മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ബന്ധുക്കള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയും അനുകൂലമായ ഗൃഹാന്തരീക്ഷവും ഉണ്ടാകും. നെല്‍കൃഷിക്കാര്‍ക്കും, കേരകര്‍ഷകര്‍ക്കും, സര്‍ക്കാരില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കും. ഊഹക്കച്ചവടങ്ങളില്‍ താല്‍പ്പര്യവും ധനലാഭവും ഉണ്ടാകും. പ്രണയവിവാഹത്തിന് അനുകൂലസമയമാണ്. ഭൂമിപരമായ ശത്രുതകള്‍ പരിസരവാസികളില്‍നിന്നും ഉണ്ടാകും. അംഗക്ഷതങ്ങള്ക്കും നേത്രരോഗങ്ങള്‍ക്കും സഹോദരാപത്തുകള്ക്കും ഇടയാകും. ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അഗ്നിഭയവും കള്ളന്മാരില്നിന്നുള്ള ഉപദ്രവവും ശ്രദ്ധിക്കണം. തര്ക്കസംബന്ധമായ നിയമവ്യവഹാരത്തിനുള്ള സാധ്യതയുണ്ടാകും.
ശ്രേയസ്സിനായി ദേശദേവാലയദര്ശനം, വിശ്വാസ ദേവാലയത്തില്‍ യഥായോഗ്യം വഴിപാടുകളും, പ്രാര്‍ത്ഥനകളും നടത്തണം. വിഷ്ണുസഹസ്രനാമജപം, പുരുഷസൂക്തജും ഇവ പതിവായി ചെയ്യുന്നതും ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
ഉന്നതസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാറ്റങ്ങള്‍ വന്നുചേരും. ദൂരയാത്രകള് ചെയ്യേണ്ടതായിവരും. ആരോഗ്യം തൃപ്തികരമാകും. ബന്ധുക്കളോട് കലഹവും വാഗ്ദോഷവും ഉണ്ടാകും. അന്യരില്‍നിന്ന് ചതിവ് പറ്റാതെ ശ്രദ്ധിക്കണം. നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ നേടിയെടുക്കാം. പ്രവൃത്തികളില്‍ അമാന്ദവും അസന്തുഷ്ടിയും അനുഭവപ്പെടും. ശത്രുക്കളുടെ മേല്‍ വിജയവും ഭൗതികകാര്യങ്ങളില്‍ നേട്ടങ്ങളും നിഗൂഢവിദ്യകളില്‍ പഠനം നടത്തുവാനുള്ള അവസരവും ഉണ്ടാകും. സുഹൃത്ത്ബന്ധങ്ങളും ലഹരി ഉപയോഗങ്ങളും കുറയ്ക്കണം. നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ നേടിയെടുക്കാം.
ദോഷശമനത്തിനായി ശാസ്താക്ഷേത്രത്തില്‍ ശംഖാഭിഷേകം, നീരാജനം, ശംഖുപുഷ്പം കൊണ്ടുള്ള അര്‍ച്ചന ഇവ നടത്തുക.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
കുടുംബജീവിതത്തില്‍ തര്‍ക്കവും പൊരുത്തക്കേടുകളും അസ്വാരസ്യവും സാമ്പത്തികക്ലേശങ്ങളും വന്നുചേരാം. ഉത്സാഹരാഹിത്യം, ലക്ഷ്യമില്ലായ്മ, സല്‍ക്കര്‍മ്മങ്ങള്‍ ഫലിക്കാതെ വരിക, മാനസിക അസ്വാസ്ഥ്യം ഇവ അനുഭവപ്പെടും. സഹായികളില്‍നിന്നും, വഞ്ചന വന്നുകൂടാതെ ശ്രദ്ധിക്കണം. പിതൃസ്ഥാനീയര്‍ക്ക് രോഗപീഡകളും ആപത് ഭീതികളും ഉണ്ടാകും. വ്യവഹാരങ്ങള്‍ പരിഹരിക്കപ്പെടാതെ നീണ്ടുപോകും. സഹോദരങ്ങള്‍ക്ക് സാമ്പത്തികമായ നേട്ടം വന്നുചേരും. സന്താനവിഷയത്തില്‍ അഭിവൃദ്ധി ഉണ്ടാകുമെങ്കിലും അവരുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തികം അധികമായി ചെലവഴിക്കേണ്ടതായി വരും. തൊഴിലില്‍ സാമ്പത്തികനേട്ടവും, നിയമ ആനുകൂല്യവും ലഭിക്കും.
ഐശ്വര്യവര്‍ദ്ധനയ്ക്കായി ശാസ്താഭജനം നടത്തുകയും ശനിവാരവ്രതം അനുഷ്ഠിക്കുകയും ഭവനത്തില്‍ എള്ളെണ്ണ ഒഴിച്ച് ദീപം തെളിച്ച് പ്രാര്‍ത്ഥിക്കുകയും വേണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ഭാര്യാകുടുംബത്തില്നിന്നും ധനസഹായം ലഭിക്കും. പിണങ്ങിനിന്നിരുന്ന ദമ്പതിമാര്‍ യോജിപ്പിലെത്തും. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം തിരികെ ലഭിക്കും. കടബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള സാഹചര്യം വന്നുചേരും. നേത്രരോഗം, ത്വക്രോഗം, നാഡീഞരമ്പുകള്ക്കുള്ള രോഗങ്ങള്‍ ഇവ വന്നുകൂടാന്‍ സാധ്യതയുണ്ട്. ആയോധനകലകളുമായി ബന്ധപ്പെട്ടവര്‍ക്ക് തന്റെ പ്രവൃത്തിമേഖലകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ വന്നുചേരും. വീഴ്ചകളോ, വാഹനാപകടങ്ങളോ, വൃക്ഷാദികളില്നിന്നുള്ള ആപത്തുകളോ ഉണ്ടാകാതെ ശ്രദ്ധിക്കണം. പിതൃകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരും.
വിഷ്ണുസഹസ്രനാമജപം, വിഷ്ണുക്ഷേത്രഭജനം, സഹസ്രനാമപുഷ്പാഞ്ജലി ഇവ പതിവായി ചെയ്യുന്നത് ഉത്തമമായിരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
കോടതി വ്യവഹാരങ്ങള്‍ അനുകൂലമായിത്തീരുന്നതാണ്. കായികരംഗങ്ങളില് പ്രവര്‍ത്തിക്കുന്നവര്‍ക്കും സേനാവിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍മേഖലയില്‍ സ്ഥാനമാനങ്ങള്‍ക്ക് അവകാശം കാണുന്നു. അധികാരസ്ഥാനത്തുള്ളവര്‍ക്ക് സ്ഥാനമാറ്റം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് രോഗപീഡകളും വിദ്യാഭ്യാസത്തിനും തൊഴിലിനും വിവാഹകാര്യങ്ങള്‍ക്കും ചില്ലറ തടസ്സങ്ങളും നേരിടും. വിവാഹബന്ധം ശിഥിലമാകുകയും കോടതി വ്യവഹാരങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മാനസികമായ രോഗങ്ങള്‍ക്കും ഭയഭീതികള്ക്കും ഇടയാകും. കുടുംബത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും, കുടുംബജനങ്ങളില്‍ അന്തഃഛിദ്രങ്ങള്‍ക്ക് കാരണം വന്നുകൂടും.
സുബ്രഹ്മണ്യസ്വാമീക്ഷേത്രദര്ശനം, ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ഉടയാട എന്നിവയും, ശാക്തേയ മൂര്ത്തീക്ഷേത്രങ്ങളില് വിളക്കും നടത്തുന്നത് ഐശ്വര്യപ്രദമാകും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
സഹോദരങ്ങളില്‍നിന്ന് അപ്രതീക്ഷിതമായ സഹായങ്ങള്‍ ലഭിക്കും. നാല്ക്കാലിവ്യാപാരം ചെയ്യുന്നവരും വസ്ത്രവ്യാപാരികളളും സാമ്പത്തിക നഷ്ടങ്ങള്‍ വന്നുചേരാം. ക്രയവിക്രയങ്ങളിലും ബിസിനസ്സിലും അത്ര ഗുണം കണ്ടുവെന്ന് വരില്ല. അനാവശ്യ വ്യവഹാരങ്ങളില്‍ ചെന്നുപെടാം. മാതൃസ്ഥാനീയര്‍ക്ക് രോഗപീഡകളും, ശസ്ത്രക്രിയാദികളെക്കൊണ്ട് ക്ലേശങ്ങളും വാഗ്ദോഷങ്ങളും സംഭവിക്കാം. ഭൂമിപരമായ ശത്രുതകള്‍ പരിസരവാസികളില്‍നിന്ന് നേരിടും. പ്രമേഹരോഗികളും അര്‍ശസ്സ് പോലുള്ള ഉദരരോഗങ്ങള്‍ അനുഭവിക്കുന്നവരും കൂടുതല്‍ ശ്രദ്ധിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ തടസ്സങ്ങളും അനാവശ്യസാമ്പത്തികബാദ്ധ്യതകളും വന്നുചേരും.
ഗണപതിഹോമം, ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, ദുര്ഗ്ഗാസപ്തശതീജപം എന്നിവ ആപത്നിവൃത്തിക്കായി നടത്തേണ്ടതാണ്.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
വിദ്യാഭ്യാസത്തിനായി വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അത് സഫലീകൃതമാകും. കുടുംബഭൂമി സംബന്ധമായ രേഖാകരണങ്ങളില് തീരുമാനമുണ്ടാകും. മാതൃജനങ്ങളുടെ രോഗദുരിതങ്ങള്ക്ക് ശമനംവരും. പിതൃസ്ഥാനീയര്‍ക്ക് നാഡീസംബന്ധമായും, അസ്ഥിസംബന്ധമായും, സ്തംഭിതമായും ഉള്ള രോഗങ്ങള്‍ക്ക് കാരണമാകും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും, അധികമായ ചെലവ് വന്നുകൂടും. സ്ത്രീജനങ്ങള്‍ക്ക് ഏറെ ഗുണകരമായ ദിവസങ്ങളാണ്. പത്രം, കോടതി, റവന്യു ഡിപ്പാര്‍ട്ട്മെന്റ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. ഭൂമിവിഷയങ്ങളില്‍ ചില്ലറ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും.
കൃഷ്ണസ്വാമീക്ഷേത്രദര്ശനം, നരസിംഹമൂര്ത്തീക്ഷേത്രദര്ശനം ഇവയും വിഷ്ണുസഹസ്രനാമജപവും പതിവായി ചെയ്യുന്നത് ഉചിതമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
ഗവണ്മെന്റ് ജോലി പ്രതീക്ഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മതിയും സ്ഥാനമാനങ്ങളും ലഭിക്കുന്ന സമയമാണ്. മതപരമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസാഹചര്യമാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി സമ്പത്ത് ചെലവഴിക്കേണ്ടതായി വരും. കുറ്റാരോപണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കാണുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്. വാക്കുകളെക്കൊണ്ടുള്ള ദോഷഫലങ്ങള്‍ വന്നുകൂടാം. മാതുലസ്ഥാനീയര്ക്ക് രോഗപീഡകളും വിഷഭയവും ബന്ധനയോഗവും വന്നുകൂടാം. ഗുണകരമാകും എന്ന് വിചാരിച്ചു ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം കണ്ടെന്നു വരില്ല. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ശിവക്ഷേത്രദര്‍ശനം, രുദ്രാഭിഷേകം, മൃത്യുഞ്ജയപുഷ്പാഞ്ജലി, സുബ്രഹ്മണ്യഭജനം ഇവ ഐശ്വര്യ വര്‍ദ്ധനവിനായി ചെയ്യേണ്ടതാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ഉത്തരവാദിത്തത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതിസന്ധികളെ നേരിടേണ്ടതായി വരും. പ്രധാനകാര്യങ്ങള്ക്കായി ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. അത് നിമിത്തം ധാരാളം ബന്ധങ്ങള്‍ സ്ഥാപിക്കേണ്ടതായി വരും. സഹോദരസ്ഥാനീയര്‍ക്ക് ആപത്തുകളും രോഗപീഡകളും വന്നുചേരാം. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് അത്ര അനുകൂലസമയമല്ല. വിദ്യാഭ്യാസത്തിന് മൗഢ്യം, ബന്ധുക്കളുമായി പൊരുത്തക്കേടുകള്‍ കുടുംബത്തില്‍ അന്തഃഛിദ്രങ്ങളും രോഗങ്ങള്‍ കൊണ്ടും ശത്രുക്കളെക്കൊണ്ടും ഉള്ള പീഡകളും അനുഭവപ്പെടാം. നിഗൂഢ പ്രവൃത്തികള്‍ക്ക് അനുകൂലസാഹചര്യം വന്നുചേരും. ഏതു കാര്യങ്ങള്‍ക്കും ഛഞ്ചലചിത്തത അനുഭവപ്പെടാം.
ദോഷശാന്തിക്കായി ദുര്ഗാഭജനം, ദേവീമാഹാത്മ്യപാരായണം, ശ്രീസൂക്ത പുഷ്പാഞ്ജലി എന്നിവ നടത്തുകയും വ്യാഴാഴ്ചവ്രതമാരംഭിക്കുകയും മഞ്ഞപുഷ്യരാഗം ധരിക്കുന്നതും നല്ലതാണ്.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വിവാഹാദി മംഗളകര്‍മ്മങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് അനുകൂലസാഹചര്യമാണ്. ഗൃഹനിര്‍മ്മാണത്തിന് തുടക്കംകുറിക്കും. സ്ത്രീജനങ്ങളിലൂടെ നേട്ടം, സാമൂഹികവിജയം, സുഹൃത്തുക്കളിലൂടെ ജീവിതവിജയം എന്നിവയുണ്ടാകും. കുടുംബവിഷയത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകും. താമസസ്ഥലത്ത് അഭിവൃദ്ധി ഉണ്ടാകും. ഉയര്‍ന്ന സ്ഥാനത്ത് എത്തുന്ന സന്താനങ്ങളില്‍നിന്ന് ഗുണാനുഭവം, മുതിര്‍ന്നവരില്‍നിന്ന് ആനന്ദം എന്നിവയുണ്ടാകും. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി പൊരുത്തക്കേടുണ്ടാകാതിരിക്കാന് ശ്രദ്ധിക്കണം. സാഹിത്യമേഖലയിലുള്ളവര്ക്ക് വിജയം പ്രതീക്ഷിക്കാം. കാര്യഗ്രഹണശേഷി വര്‍ദ്ധിക്കും. ഉദരരോഗം, ജ്വരം, രക്തസ്രാവം എന്നിവ ഉണ്ടാകാനിടയുണ്ട്.
ദോഷശമനത്തിനായി കൃഷ്ണസ്വാമിക്ഷേത്രത്തില്‍ പുരുഷസൂക്താര്‍ച്ചന, തൃക്കൈവെണ്ണ, ഹനുമദ്സ്വാമീക്ഷേത്രഭജനം, വിഷ്ണുസ്രസ്രനാമജപം എന്നിവ പതിവാക്കുക.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ശത്രുക്കളില്‍ പീഡയും, സുഹൃത്തുക്കളുടേയും ബന്ധജനങ്ങളുടേയും പരിഭവവും വന്നുകൂടാം. മേലധികാരികളില്‍നിന്ന് മാനസികമായ പീഡകളും, ആരോപണങ്ങളും അപവാദങ്ങളും സഹിക്കേണ്ടതായി വരും. സംഗീത സാഹിത്യാദിമേഖലകളില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. മരണപ്പെട്ടവരുടെ വസ്തുവകകള്‍ കൈവശം വന്നുചേരാം. ആകസ്മികമായ അപകടങ്ങളും രോഗപീഡകളും വന്നുകൂടാം. അനാവശ്യയാത്രകള്‍ ഒഴിവാക്കണം. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടാം. ക്ഷീരകര്‍ഷകര്‍ക്കും ഫാം നടത്തിപ്പുകാര്‍ക്കും അനുകൂലസമയമായിരിക്കുകയില്ല.
ദോഷശാന്തിക്കായി ദേവീക്ഷേത്രദര്ശനം, വിഷ്ണുസഹസ്രനാമജപം എന്നിവ നടത്തുകയും ഇന്ദ്രനീലം ധരിക്കാവുന്നതുമാണ്.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
മത്സരപ്പരീക്ഷകളില്‍ വിജയം കൈവരിക്കുന്നതാണ്. ദാനധര്‍മ്മാദികള്‍ നിര്‍വ്വഹിക്കും. നേട്ടങ്ങള്‍ക്കായി വലിയ തോതില്‍ ചെലവ് ചെയ്യേണ്ടതായി വരും. ബന്ധുജനങ്ങള്‍ക്ക് ഐശ്വര്യം ഉണ്ടാകും. സഹോദരങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തികഭദ്രതയും കൈവരാം. പൈതൃകം, പാരമ്പര്യം എന്നിവയിലൂടെ വിജയം കൈവരിക്കും. പുതിയ അറിവുകള്‍ക്കുവേണ്ടി ധാരാളം പരിശ്രമിക്കും. പരോപകാരപ്രദങ്ങളായ പ്രവൃത്തികള്‍ക്കായി മുന്നിട്ടിറങ്ങും. സ്ത്രീകള്‍ നിമിത്തം മനഃസ്വസ്ഥത നഷ്ടപ്പെടുവാനുള്ള സാഹചര്യമുണ്ടാകും. കുട്ടികള്‍ക്ക് അനാരോഗ്യം, ഭയം, ആശങ്ക തുടങ്ങിയവ ഉണ്ടാകാം.
കാലദോഷപരിഹാരമായി ഭദ്രകാളീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, ദേവീസൂക്താര്‍ച്ചന ഇവയും സഹസ്രനാമജപം, ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കല്‍ എന്നിവ ചെയ്യുന്നത് ഉചിതമായിരിക്കും.
Recent Comments