മലയാള സിനിമയില്‍ അടുത്ത കാലത്ത് ഇറങ്ങുന്ന താര നിബിഡമായ സിനിമയാണ് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ റഹ്മാന് നായകനായി അഭിനയിച്ച ബാഡ് ബോയ്സ്. ഉത്സവ ലഹരി പകരുന്ന വര്‍ണ്ണ പകിട്ടാര്‍ന്ന ഒരു സിനിമായായിരിക്കുമിത്. റഹ്മാനെ കൂടാതെ ഷീലു എബ്രഹാം, ബാബു ആന്റണി, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്, ബാല, അജു വര്‍ഗീസ്, ആന്സന് പോള്‍, ബിബിന്‍ ജോര്‍ജ്ജ്, സെന്തില്‍, രമേഷ് പിഷാരടി, ടിനി ടോം, ‘ഡ്രാകൂള’ സുധീര്‍, ഹരിശ്രീ അശോകന്, ശങ്കര്‍, സോഹന്‍ സീനു ലാല്‍, സജിന്‍ ചെറുകയില്‍, ഭീമന് രഘു, മൊട്ട രാജേന്ദ്രന് ആരാധ്യ ആന്‍, മല്ലികാ സുകുമാരന്‍ തുടങ്ങി വലിയൊരു താരനിര ബാഡ് ബോയ്സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ചിത്രത്തിന്റെ ട്രെയിലറും, വില്യം ഫ്രാന്‍സിസ് ചിട്ടപ്പെടുത്തിയ ഗാനങ്ങളും ട്രെന്‍ഡിങ് ആയി ജൈത്ര യാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയം.
ഓണത്തിന് തിയറ്ററില്‍ കുട്ടികള്‍, യുവതി യുവാക്കള്‍,മുതിര്‍ന്നവര്‍ എന്ന പ്രായഭേദമന്യേ ഏവര്‍ക്കും ആഘോഷത്തോടെ ആസ്വദിക്കാവുന്ന നര്‍മ്മരസപ്രദമായ കളര്‍ഫുള്‍ മാസ് ആക്ഷന്‍ എന്റര്‍ടൈനറായിരിക്കും ബാഡ് ബോയ്സ് എന്നാണ് സംവിധായകന് ഒമര്‍ നല്കുന്ന വാഗ്ദാനം. നര്‍മ്മവും, ആക്ഷനും, കളര്‍ ഫുള്‍ ഗാന രംഗങ്ങള്‍ കൊണ്ടും സമൃദ്ധമായ ഓണ വിരുന്നത്രേ ബാഡ് ബോയ്സ്. രണ്ടര മണിക്കൂര്‍ സ്വയം മറന്ന് പ്രേക്ഷകര്‍ക്ക് റിലാക്സേകുന്ന രീതിയിലുള്ള രസകരമായ അവതരണ ശൈലിയാണ് സംവിധായകന് ഒമര്‍ അവലംബിച്ചിട്ടുള്ളത്. ഒമറിന്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശാണ്. ജനപ്രീതി നേടി സെന്‍സേഷനായ ‘ഒരു അഡാര്‍ ലൗ’ എന്ന സിനിമക്ക് ശേഷം ഒമറും സാരംഗും ഒന്നിക്കുന്ന സിനിമയാണ് എന്ന സവിശേഷതയും ബാഡ് ബോയ്സിനുണ്ട്. ആന്റപ്പന് എന്നാ ഗുണ്ടാ തലവന്‍ കഥാപാത്രത്തെയാണ് റഹ്മാന് അവതരിപ്പിക്കുന്നത്.
‘വര്‍ഷങ്ങള്‍ക്ക് ശേഷം ഹ്യൂമര്‍ ട്രാക്കില്‍ ഞാന്‍ വളരെയധികം റിലാക്സ്ഡായി ആസ്വദിച്ച് ചെയ്ത സിനിമയാണ് ബാഡ് ബോയ്സ്. സീരിയസ് കഥാപാത്രങ്ങള്‍ സ്ഥിരം ചെയ്ത് മടുത്തിരിക്കുന്ന വേളയിലാണ് ഒമര്‍ ആന്റപ്പന് എന്ന കഥാപാത്രവുമായി എന്നെ സമീപിക്കുന്നത്. ഒമറും തിരക്കഥാകൃത്ത് സാരംഗും കഥ പറയുമ്പോള്‍, ഞാന്‍ വളരെയധികം ചിരിച്ച് ആസ്വദിച്ച് കൊണ്ടാണ് കേട്ടത്. എത്ര പ്രായമായാലും എല്ലാവരിലും ഒരു കുട്ടിത്തമുണ്ടാവും… മനസില്‍ ഒരു കുട്ടിത്തമുണ്ടാവും… മനസില്‍ ഒരു ഹീറോയിസം കൊണ്ടു നടക്കും… അങ്ങനെയൊരു സ്വപ്ന ലോകത്ത് ജീവിക്കുന്ന ആളാണ് ആന്റപ്പന്. അയാള്‍ക്ക് വിവരവുമില്ല വിദ്യാഭ്യാവുമില്ല. പക്ഷേ മനസില്‍ ഒരു പാട് സ്നേഹമുണ്ട്. ഒരുപാട് പേരെ സഹായിക്കും അതാണ് ആന്റപ്പന്റെ ഏക ക്വാളിഫിക്കേഷന്‍. ഇതുവരെ ഞാന്‍ അഭിനയിച്ചിട്ടുള്ളതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം. പ്രത്യേക ബോഡി ലാംഗ്വേജും, അപ്പിയറന്‍സും, ആക്ടിവിറ്റിസും ആറ്റിറ്റിയൂഡുമാണ് ആന്റപ്പന്റേത്. നേരത്തെ പറഞ്ഞ പോലെ ബാഡ് ബോയ്സും ആന്റപ്പനും എനിക്കൊരു ചെയിഞ്ചാണ്. എന്ത് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒമര്‍ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തതെന്നതില്‍ എനിക്ക് അത്ഭുതം തോന്നി. കാരണം ഇന്നു വരെ ഇങ്ങനെ ഒരു മുഴു നീള പശ്ചാത്തലത്തിലുള്ള സിനിമയോ കഥാപാത്രമോ ചെയ്തിട്ടില്ല. ഇനിയങ്ങോട്ട് ഇതു പോലുള്ള സബ്ജെക്ടുകളില്‍ അഭിനയിക്കണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.
അടുത്ത കാലത്തായി ഞാന്‍ അഭിനയിച്ചതും, അഭിനയിച്ചു കൊണ്ടിരിക്കുന്നതുമായ എല്ലാ സിനിമകളിലും വളരെ സീരിയസായി സ്ട്രസോട് കൂടിയാണ് അഭിനയിച്ചത്. ആ സിനിമകളില്‍ പത്തു പേജുള്ള ഡയലോഗുകള്‍ ഉണ്ടാവും. ഉറക്കമിളച്ചിരുന്ന് ഡയലോഗുകള്‍ പഠിച്ചിട്ടാണ് സെറ്റുകളില്‍ പോകാറ്. എന്നാല്‍ ബാഡ് ബോയ്സിന്റെ കാര്യത്തില്‍ നേരേ വിപരീതമായി. സെറ്റില്‍ വളരെ റിലാക്സ്ഡ് ആയിരുന്നു. ഷൂട്ടിങ്ങിന് ശേഷം നന്നായി ഉറങ്ങുവാനും കഴിഞ്ഞു. അടുത്ത ദിവസം ഫ്രഷ് ആയി അഭിനയിക്കാനും കഴിഞ്ഞു. ആന്റപ്പനേയും ബാഡ് ബോയ്സിനെയും എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടും അവര്‍ ആസ്വദിക്കും, ഉള്ളു തുറന്നു ചിരിച്ചു കൊണ്ട് ആസ്വദിക്കും എന്നാണ് വിശ്വാസം.’ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും റഹ്മാന് പറഞ്ഞു.
ഷീലു എബ്രഹാമാണ് ചിത്രത്തില്‍ റഹ്മാന്റെ ഭാര്യയായ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷീലുവിന്റെ അഭിനയ ജീവിതത്തില്‍ മേരി ഒരു വഴിത്തിരിവാകും എന്ന പ്രതീക്ഷയാണ്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിച്ച ബാഡ് ബോയ്സ് ഓണം പ്രമാണിച്ച് നാളെ, സെപ്തംബര്‍ 13- ന് പ്രദര്‍ശനത്തിനെത്തും.
സി.കെ. അജയ്കുമാര്‍
Recent Comments