ബൃന്ദാമാസ്റ്ററെ വിളിക്കുമ്പോള്‍ അവര്‍ ചെന്നൈയില്തന്നെയുണ്ടായിരുന്നു. വളച്ചുകെട്ടലുകളൊന്നുമില്ലാതെ ‘ഹേയ് സിനാമിക’യിലേയ്ക്ക് തന്നെയാണ് ആദ്യം കടന്നത്. ബൃന്ദ സംവിധാനം ചെയ്യുന്ന ആദ്യ ചലച്ചിത്രമാണ് ഹേയ് സിനാമിക.
സംവിധായികയാകാന്‍ ആഗ്രഹിച്ചിരുന്നോ?
ഇല്ല, എന്നാല്‍ ഞാന്‍ സംവിധായികയായി കാണാന്‍ ആഗ്രഹിച്ചിരുന്ന ഒരാള്‍ നിര്‍മ്മാതാവ് രമേശാണ്. അതിനുവേണ്ടി എട്ട് വര്‍ഷമാണ് അദ്ദേഹം എനിക്കുവേണ്ടി കാത്തിരുന്നത്. മഥന്‍ കര്‍ക്കിയുടെ ഒരു നല്ല കഥകൂടി വന്നുചേര്ന്നപ്പോള് സംവിധായികയാകാന്‍ തീരുമാനിക്കുകയായിരുന്നു.
നായകനായി ദുല്‍ഖര്‍ സല്മാനിലേയ്ക്ക് എത്തിച്ചേര്‍ന്നതോ?
കഥ വായിച്ചുകേട്ടപ്പോള്തന്നെ ആദ്യം മനസ്സില്‍ വന്ന രൂപം ദുല്ഖറിന്റേതായിരുന്നു. മഥന്‍ കര്‍ക്കി നേരിട്ടാണ് ദുല്‍ഖറിനോട് കഥ പറയുന്നത്. കഥ കേട്ടപ്പോള്‍തന്നെ ദുല്‍ഖറും സമ്മതം മൂളി.
ദുല്‍ഖര്‍ എന്ന നടനെക്കുറിച്ച്?
ദുല്‍ഖറിനെ എനിക്ക് നേരിത്തേ അറിയാം. അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ക്കുവേണ്ടി ഞാന്‍ കോറിയോഗ്രാഫി നിര്‍വ്വഹിച്ചിട്ടുണ്ട്. വളരെ എളിമയുള്ള നടനാണ് അദ്ദേഹം. എല്ലാവരോടും വിനയത്തോടെയാണ് പെരുമാറുന്നത്. സെറ്റിലുള്ള എല്ലാവര്ക്കും ദുല്‍ഖറിനെ അത്രകണ്ട് ഇഷ്ടമാണ്. ഷൂട്ടിംഗ് സമയത്ത് ഒരിക്കല്‍പോലും അദ്ദേഹം മോണിറ്ററില്‍ വന്ന് നോക്കിയിട്ടില്ല. അഭിപ്രായം പറഞ്ഞിട്ടില്ല. അദ്ദേഹം വരും തന്റെ ജോലി ചെയ്യും. അത്രമാത്രം. ഒരു സംവിധായികയെന്ന നിലയില്‍ അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസമായിരിക്കാം അത്. ഇനി ഒരു പക്ഷേ എന്റെ ജോലി ഏറ്റവും ലളിതമാക്കി തീര്‍ത്തത് ഈ സിനിമയിലെ അഭിനേതാക്കള്തന്നെയാണ്. പ്രത്യേകം നന്ദി പറയേണ്ടത് ദുര്ഖറിനോട് തന്നെയാണ്. പിന്നെ കാജല്‍, അദിഥി റാവുവും അങ്ങനെയങ്ങനെ.
മമ്മൂട്ടിയെ വിളിച്ചിരുന്നോ?
ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞാനുമുണ്ടായിരുന്നു, കോറിയോഗ്രാഫറായിട്ട്. അന്ന് അദ്ദേഹം എന്നെ വിളിപ്പിച്ചു. ‘എന്റെ മകനെ വച്ച് പടം ചെയ്യുന്നുണ്ടോ’ എന്നാണ് കണ്ടയുടനെ ചോദിച്ചത്. ‘അതെ’ ഞാന്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടി. എന്റെ തോളില്‍ തട്ടിയിട്ട് ‘എല്ലാം നന്നായി വരും’ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് എനിക്ക് സമ്മാനിച്ച ഊര്‍ജ്ജം ചെറുതല്ല.
എത്ര ദിവസംകൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്?
62 ദിവസമാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. 42 ദിവസംകൊണ്ട് പൂര്‍ത്തിയായി. ആദ്യ കോവിഡിന്റെ വരവിനുമുമ്പേ ഞങ്ങള്‍ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പിന്നീട് ഷെഡ്യൂള്‍ വേണ്ടിവന്നു. അതേവര്‍ഷം നവംബര്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുകയും ചെയ്തു. ചെന്നൈയും പോണ്ടിച്ചേരിയുമായിരുന്നു പ്രധാന ലൊക്കേഷന്‍.
മറ്റു താരനിരക്കാര്‍ ആരൊക്കെയാണ്?
ദുല്‍ഖറും കാജല്‍ അഗര്‍വാളും അദിഥി റാവുവിനെയും കൂടാതെ യോഗി ബാബു, നക്ഷത്ര, അഭിഷേക് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തുടര്‍ന്നും സിനിമകള്‍ സംവിധാനം ചെയ്യുമോ?
തീര്‍ച്ചയായും. എന്നുകരുതി ഞാന്‍ കോറിയോഗ്രഫി ഉപേക്ഷിക്കില്ല. അതെന്റെ അന്നമാണ്, രക്തമാണ്.
മലയാളത്തിലും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടോ?
പിന്നെന്താ, നല്ല കഥകള്‍ വന്നാല്‍ തീര്‍ച്ചയായും സിനിമ ചെയ്യും.
ഇതിലെ കോറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നതും മാസ്റ്റര്‍ തന്നെയാണോ?
അതെ.
റിലീസ് എന്നാണ് തീരുമാനിച്ചിരിക്കുന്നത്?
ഫെബ്രുവരി 25 ന്. കോവിഡ് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ ആ ഡേറ്റില്തന്നെ റിലീസ് ചെയ്യും.
Recent Comments