ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഹേഷും മാരുതിയും. മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമാണ് 83 മോഡല്‍ മാരുതി കാര്‍. മഹേഷ് എന്ന യുവാവും തന്റെ ജീവിതത്തിലെ സന്തതസഹചാരിയായ മാരുതി കാറും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സംവിധായകനായ സേതു മഹേഷും മാരുതിയുടെയും ലൊക്കേഷനില്‍ വച്ച് കാന്‍ ചാനലിനോട് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു.
‘സിനിമയില്‍ മാരുതി കാറിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ മാരുതി കമ്പനി ഞങ്ങള്‍ക്ക് വേണ്ടി 1983 മോഡല്‍ കാര്‍ അതേപടി റീസ്റ്റോര്‍ ചെയ്ത് തരികയായിരുന്നു. മാരുതി പോലെ വലിയൊരു കാര്‍ കമ്പനി ആദ്യമായി ഒരു മലയാള സിനിമയുമായി സഹകരിക്കുന്ന ചിത്രം കൂടിയാകും മഹേഷും മാരുതിയും. ചിത്രത്തില്‍ മഹേഷായി വേഷമിടുന്നത് ആസിഫ് അലിയാണ്. മല്ലുസിംഗ്, ഐ ലവ് മി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ കൂടെ ഞാന്‍ ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
ആസിഫുമായി ഒരുപാട് നാളത്തെ ബന്ധമുണ്ട്. എനിക്ക് സഹോദരതുല്യന്‍ ആണ് ആസിഫ്. ഒരിക്കല്‍ മറ്റൊരു സംവിധായകന് വേണ്ടി ആസിഫിന്റെയടുക്കല്‍ ഒരു കഥ പറയുവാന്‍ പോയിരുന്നു. മലയാളത്തിലെ തന്നെ പ്രശസ്തനായ ഒരു സംവിധായകനായിരുന്നു ചിത്രം ചെയ്യേണ്ടിയിരുന്നത്. കഥ പറയുന്ന സമയം ആ സംവിധായകനും മറ്റു ചിലരും എന്നോടൊപ്പമുണ്ടായിരുന്നു. കഥ മുഴുവന്‍ കേട്ട ശേഷം ആസിഫ് തനിക്ക് ഇത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞതിനുശേഷം ആസിഫ് എന്നെ മാത്രം പുറത്തേക്ക് വിളിച്ചുകൊണ്ടുപോയിട്ട് പറഞ്ഞു, ‘ചേട്ടാ, എനിക്കിത് ഇഷ്ടപ്പെട്ടില്ല, സേതുവേട്ടന് ഈ കഥ എഴുതരുത്’. സാധാരണ മറ്റു താരങ്ങള്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളൂ. പക്ഷേ അതില്‍നിന്നും വ്യത്യസ്തനായി ആസിഫ് കാണിച്ച ഒരു വല്യ സവിശേഷതയായി എനിക്ക് ആ സംഭവത്തിലൂടെ തോന്നി. മഹേഷും മാരുതിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചായിരുന്നു സേതു കാന്‍ ചാനലിനോട് ഈ കാര്യം വെളിപ്പെടുത്തിയത്.
Recent Comments