ഇന്ത്യ ചലച്ചിത്രവേദിയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. കലാമൂല്യം മാത്രമല്ല, ജനപ്രീതിയും ഒരുമിച്ചുവെന്നതാണ് ആ ചിത്രത്തിന്റെ മാറ്റ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേയ്ക്കും മണിച്ചിത്രത്താഴ് റീമേക്ക് ചെയ്യപ്പെട്ടു. കന്നഡത്തില്‍ ആപ്തമിത്ര, തമിഴില്‍ ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ഭുലയ്യ, ബംഗാളിയില്‍ രാജമോഹോള് അങ്ങനെ പോകുന്നു ആ നിര. ഏതൊക്കെ ഭാഷകളില്‍ മണിച്ചിത്രത്താഴ് റീമേക്ക് ചെയ്യപ്പെട്ടോ അവിടെയെല്ലാം അത് ചരിത്രവിജയം നേടി. അവിടംകൊണ്ടും അതിന്റെ മഹിമ തീരുന്നില്ല. ആ ചലച്ചിത്രത്തിന് തുടര്‍ച്ചകളുമുണ്ടായി.
കാര്‍ത്തിക് ആര്യന്, തബ്ബു, കൈറ അദ്വാനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഭൂല്‍ഭുലയ്യയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയത് അടുത്തിടെയാണ്. പി. വാസുവും ചന്ദ്രമുഖിയുടെ രണ്ടാംഭാഗം അനൗണ്‍സ് ചെയ്തുകഴിഞ്ഞു. ചന്ദ്രമുഖിയുടെ ഒന്നാം പതിപ്പില്‍ രജനികാന്തായിരുന്നു നായകനെങ്കില്‍ രണ്ടാം ഭാഗത്ത് രാഘവ ലോറന്‍സാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ തൃഷയ്ക്ക് പകരക്കാരിയായി ലക്ഷ്മി മേനോനെ തേടുന്നുവെന്നാണ് കോളിവുഡില്‍നിന്ന് എത്തുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15 ന് ആരംഭിക്കും. വടിവേലു ചന്ദ്രമുഖയുടെ രണ്ടാംഭാഗത്തിലും അഭിനയിക്കുന്നു. ആര്.ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് എം.എം. കീരവാണിയാണ്. തോട്ടാധരണിയാണ് കലാസംവിധായകന്‍. ലൈക്ക പ്രൊഡക്ഷനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെയും നിര്‍മ്മാതാക്കള്‍.
Recent Comments