പാര്‍ട്ടി രൂപീകരണത്തില്‍നിന്ന് പിന്മാറുന്നു എന്ന് അറിയിച്ചതിന് പിന്നാലെ രജനീകാന്തിന്റെ ആരാധകര്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ ധര്‍ണ്ണ ഇരിക്കുകയാണ്. ധര്‍ണ്ണ മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. രജനി രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങിവരണം എന്നാണവരുടെ ആവശ്യം. വെള്ളിത്തിരയിലെ വീരനായകന് തങ്ങള്‍ക്ക് രക്ഷകനാകുമെന്ന് അവര്‍ കരുതുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, രജനീകാന്തിനെ വേട്ടയാടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് തിരിച്ചറിയാതെ പോകരുത്.
‘മരണത്തെ സ്വയം ക്ഷണിച്ചുവരുത്തുക’യാണെന്ന ഡോക്ടര്‍മാരുടെ ശക്തമായ താക്കീതാണ് പെട്ടെന്നുള്ള രജനിയുടെ രാഷ്ട്രീയ പിന്മാറ്റത്തിന് കാരണം. അപ്പോളോ ഹോസ്പിറ്റലില്‍ രജനിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഇക്കാര്യങ്ങള്‍ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയിരുന്നു.
മെലിഞ്ഞ് ആരോഗ്യ ദൃഢഗാത്രനെപ്പോലെ തോന്നിക്കുന്നുണ്ടെങ്കിലും ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ രജനി നേരിടുന്നുണ്ട്. 2012 ലാണ് തുടക്കം. അന്ന് രജനിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത് ഫുഡ്പോയ്സനെ തുടര്‍ന്നായിരുന്നു. പിന്നീടുള്ള വിദഗ്ദ്ധ പരിശോധനയിലാണ് അദ്ദേഹത്തിന്റെ വൃക്കകള്‍ പ്രവര്ത്തനരഹിതമായിക്കൊണ്ടിരിക്കുന്നുവെന്ന് അറിയുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ വേറെയും.
കടുത്ത മദ്യപാനവും പുകവലിയും ആദ്യകാലത്ത് രജനി ഒപ്പം കൊണ്ട് നടന്നിരുന്ന ശീലങ്ങളായിരുന്നു. പിന്നീടത് ഉപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളെ അത് സാരമായി ബാധിച്ചിരുന്നു. ഇതിനുശേഷമാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനാകുന്നത്. കുടുംബാംഗങ്ങള്‍ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും, യാഥാര്‍ത്ഥ്യമാണ്.
കടുത്ത രക്തസമ്മര്‍ദ്ദമാണ് രജനി നേരിടുന്ന മറ്റൊരു പ്രശ്നം. രാഷ്ട്രീയ പ്രചാരണ പരിപാടികളില്‍ വിശ്രമമില്ലാതെ പങ്കെടുക്കേണ്ടി വരുമെന്നതിനാല്‍ രക്തസമ്മര്‍ദ്ദം കാര്യമായി വ്യത്യാസപ്പെടാന്‍ ഇടയുണ്ട്. അത് വരുത്തിവയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാണ്. കോവിഡ് കാലമായതിനാല്‍ അതിന്റെ അപകടാവസ്ഥ ഇരിട്ടിക്കും. അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ക്ക് മരണം സുനിശ്ചിതമെന്ന വിധിയേഴുത്തിലേക്ക് നിര്‍ഭാഗ്യവശാല്‍ പോകേണ്ടിവന്നത്. ഈ അവസ്ഥയില്‍ പാര്‍ട്ടി രൂപീകരണത്തില്‍നിന്ന് പിന്മാറുകയല്ലാതെ മറ്റ് വഴികളൊന്നും രജനിക്ക് മുന്നിലുണ്ടായിരുന്നില്ല.
പാര്‍ട്ടിരൂപീകരണം തുടങ്ങിവച്ച് പാതിവഴിയില്‍ ഉപേക്ഷിക്കുന്നതിന്റെ അപകടാവസ്ഥ മറ്റാരേക്കാളും രജനിക്ക് നന്നായിട്ടറിയാം. ഭാവിയില്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളിലും രജനി ആശങ്കാകുലനായിരുന്നു. ഇതിനുള്ള പരിഹാരം രാഷ്ട്രീയത്തില്‍നിന്ന് ഒഴിവായി നില്‍ക്കുന്നതാണെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ ആത്മീയ ഗുരുക്കന്മാരുടെ ഉപദേശവും രജനിയുടെ തീരുമാനത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്.
രജനിയോടുള്ള ഇഷ്ടം ആത്മാര്ത്ഥമുള്ളതാണെങ്കില് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രകടനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് വേണ്ടത്. ഈ അവസരത്തില്‍ രജനീകാന്ത് എന്ന മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതിയും അതായിരിക്കും.
Recent Comments