അരുണ്‍ വിജയ്യെ നായകനാക്കി എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അച്ചം എന്‍പത് ഇല്ലയേ’. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ‘മിഷന് ചാപ്റ്റര്‍ 1’ എന്ന പേരിലാണ് പുറത്തിറക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ലൈക്കാ പ്രൊഡക്ഷന്‍സ്. പൊന്നിയിന്‍ സെല്‍വത്തിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ ലൈക്കാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് മിഷന് ചാപ്പ്റ്റര്‍ 1.
കഴിഞ്ഞ ദിവസങ്ങളില്‍ ലൈക്കാ പ്രൊഡക്ഷന്‍ ടീം ചിത്രം കണ്ടിരുന്നു. അതിനുശേഷമാണ് ചിത്രം ഏറ്റെടുക്കാനുള്ള തീരുമാനത്തിലേയ്ക്ക് ലൈക്കാ പ്രൊഡക്ഷന്റെ സാരഥി സുഭാസ്കരന്‍ എത്തിച്ചേരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍, ഓഡിയോ, തീയേറ്റര്‍ റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
ചെന്നൈയിലും ലണ്ടനിലുമായി എഴുപത് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ലണ്ടന്‍ ജയിലിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ സെറ്റ് കലാസംവിധായകന്‍ ശരവണ്‍ വസന്ത് ചെന്നൈയില്‍ നിര്‍മ്മിച്ചിരുന്നു. ഈ സെറ്റില്‍വച്ചാണ് പ്രധാന ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍.
അരുണ്‍ വിജയ്ക്കൊപ്പം എമി ജാക്സണും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു ജയില്‍ വാര്‍ഡന്റെ വേഷത്തിലാണ് എമി എത്തുന്നത്. മലയാളിതാരം നിമിഷ വിജയനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കാസ്റ്റിംഗ്. അഭി ഹസന്, ഭരത് ബോപ്പണ്ണ, ബേബി ഇയാല്‍, വിരാജ് എസ്., ജേസന്‍ ഷാ എന്നിവരാണ് മറ്റ് താരനിരക്കാര്‍.
മഹാദേവിന്റെ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണം എഴുതുന്നത് സംവിധായകന് കൂടിയായ വിജയ് ആണ്. ജി.വി. പ്രകാശാണ് സംഗീതസംവിധായകന്. സന്ദീപ് കെ. വിജയ് ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ആന്റണിയാണ്. പി.ആര്.ഒ. ശബരി.
Recent Comments