ടൊവിനോ തോമസിനെ തേടി ഞങ്ങളുടെ കോള്‍ എത്തുമ്പോള്‍ അദ്ദേഹം കാശ്മീരിലായിരുന്നു. കുടുംബസമേതം എത്തിയതാണ്. കുറുപ്പിലെ ചാര്‍ളിയുടെ വേഷം സ്വീകരിക്കാനുള്ള കാരണം അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ എണ്ണിയെണ്ണി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഞങ്ങളുടെ കോള്‍ എത്തുന്നതും. ഞങ്ങളുടെ മനസ്സ് വായിച്ചെടുത്തിട്ടെന്നപോലെ ടൊവിനോ പറഞ്ഞുതുടങ്ങി.
‘ലൂസിഫറിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് ശ്രീനാഥ് എന്നോട് ഇതിന്റെ കഥ പറയുന്നത്. ശ്രീയേട്ടനെ എനിക്ക് മുമ്പേ പരിചയമുണ്ട്. ഞാന്‍ കൂടി ഭാഗമായ കൂതറയുടെ സംവിധായകന് എന്ന നിലയില്‍ മാത്രമല്ല, ഞങ്ങള്‍ അടുത്ത സൂഹൃത്തുക്കള്കൂടിയാണ്. ചാക്കോയുടെ വേഷമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോള്‍ ശ്രീയേട്ടന് ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. വളരെ ചെറിയ വേഷമാണെങ്കിലും അതൊരു എസ്റ്റാബ്ലിഷ്ഡ് ആര്‍ട്ടിസ്റ്റ് തന്നെ ചെയ്യണം. ആ കഥാപാത്രത്തിന്റെ ദൈന്യത പ്രേക്ഷകരിലേയ്ക്കെത്താന്‍ അതാവശ്യമാണ്.’
‘എന്തോ ആ കഥ കേട്ടതുമുതല്‍ അതെന്നെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. പരമസാധുവായ മനുഷ്യന്. ആ കാറില്‍ കയറുമ്പോള്‍പോലും അയാള്‍ക്കറിയില്ലായിരുന്നു താന്‍ കൊല്ലപ്പെടുവാന്‍ പോവുകയാണെന്ന്. നിറവയറോടെ തന്നെ കാത്തിരിക്കുന്ന ഭാര്യയേയും കൂട്ടി പള്ളിപ്പെരുന്നാളിന് പോകാമെന്ന് വാക്ക് കൊടുത്തിട്ടാണ് വന്നിരിക്കുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ ചാക്കോയുടെ മനസ്സിനൊപ്പമായിരുന്നു. ആ ദിവസം അദ്ദേഹം അനുഭവിച്ച മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു.’
‘തിരക്കഥയുടെ ചര്‍ച്ച നടക്കുമ്പോള്‍ ഒരിക്കല്‍ അധികമാരോടും പങ്കുവയ്ക്കാത്ത ഒരു കാര്യത്തെക്കുറിച്ചുകൂടി ശ്രീയേട്ടന് എന്നോട് പറഞ്ഞു. ശ്രീയേട്ടനെ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ രണ്ട് കട്ടിലിനപ്പുറം ചാക്കോയുടെ ഭാര്യയും ഉണ്ടായിരുന്നു. അവരും പ്രസവിക്കാന്‍ എത്തിയതായിരുന്നു. മറ്റൊരു ആകസ്മികതയും സംഭവിച്ചു. ജനുവരി 21 നാണ് ഞാന്‍ ജനിച്ചത്. അതിന് അഞ്ച് വര്‍ഷം മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 1984 ജനുവരി 21 നായിരുന്നു ചാക്കോയുടെ മരണം. ആ കഥാപാത്രം എനിക്ക് വിധിക്കപ്പെട്ടതുപോലെയാണ് തോന്നിയത്.’
‘ഇതിനെല്ലാമപ്പുറം എനിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു കുറുപ്പിന്റെ അണിയറയിലുണ്ടായിരുന്നത്. സംവിധായകന് ശ്രീയേട്ടനാകട്ടെ, തിരക്കഥാകൃത്ത് അരവിന്ദാകട്ടെ, ഛായാഗ്രാഹകന്‍ നിമിഷ് ആകട്ടെ, ആര്‍ട്ട് ഡയറക്ടര്‍ ബംഗ്ലാനാകട്ടെ, മേക്കപ്പ്മാന് റോണക്സ് സേവ്യര്‍ ആകട്ടെ അങ്ങനെ ഏതാണ്ട് എല്ലാവരും എനിക്കൊപ്പം പ്രവര്‍ത്തിച്ചവരാണ്. കൂതറയ്ക്കുശേഷം ഞാനും സണ്ണിയും ഭരതും ഒന്നിക്കുന്ന ചിത്രംകൂടിയാണ്. എന്തിനേറെ ഞാന്‍ സംവിധാന സഹായിയായി തുടങ്ങിയത് ദുര്‍ഖറിന്റെ സിനിമയിലൂടെയാണ് (തീവ്രം). അദ്ദേഹത്തോടൊപ്പം എ.ബി.സി.ഡിയിലും ചാര്ളിയിലുമൊപ്പമുണ്ടായിരുന്നു. ദുര്‍ഖര്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകുന്ന സന്തോഷം വേറെയും.’
‘എല്ലാവരും പറയുന്നത് ഇങ്ങനെയൊരു ചെറിയ വേഷത്തില്‍ എന്തിന് ഞാന്‍ അഭിനയിക്കണമെന്നായിരുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ എനിക്ക് വലിപ്പചെറുപ്പങ്ങളില്ല. എന്റെ കമ്മിറ്റ്മെന്റ് ഞാന്‍ ചെയ്യുന്ന വേഷങ്ങളോട് മാത്രമാണ്. സ്റ്റാര്‍ഡം എനിക്കതിനൊരു ഭാരമേ ആകുന്നില്ല. വ്യത്യസ്തമായ വേഷങ്ങള്‍ തെരഞ്ഞെടുക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്റെ കരിയര്‍ പരിശോധിച്ചാല്‍ അതറിയാം. ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. കോമഡിവേഷവും പ്രതിനായകവേഷവും ചെയ്തു. നായകവേഷങ്ങള്‍ ചെയ്യുമ്പോള്‍തന്നെ ചെറിയ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലും ഞാന്‍ വൈമനസ്യം കാട്ടിയിട്ടില്ല. വൈറസിലെയും ഉയരെയിലെയും കഥാപാത്രങ്ങള്‍ അതിനുദാഹരണമാണ്. കളയിലും കാണെക്കാണെയിലും നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പത്. അതുകൊണ്ടൊന്നും എന്റെ കരിയര്‍ ഗ്രാഫ് താഴ്ന്നതായി എനിക്ക് തോന്നിയിട്ടില്ല. ആ തട്ട് ഉയര്‍ന്നുതന്നെ നില്ക്കുന്നു. മറ്റുള്ളവര്‍ വഴിതെളിച്ച പാതയിലൂടെ സഞ്ചരിക്കാനല്ല ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്റെ വഴി ഞാന്‍ കണ്ടെത്തുകയാണ്. അതാണ് എനിക്കിഷ്ടവും.’ ടൊവിനോ പറഞ്ഞു.
Recent Comments