ടൊവിനോ തോമസിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന 3D ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിന് ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ വിശേഷങ്ങളും സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംവിധായകന് പങ്കുവെച്ചു.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ എത്രത്തോളം പൂര്‍ത്തിയായി?
ടൊവിനോയുടെ ഒഴിച്ച് ബാക്കി എല്ലാവരുടെയും ഡബ്ബിംഗ് കഴിഞ്ഞു. റീ റെക്കോര്‍ഡിങ്ങും നടക്കുന്നുണ്ട്. ഒപ്പം തന്നെ CGI, കളറിങ്ങ്, 3D വര്‍ക്കുകളും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന ലിയോയുടെ അടക്കം കളറിസ്റ്റായ ഗ്ലെന്‍ കാസ്റ്റിന്ഹോയാണ് ഈ ചിത്രത്തിനും കളറിങ്ങ് ചെയ്യുന്നത്. 3D ആയത് കൊണ്ട് തന്നെ പല വര്‍ക്കുകളും സമാന്തരമായിട്ടാണ് നടക്കുന്നത്. രണ്ടായിരത്തോളം VFX ഷോട്ടുകളാണ് ചിത്രത്തിലുള്ളത്. അതുകൊണ്ടാണ് ഇത്രയും നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍ ചിത്രത്തിന് വേണ്ടി വരുന്നത്.
കൃതി ഷെട്ടിയെ കൂടുതലും കണ്ടിരിക്കുന്നത് മോഡേണ്‍ ലുക്കിലാണ് എന്നാല്‍ മലയാളിത്വമുള്ള വേഷത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കണ്ടത്. അന്യ ഭാഷയില്‍ നിന്നുള്ള നടിയെ എങ്ങനെയാണ് ഇത്തരമൊരു വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത്?
സിനിമ പൂര്‍ണ്ണമായും മലയാളിത്വമുള്ളതാണ്. ആ മലയാളിത്വമാണ് കൃതി അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രത്തിനുമുള്ളത്. ആ കഥാപാത്രത്തിന് വേണ്ടിയിരുന്നത് ഇതുവരെ അങ്ങനെ കണ്ടു ശീലിചിട്ടില്ലാത്ത ചെറുപ്പക്കാരിയായിട്ടുള്ള പെണ്‍കുട്ടിയെ ആയിരുന്നു. പിന്നെ മലയാളത്തിന് പുറമെ അന്യ ഭാഷകളിലും അറിയപ്പെടുന്ന ഒരു നടി വേണമെന്നുള്ള ആവശ്യമുണ്ടായിരുന്നു. കൃതിയുടെ ഉപേന എന്ന തെലുങ്ക് സിനിമയില്‍ ഒരു ഗ്രാമീണ പെണ്കുട്ടിയായുള്ള പ്രകടനം കണ്ടിട്ടാണ് ഈ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തത്. മുന്‍പ് പറഞ്ഞ ആവശ്യങ്ങളെല്ലാം ഒത്ത് വന്നത് കൃതിയിലാണ്.
മലയാളത്തിന് വീണ്ടുമൊരു 3D ചിത്രം കൂടി കിട്ടുകയാണ്. പക്ഷേ കുട്ടിച്ചാത്തന് ശേഷം ശ്രദ്ധിക്കപ്പെടുന്ന ഒരു 3D ചിത്രം ഉണ്ടായിട്ടില്ല. അജയന്റെ രണ്ടാം മോഷണത്തിലെ 3D യെ എങ്ങനെ നോക്കി കാണുന്നു?
കണ്ണിലേക്ക് അടിച്ചു കേറുന്ന തരത്തിലുള്ള 3D ഒന്നുമല്ല ചിത്രത്തില്‍ ഉള്ളത് . അത്തരം ഫോഴ്സ്ഡ് ഗിമ്മിക്കുകളൊന്നുമില്ല. വിദേശ ചിത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം അവര്‍ 3D യെ നേരത്തെ പറഞ്ഞത് പോലെയല്ല സമീപിക്കുന്നത്. അതുപോലെ തന്നെ ഈ ചിത്രത്തിലും ക്യാന്വാസിന് ഡെപ്ത്ത് അനുഭവപ്പെടാനും വൈഡ് ഫ്രെയിമുകളില്‍ ഇംപാക്ട് കിട്ടാനുമൊക്കെയാണ് 3D യുടെ സാധ്യതകളെ ഉപയോഗിച്ചിരിക്കുന്നത്. ടീസര്‍ ചെയ്തപ്പോള്‍ ഞങ്ങള്‍ പോലും വിചാരിക്കാത്ത തലത്തിലേക്ക് ചിത്രം വളരുന്നത് കാണാന്‍ സാധിച്ചു. ഒരു സംവിധായകന് എന്ന നിലയ്ക്ക് ഞാന്‍ പോലും ഞെട്ടി പോയി.
3D ഷൂട്ട് ചെയ്യാനുള്ള മുന്‍ കരുതലുകള്‍ എടുത്തിരുന്നോ?
ഷോട്ട് ഡിവിഷനെല്ലാം 3D മനസ്സില്‍ കണ്ടാണ് ചെയ്യുക. 3D ആയത് കാരണം ചില ഷോട്ടുകളൊന്നും സാധാരണ പോലെ എടുക്കാന്‍ പറ്റില്ല, അതിന്റെ ഗൈഡന്‍സ് എല്ലാം സ്റ്റീരിയോഗ്രാഫര്‍ മുമ്പ് തന്നെ തന്നിട്ടുണ്ടായിരുന്നു. വിക്രാന്ത് റോണ കണ്ടപ്പോഴാണ് 3D യുടെ സാധ്യതകള്‍ ഇനിയും ആരായാനുണ്ട് എന്ന് തോന്നിയത്. 3D ക്ക് വേണ്ടി മാത്രം ചിലാവാക്കുന്ന പണം കൊണ്ട് വെറൊരു ചിത്രം മലയാളത്തില്‍ ചെയ്യാന്‍ കഴിയും. അതുകൊണ്ടാണ് മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടാകാത്തത്. 3D ചെയ്യുന്ന കമ്പനിയുമായി അസോസിയേറ്റ് ചെയ്താണ് വര്‍ക്കുകള്‍ ചെയ്യുന്നത്. അവരും ചിത്രത്തിന്റെ കണ്ടന്റിലുള്ള വിശ്വാസത്തിലാണ് ARMലേക്ക് വന്നത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ആദ്യ സിനിമയിലെത്തിക്കുന്നത്. ആദ്യ സിനിമയെ കുറിച്ചുളള കാഴ്ചപ്പാടുകള്‍ എന്തെല്ലാമായിരുന്നു?
മ്യൂസിക്ക് വീഡിയോസും ആഡ്സുമാണ് ഇതിന് മുമ്പ് ഞാന്‍ ചെയ്തിട്ടുള്ളത്. ഫിലിം സ്കൂള്‍ പ്രോഡക്ട് അല്ലാത്തത് കാരണം സിനിമ കണ്ടാണ് സിനിമ പഠിച്ചത്. ആറ് വര്‍ഷം ഈ സിനിമയുടെ പിന്നണിലായിരുന്നത് കൊണ്ട് സിനിമയുടെ മുക്കും മൂലയും കുറിച്ചും കാഴ്ചപ്പാടുകളുണ്ട്. മനസ്സിലെ വിഷ്വല്‍ ബാക്കിയുള്ളവരെ പറഞ്ഞ് ബോധിപ്പിക്കുന്നത് എല്ലാ നവാഗത സംവിധായകരുടെയും പ്രശ്നമാണ്. നീണ്ട പ്രീ പ്രൊഡക്ഷനില്‍ ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡ് ഉണ്ടാക്കിയാണ് ഞാന്‍ ആ പ്രശ്നത്തെ മറികടന്നത് .അതുപോലെ പ്രധാന സീനുകള്‍ അനിമേഷന്‍ ഫിലിം പോലെ 3D പ്രീ വിഷ്വലൈസും ചെയ്തു. അതു കാരണം ബാക്കിയുള്ളവരോട് പറഞ്ഞ് കൊടുക്കാന്‍ വളരെ എളുപ്പമായിരുന്നു.
ഹോളിവുഡ് ചിത്രങ്ങളില്‍ സ്റ്റുഡിയോ പ്രീവിഷ്വലൈസ് ചെയ്യുകയും ഡയറക്ടര്‍ ഷൂട്ട് ചെയ്യുകയുമാണ്. ഞാനും ആ ഒരു മാതൃക പിന്തുടരാനാണ് നോക്കിയത്. എന്തിരനിലെല്ലാം ശങ്കര്‍ സാറും ഇതുപോലെ ചെയ്തിട്ടുണ്ട്.
ഗോദ, മൊയ്തീന് തുടങ്ങി ടൊവിനോ എന്ന നടന്റെ എല്ലാ നാഴിക കല്ലിലും ജിതിന് കൂടെയുണ്ട്. ഇപ്പോള്‍ സൂപ്പര്‍ താരവുമാണ്. ടൊവിനോ എന്ന നടന് എങ്ങനെയാണ് മൂന്ന് കഥാപാത്രമായി ഇവോള്‍വ് ചെയ്തത്?
ടൊവിനോയും ഞാനും സുഹൃത്തുക്കളാണ്, ഒരുമിച്ച് ഒരു റെസ്റ്റോറന്റ് ബിസിനസ്സ് നടത്തുന്നുണ്ട്. ഞാന്‍ ടൊവിനോയെ പരിചയപ്പെടുന്നത് കൂതറയുടെ ലൊക്കേഷനില്‍ വെച്ചാണ്. അതിനൊടൊപ്പം തന്നെ സ്റ്റാറിങ്ങ് പൗര്‍ണമി എന്ന നിന്നു പോയ ചിത്രത്തിലും ടൊവിനോ ഉണ്ടായിരുന്നു. അന്നുമുതലെ ഞങ്ങള്‍ കണക്റ്റഡായിരുന്നു. പിന്നെ മൊയ്തീനും ഗോദയും സംഭവിച്ചു. ടൊവിയുടെ തുടക്ക കാലം മുതല്‍ ഇപ്പോഴുള്ള സ്റ്റാര്‍ ടൊവിനോയെ വരെ ഞാന്‍ കണ്ടതാണ്. അതുകൊണ്ട് അവന്റെ മാനറിസങ്ങളും ശൈലിയുമെല്ലാം അറിയാം. ഈ സിനിമയിലെ മൂന്ന് കഥാപാത്രങ്ങളിലും ടൊവി മുമ്പ് ചെയ്ത ക്യാരക്ടറുകളുടെ സാമ്യം വരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഷൂട്ട് ചെയ്യുമ്പോള്‍ സാമ്യം തോന്നിയാല്‍ മാറ്റുമാഇകുന്നു. മൂന്ന് കഥാപാത്രങ്ങളും ചെയ്യുമ്പോള്‍ മൂന്നായി തന്നെ ഇരിക്കണമെന്നായിരുന്നു ഞങ്ങള്‍ രണ്ടു പേരുടെയും നിര്‍ബന്ധം. പ്രേക്ഷകരിലേക്ക് ചിത്രം എത്തുമ്പോള്‍ അവര്‍ക്കും അത് ഫീല്‍ ചെയ്യും. ഒരു ആക്ടിങ്ങ് വര്‍ക്ക് ഷോപ്പും ഞങ്ങള്‍ നടത്തിയിരുന്നു.
ബേസില്‍ ജോസഫിന്റെ കളരിയില്‍ നിന്നാണ് ജിതിന് ലാല്‍ എന്ന സംവിധായകന്. ബേസില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ആശാനെ സംവിധാനം ചെയ്തപ്പോള്‍ എങ്ങനെയിരുന്നു?
ബേസില്‍ ചേട്ടന്റെ കൂടെ ഷോര്‍ട്ട് ഫിലിം മുതല്‍ വര്‍ക്ക് ചെയ്ത എക്സ്പീരിയന്‍സുണ്ട്. സംവിധാനം എന്ന് പറഞ്ഞ പരിപാടിയിലേക്ക് സിങ്ക് ആയി കഴിഞ്ഞാല്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ട് പെര്‍ഫോം ചെയ്യിപ്പിക്കുക എന്ന പരിപാടിയെ ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാം കൂളായിരുന്നു. കഥാപാത്രത്തിന് ഇതാണ് വേണ്ടത് എന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതാണ് വേണ്ടത്. ഇത് പീരിയഡ് ഫിലിമായത് കാരണം ബേസില്‍ ചേട്ടനെ ഒരു വ്യത്യസ്തമായ ലുക്കാണ് കൊടുത്തിരിക്കുന്നത്. ബേസില്‍ ചേട്ടന്റെ ഒരു ഗസ്റ്റ് റോളല്ല. ഒരു 40 ദിവസങ്ങളോളം ബേസില്‍ ചേട്ടനെ ഷൂട്ട് ചെയ്തിട്ടുണ്ട്.
പാന്‍ ഇന്ത്യന്‍ റിലീസാണ് ചിത്രത്തിനുള്ളത്. ഏതു തരം പ്രേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്?
ഞങ്ങളായിട്ട് പാന്‍ ഇന്ത്യന്‍ എന്ന രീതിയില്‍ ലേബല്‍ ചെയ്യില്ല. ഇതിന്റെ സബ്ജറ്റ് എന്ന് പറയുന്നത് ഒരു ഗ്ലോബല്‍ കണ്ടന്റാണ്. അപ്പോള്‍ പാന്‍ ഇന്ത്യന്‍ എന്ന രീതിയില്‍ ഇന്ത്യയില്‍ മാത്രം ലിമിറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഫോറിനേഴ്സിനും ഒരുപോലെ ഇഷ്ടപ്പെടുന്ന എന്നാല്‍ വളരെ റൂട്ടടായിട്ടുള്ള ഗ്രാമീണത്വമുള്ള പടമായിരിക്കും. വലിയ വീര വാദങ്ങളോ, ഓവര്‍ ഹൈപ്പൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല, ഒരു അമര്‍ ചിത്രകഥയുടെ ഫീലായിരിക്കും ചിത്രത്തിനുള്ളത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എടുത്ത് കളയാം എന്ന രീതിയില്‍ തുടങ്ങിയതല്ല. 6 വര്‍ഷം മുമ്പ് ഒരു ചെറിയ ചിത്രമായാണ് പ്ലാന്‍ ചെയ്ത് തുടങ്ങിയതാണ്, പിന്നീട് വര്‍ക്ക് ചെയ്ത് വന്നപ്പോള്‍ വലുതായി പോയതാണ്.
ജോമോന് ടി ജോണ്‍ എന്ന ക്യാമറമാനെ കുറിച്ച്?
എന്ന് നിന്റെ മൊയ്തീന് സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. കഥ കേട്ട ഞാന്‍ ആദ്യം പറഞ്ഞത് ഇതൊക്കെ ഷൂട്ട് ചെയ്യാന്‍ മിനിമം ഒരു ജോമോന് ചേട്ടനെങ്കിലും വേണമെന്നായിരുന്നു. അന്ന് പക്ഷേ ജോമോന് ചേട്ടന് ബോളിവുഡിലായിരുന്നു. പിന്നീട് പലരെയും നോക്കി. പക്ഷേ ഇത്രയും ഡേറ്റ് വരുന്നത് കാരണം പലര്‍ക്കും കമ്മിറ്റ് ചെയ്യാന്‍ പറ്റിയില്ല. അങ്ങനെ എന്തൊ ദൈവനിശ്ചയം പോലെ പടം തുടങ്ങാന്‍ 5 മാസം മുമ്പുള്ളപ്പോഴാണ് ജോമോന് ചേട്ടനെ തന്നെ ഞങ്ങള്‍ ഉറപ്പിച്ചത്. അങ്ങനെ എല്ലാം ആഗ്രഹം പോലെ നടന്നു.
മണിയന്, അജയന്, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാജിക് ഫ്രെയിംസ്, യു ജി എം മോഷന്‍ പിക്ചേര്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന് സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Recent Comments