2020 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാംപാതിര. കുഞ്ചാക്കോബോബനായിരുന്നു നായകന്. അന്‍വര്‍ ഹുസൈന് എന്ന സൈക്കോളജിസ്റ്റിനെയാണ് ചാക്കോച്ചന് ഈ സിനിമയില്‍ അവതരിപ്പിച്ചത്. കൊച്ചി സിറ്റി പോലീസിനെ സഹായിക്കുന്ന കണ്‍സള്‍ട്ടിംഗ് ക്രിമിനോളജിസ്റ്റായി ചാക്കോച്ചന് തിളങ്ങിയ ചിത്രംകൂടിയായിരുന്നു. ഷറഫുദ്ദീന്, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, രമ്യാ നമ്പീശന്, ശ്രീനാഥ് ഭാസി, ജാഫര്‍ ഇടുക്കി, സാദിക്ക്, സുധീഷ്, ബോബന് സാമുവല്‍ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ടായിരുന്നു.
അന്‍വര്‍ ഹുസൈന് എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അഞ്ചാംപാതിരയുടെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന് മാനുവല്‍ തോമസ്. ആറാം പാതിര എന്നാണ് ചിത്ത്രതിന്റെ പേര്.
ആറാംപാതിര, അഞ്ചാംപാതിരയുടെ രണ്ടാംഭാഗമാണോ?
ഞങ്ങളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് നിര്‍മ്മാതാവ് ആഷിക് ഉസ്മാനാണ്.
അല്ല, അഞ്ചാംപാതിരയില്നിന്ന് അന്‍വര്‍ ഹുസൈനെ മാത്രമേ കടംകൊണ്ടിട്ടുള്ളൂ. കഥയും കഥാപരിസരവും കഥാപാത്രങ്ങളുമെല്ലാം പുതുതാണ്. എന്നാല്‍ അഞ്ചാംപാതിരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ടെക്നീഷ്യന്മാരെയും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.
അന്‍വര്‍ ഹുസൈനെ വീണ്ടും അവതരിപ്പിക്കാനുണ്ടായ കാരണമെന്താണ്?
തീര്‍ച്ചയായും അഞ്ചാംപാതിരയുടെ സ്വപ്നതുല്യമായ വിജയംതന്നെയാണ് അതിന് കാരണം. പ്രേക്ഷകര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു ആ ചിത്രം. അഞ്ചാംപാതിരയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. അടുത്തിടെ മിഥുന് എന്നോട് ഒരു കഥ പറഞ്ഞപ്പോള്‍, എങ്കില്‍ എന്തുകൊണ്ട് അന്‍വര്‍ ഹുസൈനിലൂടെ അത് പറഞ്ഞുകൂടാ എന്ന ചിന്തയില്‍നിന്നാണ് ആറാം പാതിര പിറവി കൊള്ളുന്നത്. ഇനി ഒരുപക്ഷേ അന്‍വറിലൂടെ വേറെയും കഥകള്‍ പറഞ്ഞുകൂടെന്നില്ല.
ഷൂട്ടിംഗ് എന്ന് തുടങ്ങും?
മെയില്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
താരനിര്‍ണ്ണയം പൂര്‍ത്തിയായോ?
ഒന്നും തുടങ്ങിയിട്ടില്ല. തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഇനിവേണം എല്ലാം ആദ്യംമുതല്‍ തുടങ്ങാന്‍. കേരളത്തിലെ ഏതെങ്കിലും ഹൈറേഞ്ച് പ്രദേശത്താവും ഷൂട്ടിംഗ്.
Recent Comments