ഉടയോന് ശേഷം ഭദ്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂതന്. തന്റെ ഡ്രീം പ്രോജക്ട് എന്നാണ് ഭദ്രന് ജൂതനെ വിശേഷിപ്പിച്ചിരിക്കുന്നതും. രണ്ടര വര്‍ഷമായി ഈ പ്രൊജക്ടിന് പിന്നാലെയാണ് അദ്ദേഹം. ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഈയോ എന്നത് ചിത്രത്തിന്റെ ടൈറ്റിലല്ല. അത് കേന്ദ്രകഥാപാത്രത്തിന്റെ പേരാണ്.
മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജൂതന്റെ ആദ്യ അനൗണ്‍സ്മെന്റ് നടന്നത്. സൗബിന് ഷാഹിറായിരുന്നു നായകന്. ഒരു പ്രൊജക്ടിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇത്രയേറെ വാര്‍ത്താപ്രാധാന്യം നേടിയ മറ്റൊരു ചിത്രം വേറെ ഉണ്ടാകാനിടയില്ല. അതിനുശേഷവും പലതവണ തിരക്കഥ തിരുത്തി എഴുതപ്പെട്ടു. പാത്രസൃഷ്ടിയിലും പ്രകടമായ മാറ്റങ്ങള്‍ വന്നു. പുതിയ തലമുറയില്‍പ്പെട്ട ഒരു അഭിനേതാവിലേയ്ക്ക് കേന്ദ്ര കഥാപാത്രത്തെ മാറ്റി പ്രതിഷ്ഠിക്കാനുണ്ടായ കാരണം അതാണ്. അങ്ങനെ സൗബിന് പകരക്കാരനായി ഷെയ്ന് നിഗം എത്തുന്നു.
കൊച്ചിയിലെ ഒരു തുരുത്തില് ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഈയോ (Yeo) എന്ന കഥാപാത്രത്തെയാണ് ഷെയ്ന് നിഗം അവതരിപ്പിക്കുന്നത്. ഏറെ അസാധാരണത്വങ്ങളുള്ള ഒരു നല്ല മനുഷ്യനാണ് ഈയോ.
ഈയോയുടെ ജോഡിയായി അഭിനയിക്കുന്നത് ഭാവനയാണ്. മലയാളത്തിലേയ്ക്കുള്ള ഭാവനയുടെ തിരിച്ചുവരവ് ഗംഭീരമാക്കുന്ന ചിത്രംകൂടിയാകും ജൂതന്.
ഗൗതം വാസുദേവ് മേനോന്, ഇന്ദ്രന്‍സ് എന്നിവരും താരനിരയിലുണ്ട്.
ആക്ഷനും ത്രില്ലറും പ്രണയവുമൊക്കെ ഇടകലര്‍ന്ന ഒരു ഭദ്രന് ചിത്രമെന്ന് ജൂതനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.
ജൂതന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനോടകം നിരവധി പ്രൊഡക്ഷന്‍ കമ്പനികളാണ് ജൂതന്റെ നിര്‍മ്മാണവുമായി സഹകരിക്കാന്‍ മുമ്പോട്ട് വന്നത്. ഭദ്രന് ഇതുവരെ ആര്‍ക്കും കൈകൊടുത്തിട്ടില്ല. തന്റെ സ്വപ്നപദ്ധതിക്ക് പിന്നാലെ മനസ്സും ശരീരവും അര്‍പ്പിച്ചുള്ള യാത്രയിലാണ് അദ്ദേഹം ഇപ്പോഴും.
Recent Comments