എല്ലാ അവാര്‍ഡുകളുടെയും ഉപോത്പന്നമാണ് വിവാദങ്ങള്‍. കലയെ ത്രാസില്‍ കയറ്റി വെക്കുമ്പോള്‍, തൂക്കം നോക്കുന്നവന് മുതല്‍ കണ്ടു നില്ക്കുന്നവന് വരെ കുറ്റാരോപിതരാകും. ചെറുതും വലുതുമായ നിരവധി വിവാദങ്ങള്‍ തല പൊക്കിയ ഈ ദിവസത്തില്‍ ഒരേയൊരു സിനിമാക്കാരന് മാത്രമാണ് തന്റെ വിഷമം പ്രത്യക്ഷത്തില്‍ പങ്കുവെച്ചു മുന്നോട്ട് വന്നത്.
അത് മറ്റാരുമല്ല, ആട് ജീവിതത്തിന്റെ സംവിധായകനായ ബ്ലെസിയാണ്. ഏ.ആര് റഹ്മാന് സംഗീത വിഭാഗത്തില്‍ അവാര്‍ഡ് കിട്ടിയില്ല എന്നതാണ് ബ്ലെസിയുടെ വിഷമം. ഇത് പരാതിയല്ല ഒരു പരിഭവം മാത്രമാണെന്നുള്ള ധ്വനിയും ബ്ലെസിയുടെ വാക്കുകളിലുണ്ട്. കേരളം മൊത്തം പാടി നടന്ന പാട്ട് അവാര്‍ഡില്‍ നിരസിക്കപ്പെട്ട ഇച്ഛാഭംഗമാണ് തനിക്കെന്നും ബ്ലെസി പറയുന്നു.
മുന്‍ധാരണകളോടെ അവാര്‍ഡിനെ സമീപിച്ചു എന്നതാണ് ബ്ലെസിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച. ആടു ജീവിതത്തില്‍ റഹ്മാന്റെ സംഗീതം മികച്ചത് തന്നെ. ഈ അവാര്‍ഡ് ആ മികവിനെയൊന്നും ഖണ്ഡിക്കുന്നില്ല. മറിച്ച് ഒരു വിഭാഗം ആളുകള്‍ക്ക് (ജ്യൂറി) മറ്റൊന്ന് കൂടുതല്‍ മികച്ചതായി അനുഭവപ്പെട്ടു എന്നേ ഈ അവാര്‍ഡ് ഉദ്ദേശിക്കുന്നുള്ളു. റഹ്മാനെ പോലൊരു സംഗീത സാമ്രാട്ട് മലയാളത്തില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിക്കുന്ന രീതിയില്‍ ഒരു സൃഷ്ടി ചെയ്തപ്പോള്‍ ബ്ലെസി ആ അവാര്‍ഡ് മനസ്സിനുള്ളില്‍ ഉറപ്പിച്ചു കഴിഞ്ഞു എന്ന് വേണം മനസ്സിലാക്കാന്‍.
എന്തിരുന്നാലും ബ്ലെസിയെ പോലൊരു സീനിയര്‍ സംവിധായകന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത് ഉചിതമായി തോന്നുന്നില്ല. തല്‍ക്ഷണം തന്നെ ഇങ്ങനൊരു അഭിപ്രായം തനിക്കില്ലെന്ന് പറഞ്ഞ പൃഥ്വിരാജ് ബ്ലെസിയുടെ വിഷമത്തിലെ ഔചിത്യമില്ലായ്മ പ്രതിഫലിപ്പിക്കുന്നു. മികച്ച സംഗീത സംവിധായകന്റെ അവാര്‍ഡ് വാങ്ങിയ ജസ്റ്റിന് വര്‍ഗീസ് എല്ലാ അര്‍ത്ഥത്തിലും ഇത് അര്‍ഹിക്കുന്നു. പാടി നടന്ന കണക്കെടുത്ത് അവാര്‍ഡ് നിര്‍ണയിക്കുകയാണെങ്കില്‍ ചാവേറിലെ ജസ്റ്റിന്റെ പൊലിക എന്ന ഗാനം ഇന്‍സ്റ്റാഗ്രാമില്‍ അന്തര്‍ദേശീയ ശ്രദ്ധ നേടി എന്നതും പരിഗണിക്കണമല്ലൊ.
ചുരുക്കത്തില്‍ ഒരു ആത്മപരിശോധന നടത്തിയാല്‍ മാറാവുന്ന വിഷമമേ ഇപ്പോള്‍ ബ്ലെസിക്കുള്ളു. ആശിച്ച ഒന്ന് കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന നിരാശ എത്രയും വേഗം മാറട്ടെ. ഒപ്പം അവാര്‍ഡ് കിട്ടിയതില്‍ അഭിനന്ദനങ്ങളും. വിവാദമൊടുങ്ങിയ ഒരു അവാര്‍ഡ് കാലം വിദൂരതയിലെ ഒരു സ്വപ്നമായി ഇന്നും അവശേഷിക്കുന്നു.
Recent Comments