സംവിധായകന് ദീപു അന്തിക്കാടിന്റെ സുഹൃത്താണ് സൂരജ് ദേവ്. സൂരജ് ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. നിരവധി പോലീസ് ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായിരുന്ന ഒരാള്‍. ആ നാളുകളില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങള്‍ പലപ്പോഴായി ദീപുവിനോടും പങ്കുവച്ചിട്ടുണ്ട്. അതിനുള്ളിലൊരു സിനിമാക്കഥ ഉണ്ടെന്ന് കണ്ടെത്തിയത് ദീപുവായിരുന്നു. ദീപുവിന്റെ ചില നിരീക്ഷണങ്ങള്‍കൂടി ചേര്‍ന്നപ്പോള്‍ അതൊരു മനോഹരമായ കഥയായി മാറി.
ഒരു പോലീസ് സ്റ്റോറിയാണ്. പക്ഷേ, യൂണിഫോം ഇല്ലാത്ത കഥ എന്നൊരു പ്രത്യേകതയുണ്ട്. ഒരു പോലീസും പ്രതിയുമാണ് കഥയിലെ കേന്ദ്രകഥാപാത്രങ്ങള്‍. അവരിലൂടെ വളരുന്നതാണ് ചിത്രത്തിന്റെ കഥാഗതി. കൊണ്ടും കൊടുത്തും മുന്നേറുന്ന ഒട്ടേറെ അഭിനയ മുഹൂര്‍ത്തങ്ങളുണ്ട്. വൈകാരിക നിമിഷങ്ങളുണ്ട്. അത്യന്തം ആകാംക്ഷയുണര്‍ത്തുന്ന സസ്പെന്‍സും. ഒറ്റവാക്കില്‍ ഇതൊരു സസ്പന്‍സ് ഡ്രാമയാണ്.
ടൈറ്റില്‍ ആയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 16 ന് ആരംഭിക്കും. കുറ്റിക്കാനമാണ് പ്രധാന ലൊക്കേഷന്‍.
പോലീസും കള്ളനുമായി അഭിനയിക്കുന്നത് ബിജുമേനോനും ഗുരു സോമസുന്ദരവുമാണ്. ഇവരില്‍ ആരാണ് പോലീസ് ആരാണ് കള്ളനെന്ന് തല്ക്കാലം വെളിപ്പെടുത്താനാവില്ലെന്നാണ് സംവിധായകന് ദീപു അന്തിക്കാടിന്റെ നിലപാട്.
‘അത് സസ്പെന്സായിതന്നെ നില്ക്കട്ടെ. കള്ളന്റെയും പോലീസിന്റെയും കഥയാണെങ്കിലും മലയാളസിനിമ ഇന്നേവരെ പരീക്ഷിക്കാത്ത ഒരു ട്രീറ്റ്മെന്റാണ്. തീര്‍ച്ചയായും ഒരു പാന്‍ഇന്ത്യന്‍ സിനിമയുടെ സ്വഭാവമുണ്ടതിന്. ഏത് ദേശക്കാര്‍ക്കും ഒരേപോലെ റിലേറ്റ് ചെയ്യാവുന്ന ചിത്രം.’ ദീപു പറഞ്ഞു.
ദീപു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ജയറാമിനെ നായകനായി ചെയ്ത ലക്കിസ്റ്റാറായിരുന്നു ആദ്യചിത്രം.
ബിജുമേനോനെയും ഗുരു സോമസുന്ദരത്തെയും കൂടാതെ അലന്‍സിയര്‍, അലക്സാണ്ടര്‍ പ്രശാന്ത്, ദിവ്യ പിള്ള, ശാന്തിപ്രിയ, ഷീലു എബ്രഹാം തുടങ്ങിയവരാണ് താരനിരയിലുള്ള പ്രധാനികള്‍. ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എഫ്.ഐ. മോഷന്‍ പിക്ച്ചേഴ്സും മൂവിക്ഷേത്രയും സെലിബ്രാന്‍ഡ്സും ചേര്‍ന്നാണ് ഈ ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. കിഷോര്‍ വാര്യത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഷാബു അന്തിക്കാടാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ഇമേജസ് ആഡ് ഫിലിംസ്
ലൈന്‍ പ്രൊഡ്യൂസറുമാണ്. ലോകനാഥനാണ് ഛായാഗ്രാഹകന്‍. കല- അപ്പുണ്ണി സാജന്, എഡിറ്റര്‍- സമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്. കോസ്റ്റിയൂം ഡിസൈനര്‍- നയന ശ്രീകാന്ത്.
Recent Comments