നിയമസഭയിലേക്ക് രണ്ട് ഉപതെരെഞ്ഞെടുപ്പുകളും ലോകസഭയിലേക്കു ഒന്നും ഉപ തെരെഞ്ഞെടുപ്പാണ് കേരളത്തില്‍ താമസിയാതെ നടക്കുവാന്‍ പോവുന്നത്. തൃശൂര്‍ ജില്ലയിലാണ് ചേലക്കര നിയമസഭ മണ്ഡലം. ഇത് സംവരണ മണ്ഡലമാണ്. തലപ്പിള്ളി താലൂക്കിലാണ് ഈ നിയോജകമണ്ഡലം സ്ഥിതി ചെയ്യുന്നത്. ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഈ നിയമസഭാ മണ്ഡലത്തിലുള്ളത്.
ആലത്തൂര്‍ ലോകസഭയിലുള്പ്പെട്ട നിയമസഭ മണ്ഡലമാണ് ചേലക്കര. ചേലക്കരയിലെ സിറ്റിംഗ് എംഎല്‍എയായിരുന്നു രാധാകൃഷ്ണന്. ആലത്തൂരില്‍ സിപിഎമ്മിലെ കെ രാധാകൃഷ്ണന് സിറ്റിങ് എംപിയായ കോണ്‍ഗ്രസിലെ രമ്യ ഹരിദാസിനെ 20111 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സംവരണ മണ്ഡലമായ ചേലക്കര എല്‍ഡിഎഫിനും യുഡിഎഫിനും വിജ പ്രതീക്ഷയുള്ള മണ്ഡലമാണ്. 1965 മുതല്‍ 1996 വരെ യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു തുടര്‍ച്ചയായി വിജയിച്ചത്. 1996 ല്‍ സിപിഎമ്മിലെ കെ രാധാകൃഷ്ണന് മത്സരിച്ചതോടെയാണ് ചേലക്കര ഇടത് ചേരിയിലായത്. 96 ല്‍ കോണ്‍ഗ്രസിലെ ടി എ രാധാകൃഷ്ണനെയാണ് കെ രാധാകൃഷ്ണന് കന്നിയങ്കത്തില്‍ പരാജയപ്പെടുത്തിയത്. പിന്നീട് 2001 ലും 2006 ലും 2011 ലും 2021 ലും കെ രാധാകൃഷ്ണനായിരുന്നു വിജയം. 2021 ല്‍ കോണ്‍ഗ്രസിലെ സി സി ശ്രീകുമാറിനെയാണ് കെ രാധാകൃഷ്ണന് തോല്‍പ്പിച്ചത്. മന്ത്രിയായ രാധാകൃഷ്ണനെയാണ് സിപിഎം ആലത്തൂര്‍ ലോകസഭയിലേക്ക് മത്സരിപ്പിച്ചത്.
ചേലക്കരയില്‍ കെ രാധാകൃഷ്ണനാണെങ്കില്‍ മാത്രമേ വിജയം ഉറപ്പിക്കുവാന്‍ കഴിയൂ. അതാണ് ചരിത്രം സൂചിപ്പിക്കുന്നത്. രാധാകൃഷ്ണന് പകരം മറ്റൊരാളാണെങ്കില്‍ കോണ്‍ഗ്രസിനു വിജയസാധ്യതയുണ്ട്. ഇക്കുറി കെ രാധാകൃഷ്ണന്റെ പിന്‍ഗാമിയായി സിപിഎം അവതരിപ്പിക്കാന്‍ പോവുന്ന സ്ഥാനാര്‍ഥികളില്‍ പ്രധാനി യു.ആര്.പ്രദീപ് ആണ്. അദ്ദേഹം 2016 ല്‍ കോണ്‍ഗ്രസിലെ കെ എ തുളസിയെ തോല്‍പ്പിച്ചിട്ടുണ്ട്. പാലക്കാട് എംപിയും തൃശൂര്‍ ഡിസിസിയുടെ താല്‍ക്കാലിക പ്രസിന്റുമായ വി കെ ശ്രീകണ്ഠന്റെ ഭാര്യ കെ എ തുളസി ഈ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുണ്ട്. മുന്‍ എംപി രമ്യ ഹരിദാസിന്റെ പേരും കേള്‍ക്കുന്നുണ്ട്. തുളസിയെക്കാള് രമ്യയ്ക്കാണ് കൂടുതല്‍ സാധ്യത എന്ന് പറയുന്നവരുമുണ്ട്. സംവരണ മണ്ഡലമായതിനാല്‍ പാലക്കാട്ടെ പോലെ സ്ഥാനാര്‍ത്ഥികളുടെ വലിയ തള്ളലില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ പരിഗണിക്കുന്നത് ഡോ. ടി എന്‍ സരസുവിനെയാണ്. പാലക്കാട് വിക്ടോറിയ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ആണ് ഇവര്‍. ചേലക്കരയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. ബിജെപി അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്.
Recent Comments