നിഷ്കളങ്കമായ ചിരി സമ്മാനിക്കുന്നവരാണ് ഓരോ കുട്ടികളും. ആ ചിരി നമുക്ക് ഏവര്‍ക്കും ആശ്വാസം പകരുന്നതാണ്. അത് നിലനിര്‍ത്തേണ്ടത് ഓരോ രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണ്.
കുട്ടികളുടെ വായുടെ ശുചിത്വം ജനനം മുതല്‍ തന്നെ നമ്മള് ശ്രദ്ധിക്കണം. അമ്മമാര്‍ മുലയൂട്ടി കഴിഞ്ഞാലുടന്‍ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കോട്ടണ്‍ തുണിയോ, വൃത്തിയുള്ള പഞ്ഞിയോ ഉപയോഗിച്ച് മോണയും കവിളുകളുടെ ഉള്‍വശങ്ങളും തുടച്ച് വൃത്തിയാക്കണം. ഫീഡിംഗ് ബോട്ടില്‍ നല്കുന്ന കുട്ടികളിലും മേല്പറഞ്ഞ രീതിയിലുള്ള ശുചിത്വം നല്‍കേണ്ടതാണ്.
താഴ്നിരയിലെ മുന്‍പല്ലുകളാണ് ആദ്യമായി മുളച്ചുവരുന്നത്. പല്ലുകള്‍ മുളയ്ക്കുമ്പോള്‍ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. ചിലരില്‍ പനി, വയറിളക്കം, വായില്‍നിന്ന് അമിതമായി ഉമിനീര് പുറത്തേയ്ക്ക് ഒഴുകുന്നതുപോലെയുള്ള ലക്ഷണങ്ങള്‍ കാണാറുണ്ട്. ആവശ്യമെങ്കില്‍മാത്രം ഇത്തരം സന്ദര്‍ഭങ്ങളില്‍ ദന്തഡോക്ടറുടെ സഹായം തേടാവുന്നതാണ്.
കുട്ടികളുടെ പല്ല് വൃത്തിയാക്കി തുടങ്ങേണ്ടത് എപ്പോള്‍ മുതല്‍?
എപ്പോള്‍ മുതലാണ് കുട്ടികളുടെ പല്ല് വൃത്തിയാക്കി തുടങ്ങേണ്ടത്? എല്ലാ മാതാപിതാക്കളെയും അലട്ടുന്ന ചോദ്യമാണിത്. ആദ്യത്തെ പല്ല് വായില്‍ പ്രത്യക്ഷമാകുമ്പോള്‍ തന്നെ ദന്തശുചിത്വവും ആരംഭിക്കണം. തുടക്കത്തില്‍ മാതാപിതാക്കളുടെ വിരലില്‍ ഇടുന്നതരം ബ്രഷ് (Finger Brush) ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കാവുന്നതാണ്. പിന്നീട് കുട്ടികളുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് സാധാരണ ബ്രഷ് ഉപയോഗിക്കാം. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റ് ഉപയോഗിക്കരുത്. പകരം കുട്ടികള്‍ക്കായുള്ള പേസ്റ്റ് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. 3 വയസ്സിന് മുകളിലുള്ള കുട്ടികള്‍ ദിവസവും രണ്ടുനേരവും, 3 വയസ്സിനു താഴെയുള്ള കുട്ടികള്‍ ദിവസം ഒരു നേരവും ദന്തശൂചികരണം നടത്തണം. പയറുമണിയുടെ വലിപ്പത്തില്‍ പേസ്റ്റ് ഉപയോഗിച്ചാല്‍ മതിയാകും.
ആറ് മാസം മുതല്‍ ഒന്നര വയസ്സ് പ്രായമുള്ള കുട്ടികളില്‍ പല്ലുകള്‍ പൊഴിയുക, വെളുത്ത നിറത്തിലുള്ള പാടുകള്‍ (Early Childhood Caries) ഉണ്ടാവുക എന്നൊക്കെയുള്ള പരാതികള്‍ മാതാപിതാക്കള്‍ പറയാറുണ്ട്. ഇത് കാല്‍സ്യത്തിന്റെയോ വിറ്റാമിന്റെയോ കുറവ് കൊണ്ടല്ല. മറിച്ച് ദന്ത ശുചീകരണത്തിന്റെ കുറവുകൊണ്ട് സംഭവിക്കുന്നതാണ്. തുടക്കത്തില്‍ തന്നെ ഒരു ദന്തരോഗ വിദഗ്ദ്ധനെ (Pedodentist) കണ്ട് ചികിത്സ തേടിയാല്‍ ഈ പ്രശ്നങ്ങള്‍ വഷളാകാതെ നോക്കാവുന്നതാണ്. മധുരം കുറയ്ക്കുന്നതും, രാത്രിയില്‍ ഭക്ഷണശേഷമുള്ള ദന്തശുചീകരണവും ശീലമാക്കിയാല്‍ ഈ പ്രശ്നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്.
നവജാതശിശുക്കളുടെ പരിചരണം: ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
കുട്ടികളില്‍ അധികം ആഴമില്ലാത്ത പോടുകള്‍ അടയ്ക്കുവാനുള്ള ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. വേദനയുള്ളതും പഴുപ്പ് കയറിത്തുടങ്ങിയതുമായ പല്ലുകള്‍ റൂട്ട് കനാല്‍ ചികിത്സയിലൂടെ നിലനിര്‍ത്താവുന്നതാണ്. ഇതിലൂടെ പിന്നീട് വരുന്ന സ്ഥിരം ദന്തത്തിനുവേണ്ടിയുള്ള (Permanent Teeth) സ്ഥലം നിലനിര്‍ത്തുന്നതിന് സഹായകമാകും.
കുട്ടികളുടെ പല്ലുകള്‍ പൊഴിയുന്നതും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ പല്ലുകളാണ് ആദ്യം പൊഴിയുന്നത്. എന്നാല്‍ ഇത് പല ഘടകങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടാവുന്നതാണ്.
കുട്ടികള്‍ വളരെയധികം ഉത്സാഹികള്‍ ആണല്ലോ. അതിനാല്‍ കുട്ടികള്‍ക്ക് പരുക്ക് പറ്റുന്നത് സാധാരണമാണ്. വീഴ്ചയില്‍ പല്ലുകള്‍ മൊത്തത്തില്‍ മോണയില്‍നിന്ന് വേര്‍പ്പെട്ട് (Avulsion) പോകാറുണ്ട്. ഇങ്ങനെ വേര്‍പെട്ടുപോകുന്ന പല്ലുകള്‍ കവര്പാലിലോ കുട്ടിയുടെ വായില്തന്നെയുള്ള ഉമിനീരിലോ വച്ചുകൊണ്ട് തൊട്ടടുത്തുള്ള ദന്തഡോക്ടറെ സമീപിക്കാം. ഒരു മണിക്കൂറിനുള്ളില്‍ ഇങ്ങനെ കൊണ്ടുവരുന്ന പല്ലുകള്‍ തിരിച്ച് മോണയില്‍ പിടിപ്പിക്കാവുന്ന ചികിത്സാസൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. ഒരു കാരണവശാലും പല്ലുകള്‍ ന്യൂസ്പേപ്പറിലോ, തൂവാലയിലോ പൊതിഞ്ഞ് കൊണ്ടുപോകരുത്. പൈപ്പിലെ വെള്ളത്തില്‍ പല്ല് കഴുകി കൊണ്ടുവന്നാലും ചികിത്സയെ പ്രതികൂലമായി ബാധിക്കും.
ദന്തസംരക്ഷണം കുട്ടികളുടെ ക്ഷേമത്തിന് അനിവാര്യമാണ്. ചിട്ടയായ ദന്തസംരക്ഷണങ്ങളും നിശ്ചിത ഇടവേളകളിലുള്ള ദന്തസന്ദര്ശനം (dental visit) കുട്ടികളുടെ ദന്താരോഗ്യം നിലനിര്‍ത്താന്‍ കഴിയും.
ഡോ. ദീപക് ബാബു
ചീഫ് ഡെന്റല്‍ സര്ജന്
AISHWARYA Multi Specialty Dental Clinic
Paravur, Kollam
Mob: 8606865050
Recent Comments