കഴിഞ്ഞ വര്‍ഷം വമ്പന്‍ ഹിറ്റുകള്‍ കരസ്തമാക്കിയ മഞ്ഞുമ്മല്‍ ബോയ്സിന്റെയും ആവേശത്തിന്റെയും സംവിധായകരായ ചിദംബരവും ജിത്തു മാധവനും ഒന്നിക്കും. കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയാന്‍ ഫിലിംസും നിര്‍മ്മിക്കുന്ന ചിത്രം ഷൈലജ ദേശായി ഫെന്‍ ആണ് അവതരിപ്പിക്കുന്നത്. ജിത്തു തിരക്കഥ നിര്‍വ്വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിദംബരമാണ്. സൗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകലോകം നോക്കിക്കാണുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ആവേശത്തിനും മഞ്ഞുമ്മല്‍ ബോയ്സിനും സംഗീതം നിര്‍വ്വഹിച്ച സുഷിന് ശ്യാമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. ആര്‍ട്ട് ഡയറക്ടര്‍ അജയന് ചാലിശ്ശേരി. ദീപക് പരമേശ്വരന്, പൂജാ ഷാ, കസാന്‍ അഹമ്മദ്, ധവല്‍ ജതനിയ, ഗണപതി എന്നിവരാണ് മറ്റ് അണിറപ്രവര്‍ത്തകര്‍. വരുംദിവസങ്ങളില്‍ താരനിരക്കാരുടെ വിവരങ്ങള്‍ പുറത്തു വരും.
‘ഭാഷകള്‍ക്കപ്പുറമുള്ള സിനിമയെ പുനര്‍നിര്‍വ്വചിക്കുക എന്നതായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാട്. പ്രേക്ഷകര്‍ ഞങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്ന അതേ മികവോടെ മലയാളത്തിലേയ്ക്കുള്ള ഞങ്ങളുടെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു. അസാമാന്യ പ്രതിഭകള്‍ ചുക്കാന്‍ പിടിക്കുമ്പോള്‍, ഞങ്ങള്‍ക്ക് അതില്‍ ആത്മവിശ്വാസമുണ്ട്’ കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ അമരക്കാരന് വെങ്കിട്ട് നാരായണന് പറഞ്ഞു.
Recent Comments