പുതു വർഷത്തിലൊരു പുതു വാർത്ത. ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം. പുതിയ ട്രെയിൻ ടൈംടേബിൾ ജനുവരി ഒന്നുമുതൽ നിലവിൽ വരും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. നിരവധി തീവണ്ടികളുടെ വേഗം വർധിപ്പിക്കും.
തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. 9.40ന് എറണാകുളം നോർത്തിൽ എത്തും. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഏറ്റുമാനൂർ മുതൽ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളിൽ ഏതാനും മിനിറ്റ് നേരത്തേയെത്തും. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസ് 4.50നു പകരം 4.35നാകും കൊല്ലത്തു നിന്നും പുറപ്പെടുക. തിരുനെൽവേലി മുതൽ എറണാകുളം നോർത്ത് വരെയുള്ള സ്റ്റേഷനുകളിൽ ട്രെയിൻ നേരത്തേയെത്തും.
എറണാകുളംതിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05 ന് പകരം അഞ്ചു മിനിറ്റ് വൈകി 5.10 നാകും പുറപ്പെടുക. തിരുവനന്തപുരം- മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലംതിരുവനന്തപുരം പാസഞ്ചർ 6.58ന് ആയിരിക്കും പുറപ്പെടുക. കൊച്ചുവേളിനാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40 നു പകരം 1.25ന് പുറപ്പെടും.
മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. എറണാകുളത്ത് പുലർച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും. രാവിലെ 9.45നു പകരം 10.20നായിരിക്കും ട്രെയിൻ ചെന്നൈയിൽ നിന്നും പുറപ്പെടുക.
ഒരു ട്രെയിനിന്റെ നമ്പറിൽ മാറ്റമുണ്ട്. തിരുവനന്തപുരംമധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെങ്കിലും പുതിയ പാമ്പൻ പാലം കമ്മിഷൻ ചെയ്ത ശേഷമേ പ്രാബല്യത്തിൽ വരൂ. തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി)യശ്വന്ത്പുര എസി വീക്ക്ലി സൂപ്പർഫാസ്റ്റ് ട്രെയിൻ എക്സ്പ്രസാക്കി മാറ്റും. ഈ ട്രെയിനിന്റെ നമ്പറിലും മാറ്റമുണ്ട്.
ഒന്നര വർഷത്തിനു ശേഷമാണ് റെയിൽവേ പുതിയ ടൈംടേബിൾ പുറത്തിറക്കുന്നത്. ഇതിൽ വന്ദേമെട്രോ, അമൃത് ഭാരത് എക്സ്പ്രസുകൾ, 136 വന്ദേഭാരത് എക്സ്പ്രസുകൾ എന്നിവ ഇടം പിടിച്ചിട്ടുണ്ട്. ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാൻ നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക. www.enquiry.indianrail.gov.in/mntes/
Recent Comments