമിഴ് സിനിമയിലെ പ്രശസ്തരായ ഒന്‍പത് പേരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അരവിന്ദ്സ്വാമിയെ കൂടാതെ കെ.വി. ആനന്ദനും, ഗൗതം മേനോനും കാത്തിക് നരേനും കാര്‍ത്തിക് സുബ്ബരാജും ബിജോയ് നമ്പ്യാരും രതീന്ദ്രന്‍ ആര്. പ്രസാദും പൊന്‍ റാമും ഹലിത ഷമീമുമാണ് സംവിധായകര്‍.
സൂര്യ, വിജയ് സേതുപതി, പ്രകാശ്രാജ്, അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ്, പ്രസന്ന, ശരവണന്, ഗൗതം കാര്‍ത്തിക്, വിക്രാന്ത്, അളകം പെരുമാള്‍, വിധു, ശ്രീറാം, സനന്ദ്, രമേഷ് തിലക്, റോബോ ശങ്കര്‍ എന്നിവര്‍ നായകനിരയിലും രേവതി, നിത്യമേനന്, പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, പൂര്‍ണ്ണ, ഋത്വിക എന്നിവര്‍ നായികനിരയിലും ഉണ്ടാകും.
കോവിഡിനെത്തുടര്‍ന്ന് സിനിമാമേഖല ഒന്നടങ്കം നിശ്ചലമായപ്പോള്‍ സിനിമയില്‍ പണിയെടുത്തിരുന്ന ആയിരക്കണക്കിനായ സാധാരണ കുടുംബങ്ങളെയാണ് അത് സാരമായി ബാധിച്ചത്. അവരെ സഹായിക്കുന്നതിനുവേണ്ടി നവരസയിലൂടെ സ്വരൂപിക്കുന്ന മുഴുവന്‍ ലാഭവും വിനിയോഗിക്കുമെന്ന് മണിരത്നം പറഞ്ഞു.
ഇങ്ങനെയൊരു ലക്ഷ്യത്തിനുവേണ്ടി തമിഴ് സിനിമ ഒന്നാകെ ഒരുമിക്കുന്നതും ഇതാദ്യമാണ്.
Recent Comments