ബാലചന്ദ്രമേനോന് തിരക്കഥയെഴുതി സംവിധാനം ചെയ്ത 17-ാമത്തെ ചിത്രമായിരുന്നു ഏപ്രില്‍ 18. നായികയായി കാസ്റ്റ് ചെയ്തത് ശോഭനയെയായിരുന്നു. ശോഭനയുടെ ആദ്യ ചിത്രം. തിരുവനന്തപുരത്താണ് ഷൂട്ടിംഗ്. ഷൂട്ടിംഗ് തുടങ്ങിയതിന്റെ മൂന്നാംദിവസം ചിത്രത്തിന്റെ നിര്‍മ്മാതാവ് അഗസ്റ്റിന് പ്രകാശ് സംവിധായകന് ബാലചന്ദ്രമേനോന്റെ അടുക്കലെത്തി. എന്തുതന്നെ നഷ്ടമുണ്ടായാലും ഈ സിനിമയില്‍നിന്ന് ശോഭനയെ ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇനിയുള്ള കാര്യങ്ങള്‍ ബാലചന്ദ്ര മേനോന്‍തന്നെ നമ്മളോട് പറയും.
‘തിരുവനന്തപുരത്തെ ഗീത് ഹോട്ടലിലാണ് ഞാന്‍ താമസിക്കുന്നത്. റൂം നമ്പര്‍ 501. തൊട്ടടുത്ത മുറിയിലാണ് ശോഭനയും അമ്മയും താമസിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് അവര്‍ ഉറക്കത്തിലാണ്. നിര്‍മ്മാതാവ് അഗസ്റ്റിന് പ്രകാശ് പറഞ്ഞിട്ടാണ് എന്റെ മുറിയില്‍ അടിയന്തിരയോഗം ചേര്‍ന്നത്. ഞാനും അഗസ്റ്റിന് പ്രകാശും കൂടാതെ വേണുനാഗവള്ളിയും ക്യാമറാമാന് വിപിന്‍ മോഹനും രാജന് ശങ്കരാടിയും ഗോപിയും ആ മുറിയിലുണ്ടായിരുന്നു. ശോഭനയ്ക്കും അമ്മയ്ക്കുമുള്ള റിട്ടേണ്‍ ടിക്കറ്റുമായിട്ടാണ് അഗസ്റ്റിന് പ്രകാശ് വന്നിരിക്കുന്നത്. ശോഭനയെ മാറ്റണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. എന്തൊക്കെ പറഞ്ഞിട്ടും വഴങ്ങുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ വെല്ലുവിളി ഞാന്‍ ഏറ്റെടുത്തു. ആ ധര്‍മ്മയുദ്ധത്തില്‍ ഞാന്‍ ജയിച്ചു. ഏപ്രില്‍ 18 ലെ നായികയായി ശോഭന തുടര്‍ന്നു. എനിക്കും നിര്‍മ്മാതാവിനുമിടയില്‍ എന്ത് സംഭവിച്ചുവെന്ന് അന്ന് ആ മുറിയിലുണ്ടായിരുന്ന ഞങ്ങള്‍ അഞ്ച് പേര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇന്നും അറിയില്ല. പക്ഷേ ഞാന്‍ അതൊക്കെ തുറന്നു പറയാന്‍ പോവുകയാണ്. അങ്ങനെ ഒന്നല്ല, ഒരായിരം സംഭവകഥകളുണ്ട്. ഞാന്‍ സംവിധാനം ചെയ്ത 47 സിനിമകള്‍ക്കു പിന്നിലും ഇത്തരം നിരവധി പിന്നാമ്പുറ കഥകളുണ്ട്. അതില്‍ ചിലത് സാഹസികത നിറഞ്ഞതാണ്. മറ്റു ചിലത് നൊമ്പരങ്ങളുണര്ത്തുന്നതും. ഇനിയും ചിലത് നര്‍മ്മം പുരണ്ടവയാണ്. വരുംതലമുറ അതെല്ലാം അറിയട്ടെ. അതിനുവേണ്ടിയാണ് ഫിലിമി ഫ്രൈഡേയ്സിന്റെ മൂന്നാം സീസണ് ഞാന്‍ ആരംഭിക്കാന്‍ പോകുന്നത്. കഴിഞ്ഞ രണ്ട് സീസണുകളില്‍നിന്ന് വ്യത്യസ്തമായി എന്റെ സിനിമാനുഭവങ്ങളാണ് ഞാന്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. ഏപ്രില്‍ 18 ന് അതിന്റെ ആദ്യ എപ്പിസോഡ് സ്ട്രീം ചെയ്യും. എല്ലാ വെള്ളിയാഴ്ചയും 7 മണിക്കാണ് സംപ്രേഷണം.’ ബാലചന്ദ്രമേനോന് പറഞ്ഞു.
ഒരു ചലച്ചിത്ര സംവിധായകന്റെ ആദ്യത്തെ ഡിജിറ്റല്‍ ബയോഗ്രഫി കൂടിയാണ് ഫിലിമി ഫ്രൈഡേയ്സ്.
Recent Comments