കാന്‍ ചാനല്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മേളയില്‍ പങ്കെടുത്ത് വിജയിക്കുന്ന ഒരു പ്രതിഭയ്ക്ക് പ്രശസ്ത സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് ഉടന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയിലോ സീരീസിലോ അദ്ദേഹത്തിന്റെ സംവിധാന സഹായിയാകാനുള്ള അവസരം ലഭിക്കും. അനില്‍ രാധാകൃഷ്ണന്മേനോന് തന്നെയാണ് ഇക്കാര്യം കാന്‍ ചാനലിനെ അറിയിച്ചതും. കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് അനില്‍.
ആദ്യചിത്രമായ നോര്‍ത്ത് 24 കാതത്തിലൂടെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ അനില്‍ പിന്നീട് സപ്തമശ്രീ തസ്കര, ലോര്‍ഡ് ലിവിംഗ്സ്റ്റണ് ഏഴായിരം കണ്ടി, ദിവാന്‍ജി മൂല ഗ്രാന്റ്പ്രിക്സ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിനുവേണ്ടിയുള്ള അണിയറപ്രവര്‍ത്തനങ്ങളിലാണ് അനില്‍ ഇപ്പോള്‍. അതിനുമുമ്പ് പ്രശസ്തമായ ഒരു ഒടിടി പ്ലാറ്റ് ഫോമിനുവേണ്ടി ചെയ്യുന്ന വെബ് സീരീസിന്റെ അവസാനവട്ട ഒരുക്കങ്ങളിലുമാണ്. ഈ പ്രോജക്ടുകളിലൊന്നില്‍ സഹകരിക്കാനുള്ള അവസരമാണ് കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയിയെ കാത്തിരിക്കുന്നതും.
നിലവില്‍ നൂറു കണക്കിന് മത്സരാര്‍ത്ഥികളാണ് കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനുവരി 20 ന് രജിസ്ട്രേഷന് അവസാനിക്കും. ഏപ്രില്‍ ആദ്യം എറണാകുളം ലേ മെറിഡിയന് ഹോട്ടലില്‍വച്ച് നടക്കുന്ന മെഗാ ഈവന്റില്വച്ച് മത്സരവിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും. മോഹന്‍ലാല്‍ അടക്കം മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുക്കും. താരങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും മേളയുടെ ആകര്‍ഷണമാണ്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്കുന്ന മേള കൂടിയാണ് കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍. സന്തോഷ് ശിവനാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ജൂറി ചെയര്മാന്. അനില്‍ രാധാകൃഷ്ണന് മേനോനെ കൂടാതെ എ.കെ. സാജന്, ശ്വേതാ മേനോന് എന്നിവര്‍ ജൂറി അംഗങ്ങളുമാണ്.
Recent Comments