വിശാല്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ ബാബുരാജും ഒരു പ്രധാന വേഷം ചെയ്യുന്നു. തു പ ശരവണനാണ് സംവിധായകന്. വിശാലിന്റെ 31-ാമത്തെ ചിത്രമാണ്. ടൈറ്റില്‍ ആയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് ബാബുരാജിനെ വിളിച്ചത്.
‘വാര്‍ത്ത ശരിയാണ്. വിശാല്‍ നേരിട്ട് എന്നെ വിളിക്കുകയായിരുന്നു. അടുത്തിടെ ആമസോണ്‍ പ്രൈമില്‍ റിലീസായ ജോജി അദ്ദേഹവും കണ്ടിരുന്നു. ആ സിനിമയെക്കുറിച്ചാണ് അദ്ദേഹം ഏറെനേരവും സംസാരിച്ചത്. എന്റെ പ്രകടനത്തെയും അദ്ദേഹം മറയില്ലാതെ പ്രശംസിച്ചു. അതിനുശേഷമാണ് അദ്ദേഹം ചെയ്യാന്‍പോകുന്ന പുതിയ സിനിമയുടെ കാര്യം പറഞ്ഞത്. ഡയറക്ടര്‍ എന്നെ വിളിക്കുമെന്നും പറഞ്ഞു. അതിനുപിന്നാലെ ശരവണന്റെ വിളി വന്നു. കഥ പറഞ്ഞു. ഒരു പരീക്ഷണചിത്രമെന്നുതന്നെ പറയാം. മൂന്ന് പ്രധാന കഥാപാത്രങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അതിലൊന്നാണ് എന്റേത്. നെഗറ്റീവ് ഷെയ്ഡുള്ള വേഷമാണ്. ഷൂട്ടിംഗ് ജൂലൈ 10 ന് രാമോജി ഫിലിം സിറ്റിയില്‍ തുടങ്ങും. ഞാന്‍ എട്ടിന് ഇവിടെനിന്ന് പുറപ്പെടും. ഡിമ്പിള്‍ ഹയാത്ത്, യോഗി ബാബു, രവീണ രവി എന്നിവരാണ് മറ്റു താരങ്ങള്‍.’
സാള്‍ട്ട് ആന്റ് പെപ്പറിനുശേഷം ജോജി, ബാബുരാജിന്റെ കരിയറില്‍ പുതിയ വഴിത്തിരിവ് ഉണ്ടാക്കുകയാണല്ലോ?
അതെ. ഇത്തരം വേഷങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ചിലര്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് ഒരു ആക്ടറെന്ന നിലയില്‍ എനിക്കും പ്രൂവ് ചെയ്യാന്‍ കഴിയുന്നത്. അത് പുതിയ അവസരങ്ങള്‍ക്ക് വഴിതുറക്കും. ജോജി കണ്ടശേഷം നിരവധിപ്പേരാണ് എന്നെ വിളിച്ചിരുന്നത്. ഉഡുതേ പഞ്ചാബിന്റെ സംവിധായകന് അഭിഷേക് ചൗബേ, നടന് പ്രകാശ് രാജ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. എല്ലാവര്ക്കും നല്ല അഭിപ്രായമായിരുന്നു. അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്. ഫഹദ് ഫാസിലിന്റെ സിനിമകള്‍ വിവിധ ഭാഷാചിത്രങ്ങളിലെ സംവിധായകരും താരങ്ങളുമടക്കം തെരഞ്ഞുപിടിച്ച് കാണുന്നുണ്ട്. ഒരു പക്ഷേ ഫഹദ് ചിത്രങ്ങള്‍ക്കുമേല്‍ അവര്‍ക്കുള്ള വിശ്വാസമായിരിക്കാം അതിനുള്ള കാരണം.
ഇതിനിടെ ഒരു ഹിന്ദി സിനിമയിലേയ്ക്കും കരാര്‍ ചെയ്യപ്പെട്ടതായി വാര്‍ത്ത ഉണ്ടല്ലോ?
ശരിയാണ്. മനോജ് ബാജ്പേയും കങ്കണ റനൗട്ടുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. അഭിജിത്താണ് സംവിധായകന്. അതിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു. വളരെ മുമ്പേ ഷൂട്ടിംഗ് തുടങ്ങേണ്ട ചിത്രമായിരുന്നു. പക്ഷേ ലോക്ക് ഡൗണ്‍മൂലം നീണ്ടുനീണ്ടു പോവുകയാണ്. പുതിയ ഡേറ്റും അവര്‍ എന്നെ അറിയിച്ചിട്ടില്ല.
ബാബുരാജ് പറഞ്ഞുനിര്‍ത്തി.
Recent Comments