ലോക്ക് ഡൗണിനെത്തുടര്‍ന്ന് മമ്മൂട്ടി വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിട്ട് ഏതാണ്ട് പത്ത് മാസങ്ങളാകാന്‍ പോകുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ ഇത്രയും നീണ്ട ഇടവേളയെടുത്ത ഒരു സന്ദര്‍ഭം മുമ്പുണ്ടായിട്ടില്ല. ഒരു സിനിമ കഴിഞ്ഞാല്‍ മറ്റൊന്നിലേയ്ക്ക്. അതായിരുന്നു അദ്ദേഹത്തിന്റെ രീതി.
ഏകാന്തത ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് മമ്മൂട്ടി. എന്നും എപ്പോഴും നല്ല സൗഹൃദങ്ങള്‍ക്ക് നടുവിലായിരുന്നു അദ്ദേഹം. അതുകൊണ്ട് ഈ ഒറ്റപ്പെടല്‍ മറ്റാരേക്കാളും വേദനിപ്പിച്ചിട്ടുണ്ടാവുക മമ്മൂട്ടിയെയായിരിക്കും. എന്നിട്ടും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ അദ്ദേഹം ക്ഷമ കാണിച്ചു. മറ്റുള്ളവര്‍ക്ക് മാതൃകയായി.
കഴിഞ്ഞ മാസമാണ് മമ്മൂട്ടി സുഹൃത്തുക്കള്‍ക്കൊപ്പം വീടുവിട്ട് പുറത്തിറങ്ങിയത്. ഒരു പരസ്യചിത്രത്തിലും അഭിനയിച്ചു. അപ്പോഴും സിനിമയില്‍ സജീവമാകുന്നതിന്റെ സൂചനകളൊന്നും അദ്ദേഹം നല്‍കിയിരുന്നില്ല. എന്നാലിപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച് കോവിഡാനന്തരം മമ്മൂട്ടി ആദ്യം അഭിനയിക്കുന്നത് അമല്‍നീരദ് ചിത്രത്തിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 20 ന് കൊച്ചിയില്‍ ആരംഭിക്കും.
ലോക്ക് ഡൗണിനുശേഷം മമ്മൂട്ടി താടിയും മുടിയും മുറിച്ചിട്ടുണ്ടായിരുന്നില്ല. അടുത്തിടെ ആന്റണിപെരുമ്പാവൂരിന്റെ മകളുടെ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയതും ആ ഗെറ്റപ്പിലായിരുന്നു. അമലിന്റെ കഥാപാത്രത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. അതിന് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സിനിമാവൃത്തങ്ങളില്നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
സംവിധായകന് അമല്‍നീരദ് ആയതുകൊണ്ടുതന്നെ അത് ഒന്നൊന്നര ഗെറ്റപ്പാകും. കാരണം തന്റെ കഥാപാത്രങ്ങളെ ഇത്രമാത്രം സ്റ്റൈലിഷ് ചെയ്ത് അവതരിപ്പിച്ചിട്ടുള്ള മറ്റൊരു സംവിധായകന് അമലിനോളം വേറെയില്ല. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്കിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകരും.
അമലിന്റെ ചിത്രം പൂര്‍ത്തിയാക്കി മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത് നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ജോര്‍ജാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.
Recent Comments