ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉപയോഗിച്ചിരുന്നു. പ്രത്യേക വൈദഗ്ധ്യം നേടിയവരാണ് അഷ്ടബന്ധം നിര്‍മിക്കുന്നത്. ഓരോ പന്ത്രണ്ടു വര്‍ഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ വീണ്ടും ഉറപ്പിക്കാറുണ്ട്.
അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാണ്. അഷ്ടം എന്ന വാക്കിന് എട്ട് എന്നും, ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക എന്നുമാണ് അര്‍ത്ഥം. അഷ്ടബന്ധം എന്നാല്‍ എട്ടു വസ്തുകള്‍ ചേര്‍ത്ത് ബന്ധിപ്പിക്കുന്നത് എന്ന അര്‍ഥം.
വൃതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നില്‍ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിര്‍മിക്കുവാന്‍ നാല്പത്തൊന്നു ദിവസം ആവശ്യമാണ്. അസംസ്കൃത വസ്തുക്കളായ ശംഖു്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിക്ക, ആറ്റുമണല്‍ (ഭാരത പുഴയില്‍ നിന്നും ശേഖരിച്ചത്), കോഴിപ്പരല് (ഒരുതരം പാറ) എന്നിവ പുളിമരം കൊണ്ട് നിര്‍മിച്ച ചുറ്റിക (ചുറ്റികയ്ക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും) കൊണ്ട് നന്നായി ഇടിച്ചു പൗഡര്‍ രൂപത്തിലുള്ള മിശ്രിതമാക്കുന്നു. ഇതിന് നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമാണ്. ഇങ്ങനെ ലഭിച്ച പൗഡറില്‍ അല്പം എണ്ണ കൂടി ചേര്‍കുമ്പോള്‍ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. അതില്‍ 41 മത്തെ ദിവസം നൂല്പ്പഞ്ഞി കൂടി ചേര്‍ക്കുമ്പോള്‍ അഷ്ടബന്ധം തയ്യാറാകുന്നു.
Recent Comments