സേതു കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷും മാരുതിയും. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 23 ന് മാളയില്‍ തുടങ്ങും. ഒരു കുട്ടനാടന്‍ ബ്ലോഗിനുശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ്. കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂട്ടിയായിരുന്നു നായകന്. ഇത്തവണ സേതുവിന്റെ മഹേഷായി എത്തുന്നത് ആസിഫ് അലിയാണ്. ആസിഫിന്റെ നായിക മംമ്ത മോഹന്‍ദാസുമാണ്.
സത്യന് അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിനുശേഷം ആസിഫും മംമ്തയും വീണ്ടും ഒരുമിക്കുകയാണ്. ഗൗരി എന്നാണ് മംമ്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിലേയ്ക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടിരുന്നത് കല്യാണി പ്രിയദര്‍ശനായിരുന്നു. കഴിഞ്ഞവര്‍ഷം ഷൂട്ട് ചെയ്യാനിരുന്ന സിനിമയാണ്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഷൂട്ടിംഗ് നീണ്ടു. തുടര്‍ന്നുണ്ടായ ഡേറ്റ്ക്ലാഷുകളാണ് മംമ്തയെ ഈ ചിത്രത്തിലേയ്ക്ക് എത്തിച്ചതും. ഇത് സംബന്ധിച്ച കരാറില്‍ മംമ്ത ഒപ്പിട്ടു കഴിഞ്ഞു. ഇപ്പോള്‍ എറണാകുളത്തുള്ള മംമ്ത ജനുവരി 21 ന് അമേരിക്കയിലേയ്ക്ക് പോകും. ഫെബ്രുവരി ആദ്യം തിരിച്ചെത്തും. ഏഴിന് സെറ്റില്‍ ജോയിന്‍ ചെയ്യും. ഫെബ്രുവരി ഒന്നാംതീയതി മുതല്‍ ആസിഫ് അലിയും സെറ്റിലുണ്ടാവും.
മണിയന്‍പിള്ള രാജുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷനോടൊപ്പം വി.എസ്.എല്‍. ഫിലിം ഹൗസും നിര്‍മ്മാണ പങ്കാളിയാണ്. ചിത്രത്തിലെ പത്മനാഭനെന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മണിയന്‍പിള്ള രാജുവാണ്. മഹേഷിന്റെ (ആസിഫ്) അച്ഛനാണ് പത്മനാഭന്.
ഇതൊരു ത്രികോണ പ്രണയകഥയാണ്. ഒരു യുവാവിന് പെണ്‍കുട്ടിയോടും കാറിനോടുമുള്ള പ്രണയം. പെണ്ണും കാറും അത്രമേല്‍ മഹേഷിന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയവരാണ്. മഹേഷ് അവരില്‍ ആരെ സ്വന്തമാക്കുമെന്നാണ് ചിത്രം പറയുന്നത്.
മാരുതികാര്‍ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായതുകൊണ്ടുതന്നെ മാരുതി ഉദ്യോഗും ഈ സിനിമയുടെ ഒഫീഷ്യല്‍ പാര്‍ട്ട്ണറാണ്. ഇതാദ്യമായിട്ടാണ് ഒരു കോര്‍പ്പറേറ്റ് കമ്പനി മലയാളസിനിമയുടെ ഭാഗമാകുന്നത്. ഈ സിനിമയ്ക്കുവേണ്ടി 83 മോഡല്‍ ഒരു പുതുപുത്തന്‍ മാരുതികാര്‍ തന്നെ കമ്പനി സെറ്റ് ചെയ്ത് നല്‍കിയിരുന്നു.
ഷിജു, ജയകൃഷ്ണന്, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഫയിസ് സിദ്ധിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ ത്യാഗുവും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫിയും മേക്കപ്പ് പ്രദീപ് രംഗനും പ്രൊഡക്ഷന്‍ കണ്ട്രോളര് അലക് ഇ. കുര്യനുമാണ്. കേദാറാണ് സംഗീതസംവിധായകന്.
Recent Comments