തമിഴ് താരങ്ങളായ കീര്‍ത്തി പാണ്ഡ്യനും അശോക് സെല്‍വനും തമ്മിലുള്ള വിവാഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞത്. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന വിവരം വിവാഹത്തിന് മുമ്പ് സിനിമ ലോകം അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തങ്ങളുടെ 10 വര്‍ഷക്കാലം നീണ്ടു നിന്ന പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികള്‍.
കീര്‍ത്തിയും അശോക് സെല്‍വനും ഒന്നിച്ച് അഭിനയിച്ച ബ്ലൂസ്റ്റാര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്വെച്ചാകും ഈ പ്രണയം സംഭവിച്ചതെന്നാണ് പലരും കരുതിയത്. 2013-ല്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കീര്‍ത്തിയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ നടത്തിയ ആഘോഷത്തില്‍ വെച്ച് സാരിയുടുത്ത് മുല്ലപ്പൂ ചൂടി നില്ക്കുന്ന കീര്‍ത്തിയെ കണ്ടപ്പോള്‍ തന്നെ പ്രണയം തോന്നിയെന്ന് അശോക് പറയുന്നു. കണ്ടുമടുത്ത സീനാണെങ്കിലും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഇന്നും നിഷേധിക്കാന്‍ പറ്റാത്ത യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നു.
കീര്‍ത്തിയുടെ നമ്പര്‍ എങ്ങനെയെങ്കിലും സംഘടിപ്പിക്കാനാണ് പിന്നീട് അശോക് ശ്രമിച്ചത്. ഫോണ്‍ കാണുന്നില്ലെന്നും, ഒന്ന് മിസ്സ് കോള്‍ അടിക്കാന്‍ ഫോണ്‍ തരുമോ എന്ന് കീര്‍ത്തിയോട് ചോദിച്ച് അശോക് ഫോണ്‍ വാങ്ങി. അതില്‍ നമ്പര്‍ ഡയല് ചെയ്തിട്ട് മിസ്ഡ് കോള്‍ കൊടുത്തു. ഫോണ്‍ തിരിച്ചുനല്കുമ്പോള് ഇതാണ് എന്റെ നമ്പര്‍ എന്നും അശോക് പറഞ്ഞു. ഫോണ്‍ നമ്പര്‍ തന്ത്രപൂര്‍വം കൈപ്പറ്റാന്‍ ഇന്നും ഉപയോഗിക്കാന്‍ കൊള്ളാവുന്ന വിദ്യയാണിത്.
‘സാധാരണ ഗതിയില്‍ തന്റെ പ്രൈവസിയിലേക്ക് ആരെങ്കിലും ഇതുപോലെ ഇടിച്ചു കയറിയാല്‍ എനിക്ക് ദേഷ്യം വരും. പക്ഷെ അന്ന് എന്തോ അശോകിനോട് ഞാന്‍ ദേഷ്യപ്പെട്ടില്ല. അച്ഛന്റെ ബിസിനസ് ഏറ്റെടുത്ത് ഞാന്‍ ഡിസ്ട്രിബ്യൂഷന്‍ നടത്തുന്ന കാലമായിരുന്നു. അശോക് ആദ്യമായി അഭിനയിച്ച സിനിമ ഞാനാണ് ഡിസ്ട്രിബ്യൂട്ട് ചെയ്തിരുന്നത്. അതിന് ശേഷം പല സിനിമകളും ഡിസ്ട്രിബ്യൂഷന്‍ എടുത്തിരുന്നു. അതിനെ കുറിച്ചൊക്കെ വളരെ ഒഫീഷ്യലായിട്ടാണ് സംസാരിച്ചത്. തുടക്കത്തിലുള്ള മെസേജുകളും ഒഫീഷ്യലായിരുന്നു. പരിചയപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷണാണ് ഞങ്ങള്‍ ഡേറ്റിങ് ചെയ്യാന്‍ തുടങ്ങിയത്’ കീര്‍ത്തി പറഞ്ഞു.
പരിചയത്തിലായ കാലം മുതല്‍ പരസ്പരം ഇഷ്ടമാണെന്ന് രണ്ടുപേര്‍ക്കും തോന്നിയിരുന്നു. കടല്‍ കീര്‍ത്തിക്ക് വളരെ ഇഷ്ടമാണെന്ന കാര്യം അശോകിനറിയാമായിരുന്നു. പിറന്നാള്‍ ദിവസം കീര്‍ത്തിയെ ആന്‍ഡമാനില്‍ ട്രിപ്പിന് കൊണ്ടുപോയി. സ്കൂബ ഡൈവിങും അണ്ടര്‍ വാട്ടര്‍ എക്സ്പീരിയന്‍സുമെല്ലാം കഴിഞ്ഞതിന് ശേഷമാണ് അശോക് ഇഷ്ടം പറഞ്ഞത്. വിരലില്‍ മോതിരം അണിയിച്ചായിരുന്നു പ്രൊപ്പോസ് ചെയ്തത്. അന്ന് ഇരുവരും സന്തോഷം കൊണ്ട് കരഞ്ഞു പോയി. മോതിരത്തിന്റെ പ്രസക്തി ശാകുന്തളം മുതല്‍ ഇന്നോളം നഷ്ടപ്പെട്ടിട്ടില്ല.
അടുത്ത സുഹൃത്തുക്കള്‍ക്കുപോലും ഇരുവരുടേയും ബന്ധത്തെ കുറിച്ച് അറിവില്ലായിരുന്നു. വളരെ ക്ലോസ് ആയ രണ്ട് സുഹൃത്തുക്കള്‍ക്ക് മാത്രം അറിയാവുന്ന രഹസ്യം. പ്രണയങ്ങളില്‍ പാരകളാകുന്ന അനാവിശ്യ സുഹൃത്തുക്കളെ മാറ്റി നിര്‍ത്തുന്നതിലും ഈ ദമ്പതികള്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.
സുഹൃത്ത് എന്ന നിലയില്‍ അശോകിന്റെ വീട്ടില്‍ കീര്‍ത്തി വരുമായിരുന്നു. അശോകിന്റെ അമ്മയ്ക്ക് കീര്‍ത്തിയെ ഒരുപാട് ഇഷ്ടവുമായിരുന്നു. കീര്‍ത്തിയെയാണ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്ന് അറിഞ്ഞപ്പോള്‍ അമ്മയ്ക്ക് സന്തോഷമായെന്നും പ്രൊപ്പോസലിന് ഒരാഴ്ച്ച മുമ്പേ പ്രണയത്തിലാണെന്ന കാര്യം വീട്ടില്‍ പറഞ്ഞിരുന്നുവെന്നും അശോക് പറയുന്നു.
എന്നാല്‍ കീര്‍ത്തി വീട്ടില്‍ പിന്നീടാണ് കാര്യങ്ങള്‍ പറഞ്ഞത്. അതുവരെ മോതിരം മറച്ചുവെച്ചു. പിറന്നാള്‍ കഴിഞ്ഞിട്ടുള്ള ഡിന്നര്‍ പാര്‍ട്ടിയില്‍വെച്ച് കീര്‍ത്തി അശോകിനെ ഇഷ്ടമാണെന്ന് വീട്ടില്‍ തുറന്നുപറയുകയായിരുന്നു. തമിഴില്‍ വില്ലനായും സഹനടനായും സജീവമായിരുന്ന നടന് അരുണ്‍ പാണ്ഡ്യന്റെ മൂന്ന് പെണ്ക്കളില് ഒരാളാണ് കീര്‍ത്തി പാണ്ഡ്യന്.
പ്രേമിക്കുന്നവര്‍ക്കും പ്രേമിക്കാനിരിക്കുന്നവര്ക്കും ഒരു പാഠപുസ്തകമാണ് ഇരുവരുടെയും പ്രണയ കഥ. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ചിട്ടയോടെ സമീപിച്ചാല്‍ പ്രണയസാഫല്യം അകലെ അല്ല എന്ന് അശോക് – കീര്‍ത്തി ദമ്പതികള്‍ ഓര്‍മ്മിപ്പിക്കുന്നു.
Recent Comments