നടന്മാര് മാവേലിവേഷം കെട്ടി നാം ഏറെ കണ്ടിട്ടുണ്ട്. ആ വേഷത്തില്‍ ഏറെ പരിചിതന്‍ ഇന്നസെന്റാണ്. മലയാള സിനിമയിലെ ഓതറൈസ്ഡ് മാവേലി എന്നുവേണമെങ്കില്‍ ഇന്നസെന്റിനെ വിശേഷിപ്പിക്കാം. പിന്നീട് ആ വേഷം അധികം കെട്ടിയിട്ടുള്ളത് സാജു കൊടിയനാണ്. എന്നാല്‍ സിനിമയിലോ സീരിയലിലോ ഏതെങ്കിലും നടിമാര്‍ മാവേലി വേഷം കെട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നുതന്നെ പറയേണ്ടിവരും.
നടന്മാരുടെ ആ കുത്തക പൊളിച്ചിരിക്കുകയാണ് ഇപ്പോള്‍ നടി പൊന്നമ്മ ബാബു. ആദ്യമായി പെണ് മാവേലിയായി പൊന്നമ്മ ബാബു എത്തുന്നു.
മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലിനുവേണ്ടിയാണ് പൊന്നമ്മ ബാബു മാവേലിവേഷം അണിഞ്ഞത്. സീകേരളം ചാനലിലെ ഏറ്റവും ജനപ്രിയ സീരിയലാണ് സുനില്‍ ദേവൂഡ് സംവിധാനം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍. ഇതില്‍ പത്മാവതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൊന്നമ്മ ബാബുവാണ്. മിസിസ് ഹിറ്റലറിലെ ഓണം എപ്പിസോഡിന് വേണ്ടിയാണ് പൊന്നമ്മ ബാബു മാവേലി വേഷം അണിഞ്ഞത്. മാവേലിവേഷം കെട്ടിയ അനുഭവം കാന്ചാനലുമായി പങ്കുവയ്ക്കുകയാണ് പൊന്നമ്മ ബാബു.
‘സീരിയലിന്റെ തിരക്കഥാകൃത്ത് പ്രസാദ് പണിക്കരാണ് എന്നോട് ഈ ആവശ്യം ആദ്യം ഉന്നയിക്കുന്നത്. എന്നെക്കൊണ്ട് കഴിയില്ലെന്നാണ് ഞാന്‍ തീര്‍ത്തും പറഞ്ഞു. സാരി ഉടുത്ത് മാവേലി വേഷമിട്ടാല്‍ മതിയെന്ന് പ്രസാദ് പറഞ്ഞപ്പോള്‍ എങ്കില്‍ ഒന്ന് നോക്കിക്കളയാമെന്ന് ഞാനും വിചാരിച്ചു. സാരി ഉടുത്ത് അതിനുമേല്‍ ഒരു മേല്‍വസ്ത്രം കെട്ടി കിരീടവും ഓലക്കുടയും ചൂടി നിന്നപ്പോള്‍ എല്ലാവരും ഗംഭീരമാണെന്ന് പറഞ്ഞു. വ്യത്യസ്ത വേഷങ്ങള്‍ കെട്ടാന്‍ ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ ആ ഗെറ്റപ്പ് എനിക്കും ഇഷ്ടമായി. ആദ്യം എനിക്ക് മീശ ഇല്ലായിരുന്നു. മീശ വെച്ച് നോക്കാമെന്ന് പറഞ്ഞതും ഞാനാണ്. ആണ് മാവേലിക്കുവേണ്ടി സെറ്റ് ചെയ്തിരുന്ന ഒരു മീശ അവിടെയുണ്ടായിരുന്നു. അത് മേക്കപ്പ്മാന് ഒട്ടിച്ചുതന്നു. ഇപ്പോഴാണ് ഒറിജിനല്‍ മാവേലിയായതെന്ന് എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്കും ആവേശമായി. സിനിമയിലോ സീരിയലിലോ ഇന്നുവരെ ഏതെങ്കിലും നടിമാര്‍ മാവേലിയുടെ വേഷം കെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ആ റെക്കോര്‍ഡ് എനിക്കിരുന്നോട്ടെ. ഞാന്‍ തുടങ്ങിവച്ചെന്നേയുള്ളൂ, ഇനി മുതല്‍ പെണ്ണുങ്ങളും മാവേലി വേഷം കെട്ടിക്കൊളും. എനിക്കുറപ്പാണ്. കാരണം പണ്ട് ഏഷ്യാനെറ്റിലെ കുക്കറി ഷോ ആദ്യം അവതരിപ്പിച്ചത് ഞാനായിരുന്നു. അതിനുശേഷമാണ് താരങ്ങളെല്ലാം കുക്കറി ഷോയുമായി എത്താന്‍ തുടങ്ങിയത്. ഈ പെണ്‍മാവേലി വേഷവും മറ്റൊന്നിന്റെ തുടക്കമാകട്ടെ.’ പൊന്നമ്മ ബാബു പറഞ്ഞു.
Recent Comments