ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മൂപ്പിളമ തര്‍ക്കം പോലെയാണ് ആങ്ങള പെങ്ങള ഗെയിമുകള്‍. കേരളത്തിലെ ആങ്ങള പെങ്ങളാണ് ലീഡര്‍ കരുണാകരന്റെ മക്കളായ കെ. മുരളീധരനും പത്മജ വേണുഗോപാലും. ഇരുവരും രാഷ്ട്രീയത്തിലെത്തിയതോടെയാണ് ശത്രുക്കളായത്. ഇതേമാതിരിയാണ് ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക വദേരയുടെയും സ്ഥിതി.
പത്മജയുടെ രാഷ്ട്രീയ പ്രവേശനത്തെ മുരളീധരന് അസന്തുഷ്ടിയോടെയാണ് സ്വീകരിച്ചത്. ഇരുവരും രാഷ്ട്രീയത്തില്‍ വരുന്നതിനു മുമ്പേ അധികാരത്തില്‍ ഇടപ്പെട്ടു തുടങ്ങിയിരുന്നു. കെ കരുണാകരന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള അധികാര വടം വലികള്‍ ശക്തമായിരുന്നു. അതിനു നിരവധി ഉദാഹരണങ്ങള്‍ നിരത്താന്‍ ഉണ്ടാവും. പല സംഭവങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ മൂകസാക്ഷികളുമാണ്. അതിലൊരു സംഭവം ഇങ്ങനെയാണ്. പൊലീസിലെ ഏറ്റവും ഉന്നത പദവിയായ ഡിജിപി പോസ്റ്റ് കിട്ടാന്‍ രണ്ടു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നീക്കം നടത്തി. ഒരാള്‍ ജയറാം പടിക്കലും മറ്റൊരാള്‍ മധുസൂദനനുമായിരുന്നു. ഇവരില്‍ ഓരോരുത്തര്‍ക്കും വേണ്ടി ചരട് വലിച്ചത് ആങ്ങളയും പെങ്ങളും ആയിരുന്നു.
തമിഴ്നാട്ടിലും ഇതേമാതിരി ആങ്ങള പെങ്ങള് മത്സരം ശക്തമാണ്. എം കെ സ്റ്റാലിന്റെ സഹോദരിയാണ് കനിമൊഴി. സ്റ്റാലിന് മുഖ്യമന്ത്രിയായപ്പോള്‍ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി കനിമൊഴി നിയമിതയായി. ഇവരുടെ വീട്ടിലെ ആഭ്യന്തര പ്രശ്നങ്ങളും പടലപ്പിണക്കങ്ങളും പ്രസിദ്ധമാണ്.
ആന്ധ്രപ്രദേശിലെ വൈ എസ് ആര് കോണ്‍ഗ്രസിലും ആങ്ങള പെങ്ങള് മത്സരം പൊടിപാറുകയാണ്. ഇവിടെ ആങ്ങള ജഗന്മോഹനും പെങ്ങള് ശര്‍മിളയും തമ്മില്‍ സ്വന്തം പാര്‍ട്ടിയില്‍ ശക്തമായ കിടമത്സരമായിരുന്നു. ഒടുക്കം ശര്‍മിള ആങ്ങളയുമായി കലഹിച്ച് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തി. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആന്ധ്രപ്രദേശ് പിസിസി പ്രസിഡന്റാണ്. അതോടെ ആങ്ങളയും പെങ്ങളും കണ്ടാല്‍ മിണ്ടാതെയായി എന്ന് മാത്രമല്ല കടുത്ത ശത്രുക്കളുമാണ്. ഇതേപോലെയാണ് കേരളത്തിലെ ആങ്ങളയും പെങ്ങളുമായ മുരളിയും പത്മജയും. പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
തെലുങ്കാനയില്‍ കുറച്ചുകാലം മുമ്പ് ബി ആര് എസ് എന്ന പാര്‍ട്ടിയില്‍ കുടുംബ ഭരണമായിരുന്നു. കെ ചന്ദ്രശേഖര്‍ റാവുവും മകന് കെ ടി രാമറാവു, മകള്‍ കെ ടി കവിത എന്നിവരായിരുന്നു ഭരണം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഈ കുടുംബത്തിനു അധികാരത്തില്‍ നിന്നും പുറത്ത് പോവേണ്ടി വന്നത്. കെ ടി കവിത ഇപ്പോള്‍ അഴിമതി കേസില്‍ ജയിലിലാണ്. തെലുങ്കാനയില്‍ ഇതുവരെ ആങ്ങളയായ കെ ടി രാമറാവുവും കെ ടി കവിതയും തമ്മില്‍ പരസ്യമായ ചേരിപ്പോരുകള്‍ ഉണ്ടായിട്ടില്ല. ഭാവിയില്‍ ഉണ്ടായേക്കാം.
ബിഹാറില്‍ ലാലുപ്രസാദ് യാദവിന്റെ കുടുബമാണ് അവിടെ ഭരണ കക്ഷിയും പ്രതിപക്ഷവും. ലാലു അഴിമതി കേസില്‍ ജയിലില്‍ പോയപ്പോള്‍ ഭാര്യയാണ് മുഖ്യമന്ത്രിയായത്. ലാലുവിന്റെ മക്കളും മരുമക്കളുമാണ് ബീഹാര്‍ രാഷ്ട്രീയം നിയന്ത്രിക്കുന്നത്. അവിടെ ആങ്ങളമാരും പെങ്ങള്മാരുമുണ്ട്. അധികാര വടംവലികളും നടക്കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ ശരത് പവാറിന്റെ സഹോദര പുത്രനാണ് അജിത് പവാര്‍. ഇരുവരും കടുത്ത ശത്രുക്കളാണ്. അജിത് പവാര്‍ ബിജെപി പക്ഷത്തും അജിത് പവാര്‍ പ്രതിപക്ഷ നിലയിലുമാണ്. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും തമ്മില്‍ ബാരമതി ലോകസഭ സീറ്റിലാണ് ഇവര്‍ തമ്മില്‍ മത്സരിക്കുന്നത്.
ഗാന്ധി കുടുംബത്തില്‍നിന്നും പ്രിയങ്ക രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനോട് രാഹുല്‍ ഗാന്ധിക്ക് താല്‍പ്പര്യമില്ല. അവരുടെ മാതാവ് സോണിയ ഗാന്ധി നിലവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ രംഗത്തുണ്ട്. അതിനിടയില്‍ പ്രിയങ്ക ഗാന്ധി കൂടി വന്നാല്‍ കുടുംബപാര്‍ട്ടി എന്ന് വീണ്ടും മുദ്രകുത്തും. റായ്ബറേലിയയിലും അമേഠിയില്‍ പ്രിയങ്ക ഗാന്ധിക്കും അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വദേരയ്ക്കും മത്സരിക്കുവാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നു. അവര്‍ക്ക് സീറ്റ് നല്‍കാതിരുന്നത് രാഹുല്‍ മുന്‍കൈയെടുത്താണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.
അമേഠി, റായ്ബറേലി എന്നീ സീറ്റുകളിലൊന്നില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ മത്സരിക്കണമെന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് താല്‍പ്പര്യമില്ലാതിരുന്ന രാഹുല്‍ മത്സരിക്കുവാന്‍ നിര്‍ബന്ധിതനായത്. അല്ലായിരുന്നെങ്കില്‍ പ്രിയങ്കയെയോ , അവരുടെ ഭര്‍ത്താവോ സ്ഥാനാര്‍ത്ഥിയാകും. അത് ഒഴിവാക്കാനാണ് രാഹുല്‍ റായ്ബറേലിയയില്‍ സ്ഥാനാര്‍ത്ഥിയായത്. പരസ്യമായി രാഹുലും പ്രിയങ്കയും തമ്മില്‍ മത്സരമില്ലെങ്കിലും കോണ്‍ഗ്രസില്‍ രണ്ട് അധികാര ചേരികളാണ് ഇവര്‍.
Recent Comments