സിനിമയിൽ സ്ത്രീകൾക്ക് നിർഭയമായി ജോലി ചെയ്യാൻ കഴിയണമെന്നും, കലാകാരികളുടെ മുമ്പിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പണറായി വിജയൻ. സിനിമയിലെ ഓരോ അംശവും ജനങ്ങളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാരം നടൻ മോഹൻലാലിന് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിനിമ ഈ കാലത്തിന്റെ ഏറ്റവും വലിയ ജനകീയ മാധ്യമമാണ്. ഇത്ര ശക്തമായിമറ്റ് ഏതെങ്കിലും ഒരു കല ജനങ്ങളെ സ്വാധീനിക്കുമെന്ന് പറയാനാകില്ല. അതിലെ ഓരോ അംശവും ജനമനസുകളെ ബാധിക്കും. മനുഷ്യനെ മലിനമാക്കുന്ന കാര്യങ്ങൾ സിനിമയിലായാലും സിനിമ രംഗത്തായാലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ആ രംഗത്തു പ്രവർത്തിക്കുന്നവർക്കുണ്ട്.
ജനങ്ങൾ നൽകുന്ന ആരാധനയും സ്നേഹവും തിരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം ചലച്ചിത്ര പ്രവർത്തകർക്കുണ്ട്. സ്ത്രീകൾക്ക് നിർഭയമായി കടന്നുവന്ന് കഴിവു തെളിയിക്കാനുള്ള അവസരം സിനിമ രംഗത്തുണ്ടാകണം. കലാകാരികളുടെ മുമ്പിൽ ഒരുതരത്തിലുള്ള ഉപാധികളും ഉണ്ടാകരുത്. കലേതരമായ ഒരു വ്യവസ്ഥയും പാടില്ല. ഇക്കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്.
അതുകൊണ്ടു തന്നെയാണ് പരാതികൾ ലഭിച്ചതനുസരിച്ച് കമ്മിറ്റിയെ നിയോഗിച്ചത്. ഇത്തരം ഒരു നടപടി കേരളത്തിൽ മാത്രമാണ് ഉണ്ടായത്. സ്ത്രീകളുടെ തൊഴിലവകാശത്തിനും അഭിമാന സംരക്ഷണത്തിനും സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടു കൈക്കൊള്ളുന്നു. സ്ത്രീകൾക്ക് സിനിമയിൽ നിർഭയമായി ജോലി ചെയ്യാൻ കഴിയണം, മുഖ്യമന്ത്രി പറഞ്ഞു.
ഒരു വിശേഷണവും ആവശ്യമില്ലാതെ മലയാളികളുടെ മനസ്സിൽ തെളിഞ്ഞു വരുന്ന മുഖമാണ് മോഹൻലാലെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാൽ മലയാള സിനിമയുടെ യശസ്സ് ഉയർത്തുന്ന കലാകാരനാണ്. കേരളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു. കേരളത്തെ നെഞ്ചോട് ചേർത്തു നിർത്തിയ നടനാണ് മോഹൻലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recent Comments