2018 ലാണ് കാളിയന് (Kaaliyan) എന്ന ചലച്ചിത്രത്തിന്റെ ആദ്യ അനൗണ്‍സ്മെന്റ് ഉണ്ടാകുന്നത്. തെക്കന്‍ പാട്ടുകളിലെ വീരനായകനാണ് കാളിയന്. ചരിത്രത്തില്‍ അധികം രേഖപ്പെടുത്താത്ത ഒരു കഥയും. കാളിയനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ് (Prithviraj).
കാളിയന്റെ പ്രഖ്യാപനം വന്നതുമുതല്‍ ഏറെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകരും. പക്ഷേ, കാളിയനുമുന്നേ പൃഥ്വി കമ്മിറ്റ് ചെയ്ത ബ്ലെസിയുടെ ആടുജീവിതം ഉണ്ടായിരുന്നു. അതിനുവേണ്ടി മാസങ്ങളാണ് പൃഥ്വിക്ക് മാറ്റിവയ്ക്കേണ്ടിവന്നത്. കോവിഡ് മഹാമാരികൂടി എത്തിയതോടെ കാളിയന് അനിശ്ചിതത്വത്തിലായി.
ഒടുവില്‍ എല്ലാം കലങ്ങിത്തെളിയുന്നു. ഈ വര്‍ഷം കാളിയന്റെ ചിത്രീകരണം ആരംഭിക്കും. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ചിത്രീകരണം തുടങ്ങും. ഇതിന് മുന്നോടിയായി കാളിയന്റെ ഓഡിഷന് പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിലെ ഓഡിഷന് മെയ് 19, 20 തീയതികളിലായി എറണാകുളത്ത് നടക്കും. ചെന്നൈയിലും ബാംഗ്ലൂരിലും ഓഡിഷന് നടക്കുന്നുണ്ട്. നൂറ്റമ്പതോളം ആര്‍ട്ടിസ്റ്റുകളെ ഓഡിഷനുകളിലൂടെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യമാണ് നടക്കുന്നത്.
നവാഗതനായ ഡോ. എസ്. മഹേഷാണ് സംവിധായകന്. കൗമുദി ചാനലിലെ സീനിയര്‍ പ്രൊഡ്യൂസറാണ്് നിലവില്‍ മഹേഷ്. കളരി ഗുരുക്കളാണ്. അഗസ്ത്യ എന്ന പേരില്‍ പ്രശസ്തമായൊരു കളരി അദ്ദേഹം നടത്തുന്നുണ്ട്. മഹേഷും ബി.ടി. അനില്‍കുമാറും ചേര്‍ന്നാണ് കാളിയനുവേണ്ടി തിരക്കഥ എഴുതുന്നത്.
പൃഥ്വിയുടെ സ്വപ്നപദ്ധതികളിലൊന്നുകൂടിയാണ് കാളിയന്. ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജോര്‍ദ്ദാനിലാണ് പൃഥ്വി ഉള്ളത്. ജൂണില്‍ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങിയെത്തും. തിരിച്ചെത്തിയാലുടന്‍ വേണു സംവിധാനം ചെയ്യുന്ന കാപ്പയില്‍ ജോയിന്‍ ചെയ്യും. വിലായത്ത് ബുദ്ധയാണ് പൃഥ്വി കമ്മിറ്റ് ചെയ്തിരിക്കുന്ന അടുത്ത ചിത്രം. അതിനുശേഷം കാളിയനിലേയ്ക്ക് കടക്കും. അതിന് മുന്നോടിയായി ആയോധനകലകളുടെ പരിശീലനത്തിനുവേണ്ടിയും പൃഥ്വി സമയം കണ്ടെത്തും. കാളിയന് ഒരു ധീര യോദ്ധാവയതുകൊണ്ടുതന്നെ അനവധി ബോഡി ട്രാന്‍സ്ഫര്‍മേഷനിലൂടെ പൃഥ്വി കടന്നുപോകേണ്ടതുണ്ട്.
നിലവില്‍ പൃഥ്വിയുടെ കാസ്റ്റിംഗ് മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. തിരക്കഥയുടെ ഫൈനല്‍ ഡ്രാഫ്റ്റ് എത്തുന്നതോടെ കൂടുതല്‍ കാസ്റ്റിംഗ് നടക്കും. സാങ്കേതിക മേഖലയില്‍നിന്ന് ക്യാമറാമാന് സുജിത് വാസുദേവന്റെ പേര് മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സാങ്കേതിക പ്രവര്‍ത്തകരെയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
അതിനൊക്കെ ശേഷമേ കാളിയന്റെ ബഡ്ജറ്റിനെക്കുറിച്ച് ചിന്തിക്കാന്‍പോലും സാധിക്കൂവെന്ന് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന് പറയുന്നു.
‘മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ ഒന്നുതന്നെയാവും കാളിയന്. ബഡ്ജറ്റിനപ്പുറം ക്വാളിറ്റിയിലാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ വയ്ക്കുന്നത്. മലയാള സിനിമയ്ക്ക് ലോകത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാവുന്ന ഒരു മികച്ച ചിത്രം എന്ന നിലയില്തന്നെയാവും കാളിയന്റെ നിര്‍മ്മിതി.’ രാജീവ് ഗോവിന്ദന് കാന്‍ചാനലിനോട് പറഞ്ഞു.
ഓര്‍ഡിനറി, അനാര്‍ക്കലി എന്നീ ചിത്രങ്ങള്‍ക്കുശേഷം രാജീവ് ഗോവിന്ദന് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് കാളിയന്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം.
Recent Comments