80-90 വരെയുള്ള കാലഘട്ടങ്ങളില്‍ സിനിമാസ്വാദകരുടെ ഹരമായിരുന്ന സില്‍ക്ക് സ്മിതയെക്കുറിച്ച് മുന്‍പും ചലച്ചിത്രം രൂപം കൊണ്ടിട്ടുണ്ട്. ഇക്കുറി അതില്‍നിന്നൊക്കെ വ്യത്യസ്തമായി സ്മിതയുടെ ജീവിതവുമായി ഏറെ താദാത്മ്യം പ്രാപിച്ചുകൊണ്ടാണ് തങ്ങള്‍ സിനിമ ഒരുക്കുന്നതെന്ന് സംവിധായകനായ കെ.എസ്. മണികണ്ഠന് അവകാശപ്പെടുന്നു.
രാംചരന്റെ രംഗസ്ഥലം കണ്ടവരാരും അനസൂയ ഭരത്വാജിനെ മറന്നുകാണില്ല. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് സ്മിതയുടെ വേഷം കൈകാര്യം ചെയ്യുന്നത് അനസൂയ ഭരത്വാജാണ്. ചിത്രത്തിന്റെ പേര് അവള് അപ്പടി താന്‍ (അവള് അങ്ങനെതന്നെ). ചിത്രം നിര്‍മ്മിക്കുന്നതാകട്ടെ പ്രമുഖരായ രണ്ട് നിര്‍മ്മാതാക്കളാണ്. ഗായത്രി ഫിലിംസിന്റെ ചിത്രാലക്ഷ്മണനും മുരളി സിനി ആര്‍ട്ട്സിന്റെ എച്ച്. മുരളിയും. മറ്റ് താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ താമസിയാതെ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
‘സില്‍ക്ക് സ്മിതയുടെ മാസ്മരികത ഇതുവരെ ആരിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അനസൂയയ്ക്ക് സ്മിതയുമായി സാമ്യമേറെയാണ്. ഇക്കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സ്മിതയുടെ ചരമവാര്‍ഷികദിനം കടന്നുപോയത്. ഈ ചിത്രം ഒരുക്കാന്‍ അതൊരു ഓര്മ്മപ്പെടുത്തലുമായിരിക്കും.’ മണികണ്ഠന് പറഞ്ഞു.
Recent Comments