കാലമെത്ര കഴിഞ്ഞാലും ചില കഥാപാത്രങ്ങള്‍ ഓരോ സിനിമാസ്വാദകന്റെയും മനസ്സില്‍ കാലാനുവര്‍ത്തിയായി തങ്ങിനില്ക്കും. അത്തരത്തിലൊരു വേഷമാണ് കുതിരവട്ടം പപ്പു അവതരിപ്പിച്ച കാട്ടുപറമ്പന്‍. ഫാസിലിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ കഥാപാത്രമാണ് കാട്ടുപറമ്പന്‍.
29 വര്‍ഷങ്ങള്‍ക്കുശേഷം മണിച്ചിത്രത്താഴ് റീ-റിലീസിന് ഒരുങ്ങുന്നതിനിടെ കുതിരവട്ടം പപ്പുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഈ പോസ്റ്റര്‍ പങ്കുവച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ ബിനു പപ്പു പങ്കുവച്ച ഹൃദ്യമായ കുറിപ്പും അതോടൊപ്പംതന്നെ ശ്രദ്ധേയമാവുകയാണ്.
View this post on Instagram
ബിനു പപ്പു പോസ്റ്ററിനൊപ്പം കുറിച്ച വാക്കുകള്‍:
‘അച്ഛന് മരിച്ച് 24 വര്‍ഷങ്ങള്‍ക്കുശേഷം അച്ഛന് അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോള്‍ അതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യാന്‍ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് അഭിമാനവും സന്തോഷവും നല്കുന്ന കാര്യമാണ്. സിനിമയുടെ സൗന്ദര്യവും ശക്തിയും അതിലുപരി ഒമാന്ത്രികതയും ഇതാണ്, കാലങ്ങള്‍ക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞുപോയ അച്ഛനെപ്പോലെ തന്നെയുള്ള മറ്റു കലാകാരന്മാര് എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നില്‍ വന്നുകൊണ്ടേയിരിക്കും. കലാകാരന്മാര്ക്ക് മരണമില്ല. ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമ അവരെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.’
മണിച്ചിത്രത്താഴിന്റെ റീ റിലീസ് ഓഗസ്റ്റ് 17 നാണ്.
Recent Comments