ചൈനയിൽ ദോഷകരമല്ലാത്ത ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതിന്റെ പശ്ചാത്തലത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവ് കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിന്റെ നിർദേശം. എല്ലാ ഗുരുതര ശ്വസന രോഗങ്ങളും (SARI) നിർബന്ധമായും പരിശോധിക്കണമെന്നും പരിശോധനയ്ക്കുള്ള കിറ്റുകൾ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഐഡിഎസ്പി (IDSP) ഡാറ്റ അനുസരിച്ച്, രാജ്യത്ത് ശ്വാസകോശ സംബന്ധമായ അണുബാധകളിൽ വലിയ കുതിച്ചുചാട്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഡിസംബറിൽ ഇന്ത്യയിൽ ഒമ്പത് എച്ച്എംപിവി കേസുകൾ കണ്ടെത്തി. പക്ഷേ, മരണനിരക്ക് പൂജ്യമായിരുന്നു. 2024 ഡിസംബറിൽ 714 കേസുകൾ പരിശോധിച്ചതിൽനിന്നും 1.3 ശതമാനം എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്തു. ഒമ്പത് കേസുകളിൽ പുതുച്ചേരിയിൽ നിന്ന് നാല്, ഒഡീഷയിൽ നിന്ന് രണ്ട്, ത്രിപുര, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും ഉൾപ്പെടുന്നു. എല്ലാ രോഗികളും രോഗമുക്തരാകുകയും ചെയ്തിരുന്നു.
ജനുവരിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളിൽ, ബെംഗളൂരുവിൽ മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു, എട്ട് മാസം പ്രായമുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നു. അഹമ്മദാബാദ് കേസിൽ, രോഗി സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
രാജ്യത്ത് സ്ഥിരീകരിച്ച എച്ച്എംപിവി കേസുകൾക്ക് ചൈനയിൽ പടരുന്ന വൈറസ് വകഭേദവുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി വൈറസ് പടരുന്നുണ്ട്. എച്ച്എംപിവിയുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ കണ്ടെത്തിയ രണ്ട് കേസുകളിലും വിദേശ യാത്രയുടെ പശ്ചാത്തലമില്ല. അതായത്, ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്വാസകോശ സംബന്ധമായ അണുബാധകളുമായി ഈ അണുബാധകൾക്ക് ബന്ധമില്ലെന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Recent Comments