മഹേഷും മാരുതിയും എഴുതി സംവിധാനം ചെയ്യുന്നത് സേതുവാണെങ്കില്‍ അദ്ദേഹം തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രമാണ് എതിരെ.
മെയ് 5 ന് തുടങ്ങാനിരുന്ന ചിത്രമായിരുന്നു മഹേഷും മാരുതിയും. എന്നാല്‍ എബ്രിഡ് ഷൈനിന്റെ സിനിമ (മഹാവീര്യര്‍) പറഞ്ഞതിലും വൈകുകയും അതിനനുസരിച്ച് ജിസ്ജോയ് ചിത്രത്തിന്റെ ഷൂട്ടിംഗ് റീഷെഡ്യൂളും ചെയ്തതോടെ മഹേഷും മാരുതിയും ഇന്നത്തെ സാഹചര്യത്തില്‍ മെയ് അവാസനത്തോടെ തുടങ്ങാനേ സാധ്യതയുള്ളൂ. കാരണം ഈ മൂന്ന് ചിത്രങ്ങളിലും ആസിഫ് അലി ഉണ്ട്. മഹാവീര്യറില്‍ നിവിന്‍ പോളിയോടൊപ്പം വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ജിസ്ജോയിയുടെയും സേതുവിന്റെയും ചിത്രത്തിലെ നായകനാണ് ആസിഫ് അലി.
പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ജിസ്ജോയ് ചിത്രം ഏപ്രില്‍ 17 ന് എറണാകുളത്ത് തുടങ്ങും. ആസിഫിനോടൊപ്പം ആന്റണി വര്‍ഗ്ഗീസും നിമിഷ സജയനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. 30 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അത് കഴിഞ്ഞാല്‍ ആസിഫ് ജോയിന്‍ ചെയ്യുന്ന ചിത്രമാണ് സേതുവിന്റെ മഹേഷും മാരുതിയും. ആ കണക്കനുസരിച്ച് നോക്കിയാല്‍പോലും മേയ് 17 കഴിഞ്ഞേ മഹേഷും മാരുതിയും തുടങ്ങാനാവൂ. മഹേഷും മാരുതിയിലും ആസിഫ് അലിയുടെ ജോഡി കല്യാണി പ്രിയദര്‍ശനാണ്.
എന്നാല്‍ സേതു തിരക്കഥയും സംഭാഷണവും എഴുതുന്ന എതിരെയുടെ ഷൂട്ടിംഗ് മെയ് 10 ന് ഈരാറ്റുപേട്ടയില്‍ തുടങ്ങും. നവാഗതനായ അമല്‍ കെ. ജോബിയാണ് എതിരെയുടെ സംവിധായകന്. കെ. മധു സംവിധാനം ചെയ്ത ബാങ്കിംഗ് ഹവേഴ്സ് എന്ന ചിത്രത്തിനുവേണ്ടി തിരക്കഥ എഴുതിയത് അമലായിരുന്നു. എതിരെയുടെ കഥയും അമലിന്റേതാണ്. അതിന് തിരക്കഥ എഴുതുന്നത് സേതുവാണെന്നുമാത്രം. റഹ്മാനും ഗോകുല്‍ സുരേഷുമാണ് എതിരെയിലെ പ്രധാന താരനിരക്കാര്‍. നായികയായി നൈല ഉഷയെ നിശ്ചയിച്ചതായിരുന്നെങ്കിലും ഡേറ്റ് ക്ലാഷ് മൂലം അവരെയും മാറ്റുകയാണ്. പുതിയ നായികയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് അമലും കൂട്ടരും. ഒരു മിസ്ട്രി ത്രില്ലറാണ് എതിരെ. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി. പിള്ളയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments