താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. അമ്മയുടെ ആദ്യ സംരംഭമായ ട്വന്റിട്വന്റി നിര്‍മ്മിച്ചത് നടന് ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് ഫിലിംസായിരുന്നു. അന്ന് ഒരു കോടി രൂപയായിരുന്നു ഗ്രാന്റ് ഫിലിംസ് അമ്മയ്ക്ക് നല്‍കിയിരുന്നത്. സിനിമ സൂപ്പര്‍ഹിറ്റ് ആയതോടെ (10 കോടിയുടെ ലാഭമാണ് ആ സിനിമ നേടിയത്) 25 ലക്ഷം രൂപ കൂടി ദിലീപ് അമ്മയ്ക്ക് കൈമാറിയിരുന്നു.
ഇത്തവണ ആശിര്‍വാദ് സിനിമാസ് 15 കോടി അമ്മയ്ക്ക് നല്‍കുന്നുവെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും അമ്മയും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. പക്ഷേ ചര്‍ച്ചകള്‍ ആ നിലയ്ക്കാണ് പുരോഗമിക്കുന്നത്. ഇതാദ്യമായി അമ്മയ്ക്ക് പുറത്തുള്ള ഒരംഗം അമ്മയുടെ ചിത്രം നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്.
ട്വന്റിട്വന്റിയില്നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തില്‍ അഭിനയിക്കുന്ന എല്ലാ അഭിനേതാക്കള്‍ക്കും പ്രതിഫലം നല്‍കുന്നുണ്ട്. ഇപ്പോള്‍ താരങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഫലത്തിന്റെ 20 മുതല്‍ 25 ശതമാനം വരെയുള്ള അനുപാതത്തിലാണ് പ്രതിഫലം നല്‍കുക. ഏതെങ്കിലും താരങ്ങള്‍ അത് വേണ്ടെന്നുവച്ചാല്‍ ആ തുകകൂടി അമ്മയുടെ ഫണ്ടിലേയ്ക്ക് സ്വരൂപിക്കപ്പെടും.
ടി.കെ. രാജീവ്കുമാറാണ് അമ്മയുടെ രണ്ടാമത്തെ പ്രോജക്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യാനിരുന്നത്. ഒരു ആന്തോളജി സിനിമയായിരുന്നു ടി.കെ. രാജീവ്കുമാറിന്റെ മനസ്സില്‍. നാല് വ്യത്യസ്ത സിനിമകള്‍ ചേര്‍ന്ന ഒരു സിനിമ. പക്ഷേ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തതോടെ മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നുവെന്ന് അറിയുന്നു. അതിനുശേഷം ആന്തോളജി എന്നുള്ളത് ആദ്യാന്തമുള്ള ഒരൊറ്റ സിനിമയായി മാറി. സംവിധായകനും മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. ടി.കെ. രാജീവ്കുമാര്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ ചുമതലയിലേയ്ക്ക് മാറിയപ്പോള്‍ സംവിധായകനായി പ്രിയദര്‍ശനും എത്തുകയായിരുന്നു.
അമ്മയിലെ നൂറ്റിനാല്പ്പതോളം താരങ്ങള്‍ ഈ ചിത്രത്തിന്റെ അണിയറയിലുണ്ടാവും. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കൂടാതെ കേന്ദ്രകഥാപാത്രങ്ങളായി വേറെ പല താരങ്ങളും അഭിനയിക്കുന്നുണ്ട്. പ്രിയനും ടി.കെ. രാജീവ്കുമാറും ആന്റണിയും കൂടിയിരിക്കുന്ന അടുത്ത മീറ്റിംഗില്‍ അതിന് വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Recent Comments