ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ മൗനം പാലിക്കുന്നതെന്തിനാണെന്ന് ചിലര്‍ ചോദിച്ചു കേട്ടു. അക്കൂട്ടത്തില്‍ ചില സിനിമാപ്രവര്‍ത്തകരുമുണ്ട്. അങ്ങനെ അവര്‍ ചോദിച്ചതില്‍ തെറ്റ് പറയാനാകില്ല. കാരണം ഓരോ നിമിഷവും വിഷപ്പുക ശ്വസിച്ച് ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവരെന്ന നിലയില്‍ ഏത് ആശ്വാസ വാക്കുകളും അവര്‍ക്ക് പച്ചതുരുത്തുകളാണ്. അല്ലെങ്കില്‍ തങ്ങളുടെ തലമുതിര്‍ന്ന താരങ്ങള്‍ നടത്തുന്ന അഭിപ്രായം അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
പക്ഷേ സംഭവിച്ചതോ? അഞ്ച് വര്‍ഷങ്ങള്‍ക്കുമ്പ് തന്റെ ബ്ലോഗില്‍ മാലിന്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ എഴുതിയ വരികള്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഓര്‍മ്മ കാണും ‘കേരളത്തെ പേടിപ്പിക്കുന്ന ഭീകരന് മാലിന്യങ്ങളെന്നാണ്’ അന്നദ്ദേഹം പറഞ്ഞത്. മാലിന്യങ്ങള്‍ ചെറിയ കവറുകളിലാക്കി പൊതുസ്ഥലത്ത് വലിച്ചെറിയുന്ന നമ്മുടെ ശീലങ്ങളെ കണ്ടുമടുത്തിട്ടാണ് അന്നദ്ദേഹം അങ്ങനെ കുറിച്ചത്. എന്നുമാത്രമല്ല, ആ കത്ത് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് അയച്ചുകൊടുക്കുകയും ചെയ്തു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് എത്രയുംവേഗം തീരുമാനങ്ങളുണ്ടാകണമെന്നും അദ്ദേഹം ആ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം തിരുവനന്തപുരത്ത് മാലിന്യവിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന പല മീറ്റിംഗുകളിലും ലാല്‍ പങ്കെടുത്തു. പക്ഷേ കേട്ടതുതന്നെ വീണ്ടും കേള്‍ക്കേണ്ടിവന്നപ്പോള്‍ ആ വഴിപാട് യാത്ര അദ്ദേഹം ഒഴിവാക്കി. മാലിന്യസംസ്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകളോ വാഗ്ദാനങ്ങളോ അല്ല, പ്രവൃത്തിയാണ് വേണ്ടതെന്ന് ലാല്‍ ഊന്നി പറഞ്ഞു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അന്ന് പ്രവൃത്തിക്കാത്തതിന്റെ ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറച്ചുമുമ്പ് എഴുതിയ കുറിപ്പില്‍ പറയുന്നു.
ഏതാണ്ട് സമാനമായ രീതിയില്‍ മമ്മൂട്ടിയും എഴുതി. ‘മാലിന്യ സംസ്കാരണത്തെക്കുറിച്ച് നമ്മുടെ നാടിന് കൃത്യമായ നയമില്ല.’ ഇതിനെക്കാളും കൃത്യമായി മറ്റൊരാള്‍ക്കും തുറന്നെഴുതാനാവില്ല. എന്റെ വീട്ടിലെ മാലിന്യം മുനിമിപ്പാലിറ്റിയോ കോര്‍പ്പറേഷനോ കൊണ്ടുപോകട്ടേയെന്ന് ജനങ്ങളും സ്വന്തമായി ഉണ്ടാക്കുന്നതല്ലേ അപ്പോള്‍ ജനം തന്നെ അനുഭവിക്കട്ടേയെന്ന് അത് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ടവരും കരുതുന്നതിന്റെ ഫലമാണ് ബ്രഹ്മപുരം പോലെയുള്ള മാലിന്യ മലകള്‍. മമ്മൂട്ടി എഴുതി.
വാസ്തവത്തില്‍ സൂപ്പര്‍താരങ്ങള്‍ മൗനം പാലിക്കുകയല്ല, പറഞ്ഞാലും ഇവിടെ ആരും കേള്‍ക്കാനില്ല എന്ന ദുഃഖമാണ് അവരെയും കാര്‍ന്നു തിന്നുന്നത്. എന്നിട്ടും നിവൃത്തികേട് കൊണ്ട് അവര്‍ എഴുതി പോവുകയാണ്. ഇനിയെങ്കിലും നല്ലത് സംഭവിക്കുമെന്ന ശുഭപ്രതീക്ഷയോടെ…
Recent Comments