പ്രശസ്ത കലാസംവിധായകനും ഗ്രാഫിക് ഡിസൈനറുമായ സാബു പ്രവദാസ് നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ കാര്‍ അപകടം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ഭൗതിക ശരീരം സ്വദേശമായ എറണാകുളത്ത് കൊണ്ടുവരും. സംസ്കാരച്ചടങ്ങുകള്‍ നാളെ നടക്കും.
സംവിധായകന് ജോഷി ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് സാബു ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ജോഷിയുടെ ടൈഗര്‍ സലിം മുതല്‍ കലാസംവിധായകനായി ഒപ്പമുണ്ടായിരുന്നു. റണ്‍ ബേബി റണ്ണിലാണ് ഇരുവരും ഏറ്റവും ഒടുവിലായി ഒന്നിച്ചത്. വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം എന്നിവ മറ്റ് ചിത്രങ്ങളാണ്. രാജാവിന്റെ മകന്, മനു അങ്കിള്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെയും കലാസംവിധായകനാണ് സാബു പ്രവദാസ്. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന അവാര്‍ഡും സാബുവിനെ തേടിയെത്തിയിരുന്നു. ഐ.എഫ്.എഫ്.കെ അടക്കമുള്ള ചലച്ചിത്ര മേളകളുടെ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയുടെ പ്രധാന ഡിസൈനറായി പ്രവര്‍ത്തിച്ചു വരുന്നതിനിടയിലായിരുന്നു അപകടം. ഫെഫ്ക ആര്‍ട്ട് ഡയറക്ടേഴ്സ് യൂണിയന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഷേര്‍ലിയാണ് ഭാര്യ. അശ്വിന് സാബു ഏക മകനുമാണ്.
Recent Comments