മലൈക്കോട്ടൈ വാലിബന്റെ റിലീസിന് ശേഷമുള്ള പ്രസ് മീറ്റില്‍ നെഗറ്റീവ് റിവ്യുകള്‍ക്ക് എതിരെ പ്രതികരിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശേരി. സിനിമയ്ക്കെതിരായ ഹേറ്റ് ക്യാംപയിന് എന്തിനെന്നറിയില്ലെന്ന് സംവിധായകന് ലിജോ പറഞ്ഞു. സിനിമ എല്ലാവരും തീയറ്ററില്‍ തന്നെ പോയി കാണണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷമോ അതിയായ ദുഃഖമോ തോന്നുന്ന ആളല്ല ഞാന്‍. പക്ഷെ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ്സ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായത്.’ ലിജോ തുടര്‍ന്നു.
‘ഇന്നലെ രാവിലെ ഫസ്റ്റ് ഷോ കഴിഞ്ഞത് മുതല്‍ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു. എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്ത് ഗുണമാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷന്‍ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്റസി കഥയില്‍ വിശ്വസിച്ച് എടുത്ത സിനിമ. ഇതിനോട് ഇത്ര വൈരാഗ്യം എന്തിനാണ്?’
‘നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് എനിക്ക് പ്രശ്നമല്ല. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ (നിരൂപകരുടെ) കണ്ണിലൂടെ ആകരുത്. ഷോ കണ്ട പ്രേക്ഷകര്‍ പറയുന്നതാണ് കൂടുതല്‍ സ്വീകരിക്കുന്നത്.’
‘എന്റെ മൊത്തം സിനിമ അനുഭവത്തില്‍നിന്ന് കൂട്ടിവെച്ചതാണ് എന്റെ പത്താമത്തെ സിനിമയായ മലൈക്കോട്ടൈ വാലിബന്. ലിജോ എന്ന സംവിധായകനില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്ന വാക്കും വിശ്വസിക്കണം. സിനിമ നിങ്ങള്‍ തീയറ്ററില്‍ വന്ന് തന്നെ കാണണം’ എന്നും ലിജോ ജോസ് പല്ലിശ്ശേരി പറഞ്ഞു.
Recent Comments