ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അങ്കം കുറിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഒടുവിൽ രാജിവച്ചു. ലിബറൽ പാർട്ടി അധ്യക്ഷസ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്.
പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി. ബുധനാഴ്ച ലിബറല്‍ പാര്‍ട്ടി നേതാക്കളുടെ യോഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. കഴിഞ്ഞ 9 വർഷമായി ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി കസേരയിൽ തുടരുകയാണ്.ജനുവരി 20 നു അമേരിക്കൻ പ്രസിഡന്റാവുന്ന ഡൊണാൾഡ് ട്രംപും ജസ്റ്റിന് ട്രൂഡോയെ വിമർശിച്ചിരുന്നു.
നേരത്തെ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ ട്രൂഡോയുമായി വിയോജിപ്പ് ഉണ്ടാകുകയും അപ്രതീക്ഷിത നീക്കത്തിലൂടെ രാജി പ്രഖ്യാപിക്കുകയുമായിരുന്നു. 56കാരിയായ ക്രിസ്റ്റിയ ധനമന്ത്രി സ്ഥാനവും ഒഴിഞ്ഞിരുന്നു.
ലിബറല്‍ നേതാവായ ട്രൂഡോ പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോയിലീവ്രെയേക്കാള്‍ 20 പോയിന്റ് പിന്നിലാണ്. 2024 സെപ്റ്റംബര്‍ മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനും പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് നടത്താനും പിയറി ശ്രമിക്കുന്നുണ്ട്.
2013ലാണ് ക്രിസ്റ്റിയ ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന അവര്‍ രണ്ടു വര്‍ഷത്തിന് ശേഷം ലിബറുകള്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ട്രൂഡോയുടെ മന്ത്രിസഭയില്‍ ചേര്‍ന്നു. വ്യാപാരം, വിദേശകാര്യമന്ത്രി തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ച അവര്‍ യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
Recent Comments