എന്റെ ആദ്യചിത്രമായ ഉത്രാടരാത്രി മുതല്‍ ചേച്ചി എന്നോടൊപ്പമുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പൊന്നമ്മചേച്ചിയുടെ കൈപിടിച്ചാണ് ഞാന്‍ മലയാള സിനിമയിലേയ്ക്ക് പിച്ച വച്ചത്. പിന്നീടുള്ള എന്റെ മിക്ക സിനിമകളിലും ചേച്ചിയും ഉണ്ടായിരുന്നു.
എന്റെ അമ്മയായി ചേച്ചി വേഷമിട്ടത് ഞാന്‍ ആദ്യമായി നിര്‍മ്മിച്ച ഒരു പൈങ്കിളി കഥ എന്ന ചിത്രത്തിലാണ്. അച്ഛനായി അഭിനയിച്ചത് മധുസാറും. അച്ഛനും മകനും തമ്മില്‍ അത്ര നല്ല ചേര്‍ച്ചയിലല്ല. മൂത്ത മകന് ജോണി ഐഎഎസ് കാരനാണ്. ആ നിലയില്‍ ഇളയമകനും ഉയരങ്ങളില്‍ എത്തണമെന്നാണ് അച്ഛന്റെ ആഗ്രഹം. ഞാനാകട്ടെ ഒരു നാടകപ്രവര്‍ത്തകനും. അത് അച്ഛന് തീരെ ഇഷ്ടമായിരുന്നില്ല. അച്ഛനും മകനും തമ്മില്‍ ഒരു തരത്തിലും ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയാണ്.
ആ ഘട്ടത്തില്‍ ഒരിക്കല്‍ മകനെ കാണാന്‍ അമ്മ ആഗ്രഹിക്കുന്നു. അതിന് ഇടനിലക്കാരനായി നിന്നത് കുടുംബ സൂഹൃത്ത് കൂടിയായ സ്വാമി എന്ന് പേരുള്ള ഭരത് ഗോപിയുടെ കഥാപാത്രമാണ്. അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് അമ്മ എന്നെ കാണാന്‍ വരുന്നതാണ് കഥാസന്ദര്‍ഭം. ഞാന്‍ എഴുതി ഉണ്ടാക്കിയ സിറ്റ്വേഷനാണെന്ന് എനിക്കറിയാം. എന്നിട്ടും ആ രംഗത്ത് ചേച്ചി വിതുമ്പിക്കൊണ്ട് എന്റെ മുഖത്ത് നോക്കി മകനേ എന്ന് വിളിച്ചപ്പോള്‍ ഞാന്‍ ഇമോഷനായിപ്പോയി. എനിക്ക് ആ ഷോട്ട് പൂര്‍ത്തിയാക്കാനായില്ല. നിറഞ്ഞ കണ്ണുകളും ഇടറിയ ശബ്ദവുമായി ചേച്ചി എനിക്ക് മുന്നില്‍ വന്ന് നിന്നപ്പോള്‍ എന്റെ വികാരം പ്രകടിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ സീനില്‍ അത്രയും ഫീലിംഗ്സിന്റെ ആവശ്യമില്ല. പക്ഷേ, എനിക്ക് ഹോള്‍ഡ് ചെയ്യാനായില്ല. അതായിരുന്നു ചേച്ചിയുടെ മാതൃഹൃദയത്തിന്റെ ശക്തി.
Recent Comments