പുരാണേതിഹാസ പ്രകാരം ആദ്യമായി ബലികര്‍മ്മം ചെയ്തത് ശ്രീപരശുരാമന് ആണെന്നാണ് വിശ്വാസം. പിതാവ് ജമദഗ്നി മഹര്‍ഷിയെ കാര്‍ത്ത്യവീര്യാര്‍ജുനന്‍ വധിച്ചതില്‍ കുപിതനായ പരശുരാമന് ഇരുപത്തിയൊന്നു തവണ ക്ഷത്രിയരെ മുഴുവന്‍ വധിച്ച ശേഷം ആ രക്തം കൊണ്ട് പിതൃതര്‍പ്പണം ചെയ്തുവത്രെ. കഥ എന്തുതന്നെയായാലും പിതൃക്കളെയും ശ്രാദ്ധത്തെയും നാം പാവനമായി കാണുന്നു. കേരളത്തില്‍ പിതൃകര്മ്മവുമായി ബന്ധപ്പെട്ട് ഏറ്റവും വിശേഷമായി പറയുന്ന ഒരു ചൊല്ലുണ്ട്. ‘ഇല്ലം… വല്ലം… നെല്ലി…’ ഇല്ലം എന്നാല്‍ സ്വന്തം വീട്. വല്ലം എന്നാല്‍ തിരുവല്ലം. നെല്ലി എന്നാല്‍ തിരുനെല്ലി. ഇവിടെ എവിടെയായാലും കര്‍മ്മം സവിശേഷം ആകും എന്നാണ് വിശ്വാസം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയും ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ വീട്ടിലിരുന്നുതന്നെ നിങ്ങള്‍ക്ക് ബലിതര്‍പ്പണം നടത്താം.
ബലിയിടുന്നതിന് ആവശ്യമായ ദ്രവ്യങ്ങള്‍
തൂശനില 2 എണ്ണം, എള്ള്, പുഷ്പം, ഉണക്കലരി/പച്ചരി, ചന്ദനം/കളഭം, ചെറൂള/തുളസി, കിണ്ടി/മൊന്ത/സ്റ്റീല്‍ ഗ്ലാസ്, നിലവിളക്ക് ഒന്ന്, വിളക്കുതിരി, എണ്ണ. ദര്‍ഭപുല്ല് ബലികര്‍മ്മത്തിന് പ്രധാന ദ്രവ്യമാണ്. പവിത്രം കെട്ടുന്ന രീതി പലര്‍ക്കും അറിയാത്തതുകൊണ്ട് ദര്‍ഭ ഒഴിവാക്കുന്നു എന്നുമാത്രം.
ബലിയിടുന്നതിന് മുന്നേ ഇവയെല്ലാം ഒരുക്കി വയ്ക്കണം. തലേന്ന് ഒരിക്കല്‍ നോക്കുകയും വേണം. ഒരിക്കല്‍ എന്നാല്‍ ഒരു നേരം മാത്രം അരിയാഹാരം ഭക്ഷിക്കുക എന്നുള്ളതാണ്. നാം ചെയ്യാന്‍ പോകുന്ന സത്കര്‍മ്മത്തിനായി നമ്മുടെ മനസ്സിനെയും ശരീരത്തെയും തയ്യാറാക്കി എടുക്കുക. മനഃശുദ്ധി, ശരീരശുദ്ധി, ഭക്ഷണശുദ്ധി ഇവ മൂന്നും ചേരുന്നതാണ് ഒരിക്കല്‍ നൊയമ്പ്.
ബലിദിവസം കുളിച്ച് ഈറനുടുത്തുവേണം ബലികര്‍മ്മങ്ങള്‍ ചെയ്യാന്‍. തെക്കോട്ടേക്ക് തിരിഞ്ഞിരുന്നുവേണം കര്‍മ്മങ്ങള്‍ ചെയ്യാന്‍. വെറും തറയിലിരിക്കാതെ പലകയിലോ, പായയിലോ ഇരുന്നുവേണം കര്‍മ്മങ്ങള്‍ ചെയ്യാന്‍.
ഉണക്കലരി (പച്ചരിയും ആകാം) വേവിച്ച് വെള്ളം വാര്‍ത്ത് ഉരുട്ടി ഒരു നാക്കിലയില്‍ എടുക്കുക. ഒരു ഇലയില്‍ എള്ള്, പൂവ്, ഉണക്കലരി (പച്ചരി), ചാലിച്ച ചന്ദനം (കളഭം) എ്ന്നിവ വയ്ക്കുക. ഒരു കിണ്ടിയിലോ മൊന്തയിലോ വെള്ളവും എടുക്കണം.
ബലികര്‍മ്മങ്ങള്‍ക്ക് വേണ്ട ദ്രവ്യങ്ങള്‍ എളുപ്പത്തില്‍ എടുക്കാന്‍ പാകത്തില്‍ വലതുവശത്തും ചന്ദനവും കിണ്ടിയിലെ വെള്ളവും നേരെ മുന്നിലായും വയ്ക്കുക. വിളക്ക് തെക്കോട്ടും വടക്കോട്ടും തിരിയിട്ട് തെളിക്കുക. വിളക്കിന് മുന്നില്‍ ഇല വയ്ക്കുക.
ബലികര്‍മ്മങ്ങള്‍ മംഗളകരമായി നടക്കാനായി വിഘ്നേശ്വരനോട് പ്രാര്‍ത്ഥിക്കാം. ശേഷം മനസ്സില്‍ പിതാക്കളുടെ നാഥനായ മഹാവിഷ്ണുവിനെയും യമരാജാവിനെയും മരിച്ചുപോയ എല്ലാ പൂര്‍വ്വികരെയും സ്മരിച്ച് പ്രാര്‍ത്ഥിക്കുക. എന്നിട്ട് കുറച്ച് പുഷ്പം, എള്ള്, അരി എന്നിവ കിണ്ടിയിലെ ജലത്തിലേയ്ക്ക് ഇടുക. ചന്ദനം (കളഭം) കലക്കിയ വെള്ളം കൂടി കുറച്ചൊഴിച്ച് കിണ്ടിയുടെ മുഖം രണ്ടുകൈകളും കൊണ്ട് അടച്ചുവച്ച് ഏഴു നദികളെയും സ്മരിച്ച് (ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി – ഇത്രയും നദികളുടെ പേര് ഓര്‍ത്തു പറയാനാകുന്നില്ലെങ്കില്‍ ഗംഗയെ മാത്രം സ്മരിക്കുക) ഈ നദികളുടെ സാന്നിദ്ധ്യം കിണ്ടിയിലെ ജലത്തില്‍ വന്നു എന്ന് സങ്കല്‍പ്പിച്ച് കിണ്ടിയില്‍ നിന്ന് കുറച്ച് വെള്ളമെടുത്ത് കിണ്ടിയിലേയ്ക്ക് തന്നെ ഒഴിക്കുക. ശേഷം വിളക്കിന് മുന്നിലുള്ള ഇലയിലേക്കും അല്പം തീര്‍ത്ഥം തളിക്കുക.
തുടര്‍ന്ന് കുറച്ച് പുഷ്പം, എള്ള്, അരി ഇവ കയ്യിലെടുത്ത് ചന്ദനവെള്ളത്തില് മുക്കി അല്പം തീര്‍ത്ഥവും ചേര്‍ത്ത് ഇരുകൈകളും കൂട്ടി ശിരസ്സിന് മുകളിലേയ്ക്ക് കൈകള്‍ കൂപ്പണം. പേരറിഞ്ഞും അറിയാതെയുമുള്ള സര്‍വ്വ പിതൃക്കളും ബലി സ്വീകരിക്കാന്‍ കയ്യിലുള്ള പുഷ്പത്തില്‍ വരണമെന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കണം. അവരുടെ സാന്നിദ്ധ്യം വന്നു എന്ന് സങ്കല്‍പ്പിച്ച് കയ്യിലുള്ള ദ്രവ്യങ്ങള്‍ ഇലയില്‍ വയ്ക്കണം. തുടര്‍ന്ന് പിതൃക്കളെ (ഇലയിലേയ്ക്കിട്ട ദ്രവ്യത്തില്‍) തൊട്ട് തൊഴുക. തുടര്‍ന്ന് മൂന്നുവട്ടം പിതൃക്കള്‍ക്ക് തീര്‍ത്ഥം (കിണ്ടിയിലുള്ള ജലം) കൊടുക്കണം. കൈവെള്ളയിലേയ്ക്ക് ഒഴിച്ച് വെള്ളം ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിലൂടെ വേണം പിതൃക്കള്‍ക്ക് കൊടുക്കേണ്ടത്. അതിനുശേഷം മൂന്നുവട്ടം ചന്ദനവും മൂന്നു വട്ടം പുഷ്പവും അതിലേയ്ക്കിടുക. പിതൃക്കളെ നന്നായി പ്രാര്‍ത്ഥിച്ച് തൊഴണം.
തുടര്‍ന്ന് പിണ്ഡം (അരി വേവിച്ച് ഉരുട്ടിയത്) കുറച്ച് എള്ളും നെയ്യും കൂട്ടി കയ്യിലെടുക്കണം. പിതൃക്കളെ നന്നായി സ്മരിച്ച് ലളിതമായി ചെയ്യുന്ന ബലി സ്വീകരിക്കണമെന്ന് പ്രാര്‍ത്ഥിച്ച് പിണ്ഡം ഇലയിലേയ്ക്ക് സമര്‍പ്പിക്കുക. തീര്‍ത്ഥം കൊടുത്തതുപോലെ പെരുവിരലിനും ചൂണ്ടുവിരലിനും ഇടയിലൂടെ സമര്‍പ്പിക്കാന്‍ പറ്റുമെങ്കില്‍ നല്ലത്. തുടര്‍ന്നും തൊഴുത് പ്രാര്‍ത്ഥിക്കുക. വീണ്ടും മൂന്നു വട്ടം തീര്‍ത്ഥം, ചന്ദനം, വെള്ളം, പുഷ്പം ഇവ കൂടി ഇലയിലേയ്ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. ശേഷം കുറച്ച് എള്ള് കയ്യിലെടുത്ത് തീര്‍ത്ഥവും കൂടി ചേര്‍ത്ത് മുഴുവനായും ഇലയിലേയ്ക്ക് സമര്‍പ്പിക്കുക.
എഴുന്നേറ്റുനിന്ന് ഇലയ്ക്കും വിളക്കിനും മൂന്നുവട്ടം പ്രദക്ഷിണം വച്ച് തെക്കോട്ട് സാഷ്ാംഗം നമസ്ക്കരിക്കുക. (സ്ത്രീകള്‍ക്ക് മുട്ടുകുത്തി നമസ്ക്കരിക്കാം). നമസ്ക്കരിക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടുള്ളവര്‍ ഒന്ന് തൊട്ട് നിറുകയില്‍ വച്ചാലും മതിയാകും.
അതിനുശേഷം കുറച്ച് പുഷ്പവും അരിയും കയ്യിലെടുത്ത് അതിലേയ്ക്ക് തീര്‍ത്ഥവും ചന്ദനവെള്ളവും ചേര്‍ത്ത് രണ്ട് കൈകളിലായി പിടിക്കുക. ഇതെല്ലാം പിതൃക്കള്‍ സന്തോഷമായി സ്വീകരിച്ച് പിതൃലോകത്തിലേയ്ക്ക് മടങ്ങിപോകണമെന്ന് സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. അതിനുശേഷം കയ്യിലുള്ള ദ്രവ്യങ്ങള്‍ മുകളിലേയ്ക്ക് ഇടുക. തുടര്‍ന്ന് ഇല എടുത്ത് കാക്കകളെ പിണ്ഡം ഊട്ടുന്നതിനായി വിളിക്കുക. എന്നിട്ട് ഒരു പാത്രത്തില്‍ നിറയെ വെള്ളമെടുത്ത് ജലാശയമാണെന്ന് സങ്കല്‍പ്പിച്ച് അതിലേയ്ക്ക് ഇട്ടശേഷം ചെടിയുടെ ചുവട്ടിലോ മറ്റോ ഒഴിക്കുകയോ ഒരു കുഴികുത്തി മൂടുകയോ ആവാം. പിന്നീട് ദേഹശുദ്ധി വരുത്തുക.
കുടുംബ ഐശ്വര്യത്തിനും സന്താന ശ്രേയസ്സിനും പിതൃപ്രീതി കൂടിയേ തീരൂ. പിതൃക്കളെ സ്മരിച്ചാലേ ദേവന്മാര് അനുഗ്രഹം ചൊരിയൂ എന്നതാണ് വിശ്വാസം. പിതൃകര്‍മ്മങ്ങള്‍ ഏറെ ശ്രേഷ്ഠമാകുന്നതും അതുകൊണ്ടാണ്.
Recent Comments