മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (23 -11 -2024 ) ചർച്ച നടത്തും. വൈകുന്നേരം 4 മണിക്ക് ഓൺലൈനായാണ് ചർച്ച. മുനമ്പത്തെ ഭൂമിൽ നിന്നും ആരെയും ഇറക്കി വിടില്ലെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകും.
കൂടാതെ സമരം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാരോട് അദ്ദേഹം ആവശ്യപ്പെടും. ജുഡീഷ്യൽ കമ്മീഷൻ നിയമപരിരക്ഷയ്ക്ക് എന്ന് സമരക്കാരെ അറിയിക്കുകയും ചെയ്യും. ചർച്ചയിൽ എറണാകുളം കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് വിവരം.
മുനമ്പത്തെ വഖഫ് ഭൂമി തർക്ക പരിഹാരത്തിനായി ജൂഡീഷ്യൽ അന്വേഷണ കമ്മീഷനെ വെക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. മൂന്ന് മാസത്തിനുള്ളിൽ രേഖകളുടെ പരിശോധന പൂർത്തിയാക്കും. ഭൂമിയിൽ താമസിക്കുന്നവർക്ക് കരം അടക്കുന്നതിനുള്ള സ്റ്റേ പിൻവലിക്കാനും സർക്കാർ ഇടപെടും. കൈവശാവകാശമുള്ള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.
മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിൽ നാല് സുപ്രധാന തീരുമാനങ്ങളാണ് ഉണ്ടായത്. ഭൂമിയിൽ താമസിക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്നതിനായി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷനെ വെക്കും. മൂന്ന് മാസത്തിനുള്ളിൽ പരിശോധന തീർക്കും. ഭൂമിയിൽ താമസിക്കുന്നവർക്ക് റവന്യു അധികാരം ഉറപ്പാക്കാനാണിത്. വഖഫ് ബോർഡ് ഒഴിയാൻ ആർക്കും ഇനി നോട്ടീസ് നൽകില്ല. ഇതിനകം നോട്ടീസ് കിട്ടിയവർ ഒഴിയേണ്ട. കരം അടക്കുന്നതിലെ സ്റ്റേ ഒഴിവാക്കിക്കിട്ടാൻ സർക്കാറും ഹൈക്കോടതിയെ സമീപിക്കും.
സ്ഥലത്ത് നിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് ഇനിയാര്‍ക്കും വഖഫ് ബോര്‍ഡ് നോട്ടീസ് നൽകില്ല. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായര്‍ അധ്യക്ഷനായിട്ടുള്ള ജുഡീഷ്യൽ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. പെട്ടെന്ന് ഒരു തീരുമാനം എടുത്താൽ താമസക്കാർക്ക് തിരിച്ചടി ഉണ്ടാകും. അതുകൊണ്ട് ആണ് ജുഡീഷ്യൽ കമ്മീഷനെ വെച്ചത്. മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷൻ പരിശോധിക്കും.
മൂന്നു മാസം കൊണ്ട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും സമരം പിൻവലിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. മുനമ്പത്ത് താമസിക്കുന്ന പലരും വില കൊടുത്ത് ഭൂമി വാങ്ങിയവരാണ്. അവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രിസംഘം അറിയിച്ചു.
Recent Comments