‘ശ്രീകോവില്‍ നടതുറന്നു…’ എന്ന ഗാനം ഒരുമിച്ച് ഒരേവേദിയില്‍ പാടി ജയവിജയന്മാരുടെ മക്കള്‍. കെ.ജി. ജയന്റെ മകനും നടനുമായ മനോജ് കെ. ജയനും കെ.ജി. വിജയന്റെ മകന് സംഗീതജ്ഞന് മഞ്ജുനാഥ് വിജയനുമാണ് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്ര ഓഡിറ്റോറിയത്തില്‍ പാട്ടുപാടി ഓര്‍മകള്‍ പങ്കുവെച്ചത്.
തത്ത്വമസി അവാര്‍ഡ് സ്വീകരിക്കുന്നതിനിടയിലായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഈ വൈകാരികമായ ഓര്മ പങ്കുവെക്കല്‍. രാജപ്രതിനിധി (പന്തളം കൊട്ടാരം) തൃകേട്ട നാള് രാജരാജവര്‍മ തമ്പുരാനില്‍ നിന്നുമാണ് മനോജ് കെ. ജയന് പുരസ്കാരം ഏറ്റുവാങ്ങിയത്. ബദ്രിനാഥ് മുഖ്യ പൂജാരി ബ്രഹ്മശ്രീ ഈശ്വര്‍ പ്രസാദ് റാവല്‍ അവാര്‍ഡ് ശില്പവും സമ്മാനിച്ചു. ദുബായില്‍ ഒരുമിച്ച് പാടിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഒരേ വേദിയില്‍ എത്തുന്നത് ആദ്യമാണെന്നും മനോജ് പറഞ്ഞു.
‘ഭഗവാന്റെ കൈയൊപ്പുള്ള പുരസ്കാരമാണിത്. മുന്‍പ്, അച്ഛനും ലഭിച്ചിട്ടുള്ള ഈ മഹനീയ പുരസ്കാരം എനിക്ക് കിട്ടിയത് തീര്‍ച്ചയായും ഭഗവാന് സ്വാമി അയ്യപ്പന്റെയും എന്റെ അച്ഛന്റെയും അമ്മയുടെയും കൊച്ചച്ഛന്റെയും വലിയ അനുഗ്രഹവും പുണ്യം കൊണ്ടുമാണെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ സന്തോഷമായത് കൊച്ചച്ഛന്റെ ഇളയമകന് സംഗീതജ്ഞന് മഞ്ജുനാഥ് വിജയനും ഈ പുരസ്കാരം ലഭിച്ചപ്പോഴാണ്.’ എന്ന് മനോജ് കെ. ജയന് ഫേസ്ബുക്കില്‍ എഴുതി.
Recent Comments