മുണ്ട് മടക്കി കുത്തി, കാല് മടക്കി തൊഴിക്കുന്ന മംഗലശ്ശേരി നീലകണ്ഠനാകുന്നതിനോടൊപ്പം തന്നെ കുടുംബത്തിനെ രക്ഷിക്കാന്‍ തല്ല് സ്വയം ഏറ്റുവാങ്ങുന്ന ജോര്ജ്ജുകുട്ടിയുമാകുന്ന
വേഷപ്പകര്‍ച്ച സാധ്യമാകുന്ന അഭിനയത്തിന്റെ ഒടിവിദ്യക്കാരനായ മോഹന്‍ലാലിന്, നമ്മുടെ സ്വന്തം ലാലേട്ടന് ഇന്ന് 64-ാം ജന്മദിനം.
ഒരു നോട്ടം, ഒരേയൊരു നോട്ടം. കാറില്‍ നിന്ന് ഇറങ്ങിയ വിന്‍സെന്റ് ഗോമസ് തന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ഫോട്ടോഗ്രാഫറെ നോക്കുന്നു. ആ നോട്ടം കണ്ട് ഭയന്ന് ഫോട്ടോഗ്രാഫര്‍ ഫിലിം നശിപ്പിക്കുന്നു. മൂന്ന് പേജുള്ള ഡയലോഗ് ശബ്ദം വെറപ്പിച്ച് പറയുന്നതിന്റെ പേരല്ല അഭിനയം. ഒറ്റ നോട്ടത്തിലൂടെ ആരാണ് വിന്‍സെന്റ് ഗോമസെന്ന് മോഹന്‍ലാല്‍ കാണിച്ചു തന്നു. ക്യാമറയുടെ പിന്നിലെ ഈ നാണം കുണുങ്ങി പിന്നീട് അഭിനയ കലയെ തന്നെ വിഴുങ്ങുന്ന ബകനായി അവതരിച്ചു.
പേടിപ്പിക്കാന്‍ മാത്രമല്ല കാണുന്ന പ്രേക്ഷകന്റെ ഉള്ളുലക്കാനും അയാള്‍ക്ക് നിസാരമായി കഴിയുമായിരുന്നു. അമൃതം ഗമയിലെ ഹരിദാസ് ഹിപ്പോക്രാറ്റിന്റെ ഫോട്ടോയിലേക്ക് നോക്കുന്ന നോട്ടം ഓര്‍മ്മയില്ലെ? ആ നോട്ടത്തിലുണ്ട് ഹരിദാസ്, ആ നോട്ടത്തിലുണ്ട് എം ടി പറയാന്‍ ഉദ്ദേശിച്ചതെല്ലാം. പിന്നീട് സദയത്തിന്റെ ക്ലൈമാക്സില്‍ വരുമ്പോള്‍ കണ്ണിനുള്ളില്‍ ഹൈമാസ് ലൈറ്റ് ഇട്ടതു പോലുള്ള തിളക്കം പ്രേക്ഷകന് കാണാന്‍ കഴിയും.
അഭിനയത്തിലെ അനായാസത ഒരു കോമ്പറ്റീഷന് ഐറ്റമായിരുന്നെങ്കില് ഗപ്പെല്ലാം തന്നെ മോഹന്‍ലാലിന്റെ മുടവന്മുകളിലുള്ള വീട്ടിലിരുന്നേനെ. ടി പി ബാലഗോപാലന്, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയത്തിന്റെ അനായാസത കൊണ്ട് പ്രേക്ഷകനെ തഴുകി അസൂയപ്പെടുത്തുന്നു. എല്ലാ ഭാഷയിലും ചെന്ന് അഭിനയിച്ചാല്‍ ഉണ്ടാകുന്ന പദവിയാണ് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍, എന്ന ഒരു തെറ്റിദ്ധാരണ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ട്. ഒരാളുടെ ചിത്രങ്ങള്‍ രാജ്യം മുഴുവന്‍ കാണുമ്പോഴാണ് സത്യത്തില്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വാക്കുകള്‍ക്ക് അര്‍ത്ഥം ഉണ്ടാകുന്നത്. മലയാള സിനിമയിലൂടെ ഇന്ത്യ ഒന്നാകെ പ്രശസ്തിയുണ്ടാക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന പദവി ഏറ്റവും നന്നായി യോജിക്കുന്നത് നമ്മുടെ ലാലേട്ടന് തന്നെയാണ്.
അത്തരത്തില്‍ അന്താരാഷ്ട്ര വേദികളില്‍ വരെ മികച്ച പ്രശംസകള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് 1999 ല്‍ പുറത്തിറങ്ങിയ ‘വാനപ്രസ്ഥം’. ആ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രീമിയര്‍ ചെയ്യപ്പെടുകയും മോഹന്‍ലാലിന് റെഡ് കാര്‍പ്പെറ്റ് എന്‍ട്രി ലഭിക്കുകയും ചെയ്തു. പ്രദര്‍ശന ശേഷം പുറത്തിറങ്ങുമ്പോള്‍ വലിയൊരു ജനക്കൂട്ടം മോഹന്‍ലാലിനെ വളയുകയുണ്ടായി… ”താങ്കള്‍ ഇന്ത്യയില്‍ ജനിക്കേണ്ട ആളല്ല… മറ്റെവിടെയെങ്കിലും ആയിരുന്നുവെങ്കില്‍ എത്രയോ അംഗീകാരങ്ങള്‍ ലഭിക്കുമായിരുന്നു…” എന്നു സായിപ്പന്മാര് മോഹന്‍ലാലിനോട് പറഞ്ഞു. പ്രശംസാ വചനങ്ങള്‍ എല്ലാ കേട്ടു സൗമ്യനായി ചിരിച്ചു കൊണ്ടു നില്ക്കുന്ന മോഹന്‍ലാലിന്റെ മുഖം ഷാജി എന്‍ കരുണ്‍ ഇന്നും ഓര്‍മ്മിക്കുന്നു.
നാല് ദേശീയ പുരസ്കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോഹന്‍ലാല്‍ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാന്‍ഡാണ്. ബോക്സ് ഓഫീസ് കണക്കുകള്‍ പരിശോധിച്ചു നോക്കിയാല്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും മോഹന്‍ലാല്‍ ചിത്രങ്ങളാണ്.
കുന്ന് കൂട്ടിയിട്ട നേട്ടങ്ങള്‍ക്കപ്പുറം ഏതൊരു കൊച്ചു കുഞ്ഞും തോള് ചെരിച്ചാല്‍ സ്വയം മോഹന്‍ലാലായി മാറുന്നു. ആ ഒരു ലാളിത്യം വേറൊരു നടനും അവകാശപ്പെടാന്‍ കഴിയുന്നതല്ല. മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന് വിചാരിച്ചാണ് വല്യമ്മാവനായ ഗോപിനാഥന് നായര്‍ മോഹന്‍ലാല്‍ എന്ന നാമം അദ്ദേഹത്തിനിട്ടത്. ഒരു ജനതയുടെ തന്നെ സിനിമ സ്വപ്നങ്ങള്‍ക്ക് മോഹവും ദാഹവും പകരുവാന്‍ ആ പേരിന് ഇന്നും സാധിക്കുന്നു. ഹാപ്പി ബര്‍ത്തഡേ ലാലേട്ടാ…
Recent Comments