മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഹൊറര്‍ ചിത്രമായിരുന്നു ഭാര്ഗ്ഗവിനിലം. വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം എന്ന ചെറുകഥയെ അവലംബിച്ച് വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രം. ഛായാഗ്രാഹകനായിരുന്ന വിന്‍സെന്റിന്റെ ആദ്യ സംവിധാനസംരംഭം. 1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗ്ഗവിനിലയം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു. പ്രേംനസീര്‍, മധു, പി.ജെ. ആന്റണി, അടൂര്‍ഭാസി, വിജയ നിര്‍മ്മല തുടങ്ങിയവരായിരുന്നു താരനിരയില്‍.
ആ ഭാര്‍ഗവി നിലയത്തിന്റെ റീമേക്കാണ് ഇപ്പോള്‍ ആഷിക് അബു അനൗണ്‍സ് ചെയ്തിരിക്കുന്ന നീലവെളിച്ചം. താരനിരയില്‍ പൃഥ്വിരാജും കുഞ്ചാക്കോബോബനും സൗബിന് ഷാഹിറും റിമ ലീന രാജനുമാണ്. പഴയ സിനിമ അതേപടി റീമേക്ക് ചെയ്യപ്പെടുകയാണ്. കഥാപാത്രങ്ങള്‍വരെ പഴയ വേഷവിധാനരീതികളാണ് സ്വീകരിക്കുന്നത്. സംഭാഷണങ്ങളില്‍ മാത്രം കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശ്യാം പുഷ്കരനാണ് സംഭാഷണം എഴുതുന്നത്.
നീല വെളിച്ചത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും. പൃഥ്വിരാജ് ഈ സിനിമയ്ക്കുവേണ്ടി ഓപ്പണ്‍ ഡേറ്റുകളാണ് നല്‍കിയിരിക്കുന്നത്.
നീലവെളിച്ചത്തിന്റെ പിറവി സംഭവിക്കുമ്പോള്‍ അതിന് സാക്ഷികളായി ഞങ്ങളുമുണ്ടായിരുന്നു എന്നത് മറ്റൊരു ആകസ്മികതയാകാം.
സന്തോഷ് കുരുവിള നിര്‍മ്മിച്ച നീരാളിയുടെ ഷൂട്ടിംഗ് മുംബയില്‍ നടക്കുന്നു. മോഹന്‍ലാലാണ് നായകന്. അത് കവര്‍ ചെയ്യാന്‍ ഞങ്ങളും പോയിരുന്നു. അന്നവിടെ അതിഥിയായി ഗുഡ്നൈറ്റ് മോഹനും എത്തിയിരുന്നു. സന്തോഷ് കുരുവിളയുമായുള്ള സംസാരമധ്യേ മോഹന്‍ പറഞ്ഞു. ‘ഭാര്‍ഗവി നിലയം സിനിമയാക്കണമെന്നുള്ളത് എന്റെ വലിയ സ്വപ്നമായിരുന്നു. അതിനുവേണ്ടി അതിന്റെ റൈറ്റ്സും സ്വന്തമാക്കിയിരുന്നു. പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ അത് നടക്കുമെന്ന് തോന്നുന്നില്ല.’
ആ കൂടിക്കാഴ്ച അന്നവിടെ അവസാനിച്ചെങ്കിലും സന്തോഷ് കുരുവിള ഈ വിവരം ആഷിക് അബുവുമായി പങ്കുവച്ചു. കേട്ടമാത്രയില്‍ അഷിഖിന് ആ പ്രോജക്ട് ഇഷ്ടമായി. നമുക്കത് ചെയ്യാമെന്ന് പറയുന്നു. അങ്ങനെ സന്തോഷ് കുരുവിള ഗുഡ്നൈറ്റ് മോഹനില്‍നിന്ന് ഭാര്‍ഗവിനിലയത്തിന്റെ റൈറ്റ് സ്വന്തമാക്കി. മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഭാര്‍ഗവിനിലയം യാഥാര്‍ത്ഥ്യമാവുകയാണ്, നീലവെളിച്ചം എന്ന പേരില്‍. കഥകളുടെ സുല്‍ത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ ചെറുകഥയ്ക്ക് നല്‍കിയിരുന്ന അതേ പേര്.
സാങ്കേതിക വിദ്യ ഒട്ടും അനുകൂലമല്ലാതിരുന്ന കാലഘട്ടത്തിലും മേക്കിംഗില്‍ വിസ്മയം സൃഷ്ടിച്ച വിന്‍സെന്റ് മാഷിന്റെ സൃഷ്ടികളിലൊന്നാണ് ഭാര്‍ഗവിനിലയം. സാങ്കേതികവിദ്യ ഇന്ന് വളരെയേറെ വളര്‍ന്നിരിക്കുന്നു. സംവിധായകന്റെ റോളില്‍ ആഷിക് അബു എന്ന പ്രതിഭാധനനും. നീലവെളിച്ചം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ? കാത്തിരുന്ന് കാണാം.
Recent Comments