കഴിഞ്ഞ മാസത്തിലാണ് പ്രശസ്ത പോസ്റ്റര്‍ ഡിസൈനര്‍ നീതി കൊടുങ്ങല്ലൂരുമായുള്ള അഭിമുഖം കാന്‍ ചാനല്‍ പ്രക്ഷേപണം ചെയ്തത്. മലയാളവും തമിഴുമടക്കം എണ്ണമറ്റ ചിത്രങ്ങള്‍ക്കുവേണ്ടി പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ള നീതി ഇന്നും വാടകവീട്ടിലാണ് കഴിയുന്നത്. കൊടുങ്ങല്ലൂരിനടുത്ത് പൂപ്പത്തിയില്‍ സ്വന്തമായുള്ള പതിനാല് സെന്റ് ഭൂമി കാടുപിടിച്ച് കിടക്കുകയാണ്. അവിടെ ഒരു കിടപ്പാടംപോലും വയ്ക്കാന്‍ കഴിയാത്ത നീതിയുടെ ദുരിതപൂര്‍വ്വമായ അവസ്ഥ കാന്‍ ചാനല്‍ പുറത്ത് കൊണ്ടുവന്നിരുന്നു.
ഈ അഭിമുഖം കണ്ടതിന് പിന്നാലെ നടന് സുരേഷ്ഗോപി കാന്‍ ചാനലിന്റെ ചീഫ് എഡിറ്റര്‍ സുരേഷ് കുമാറിനെ വിളിച്ചിരുന്നു. ‘ഞാന്‍ നീതിക്കൊരു വീട് വച്ചുകൊടുക്കാന്‍ പോകുന്നു. ഇക്കാര്യം അദ്ദേഹത്തെ വിളിച്ചു പറഞ്ഞോളൂ.’
അദ്ദേഹം തീരുമാനമെടുത്തിട്ട് ആഴ്ചകളായിട്ടില്ല, അത്രയുംവേഗത്തില്‍ നീതിയുടെ വീടിന്റെ പ്ലാനടക്കം പൂര്‍ത്തിയായി. ഒപ്പം നീതിയുടെയും കൊടുങ്ങല്ലൂര്‍ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് വിനോദിന്റെയും ജോയിന്റ് അക്കൗണ്ടിലേയ്ക്ക് നാല് ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. വൈകാതെ തന്നെ വീടിന്റെ തറകല്ലിടീല്‍ നടക്കും.
രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ഉള്‍പ്പെടെ ആയിരം സ്ക്വയര്ഫീറ്റിലുള്ളതാണ് മനോഹരമായ വീടിന്റെ പ്ലാന്‍. കൊടുങ്ങല്ലൂര്‍ ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തകരാണ് വീടിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നത്.
‘കാന്ചാനലില്നിന്ന് വിളിച്ച് പറഞ്ഞപ്പോഴാണ് സുരേഷ്ഗോപി എനിക്കൊരു വീട് വച്ചുതരുന്ന കാര്യംപോലും അറിയുന്നത്. ഞാനദ്ദേഹത്തെ നേരിട്ട് കാണുകയോ, വിളിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ട് വന്ന് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നോടും ഭാര്യയോടും വീടിന്റെ നിര്‍മ്മിതിയെക്കുറിച്ച് അഭിപ്രായം തേടിയിരുന്നു. എങ്കിലും ഇത്ര പെട്ടെന്നൊന്നും കാര്യങ്ങള്‍ നടക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയതല്ല. സുരേഷ്ഗോപിയോടുള്ള നന്ദി എങ്ങനെ പറഞ്ഞറിയിക്കണമെന്നും എനിക്കറിയില്ല.’ നീതി കൊടുങ്ങല്ലൂര്‍ വികാരാധീനനായി കാന്‍ ചാനലിനോട് പറഞ്ഞു.
മകളുടെ ഓര്‍മ്മയ്ക്കായി സുരേഷ് ഗോപി രൂപീകരിച്ച ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് നീതിയുടെ സ്വപ്നവീടും പൂര്‍ത്തിയാകുന്നത്. ഇതിനോടകം നൂറിലധികം വീടുകളാണ് ഈ ട്രസ്റ്റിന്റെ കീഴില്‍ പൂര്‍ത്തീകരിക്കപ്പെട്ടത്.
നീതി കൊടുങ്ങല്ലൂരുമായി കാന്‍ ചാനല്‍ നടത്തിയ അഭിമുഖം കാണാം:
Recent Comments