16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള ബില്‍ ഓസ്ട്രേലിയന്‍ സെനറ്റ് വ്യാഴാഴ്ച പാസാക്കി. വൈകാതെ തന്നെ ഈ ബില്‍ നിയമമാകും. ലോകത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യം 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നത്.
ടിക് ടോക്ക്, ഫേസബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അനുവദിക്കുകയില്ല. അക്കൗണ്ടുകള്‍ കൈവശം വയ്ക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടാല്‍ 50 മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (27.88 കോടി രൂപ) പിഴയൊടുക്കണം.
19നെതിരേ 34 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ പാസാക്കിയത്. ബുധനാഴ്ച ജനപ്രതിനിധി സഭ 13നെതിരേ 102 വോട്ടുകള്‍ക്ക് ബില്‍ പാസാക്കിയിരുന്നു. സെനറ്റില്‍ പ്രതിപക്ഷം മുന്നോട്ട് വെച്ച ഭേദഗതികള്‍ സഭ ഇതുവരെയും അംഗീകരിച്ചിട്ടില്ല. എന്നാല്‍ നിയമം പാസാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പിഴ ചുമത്തുന്നതിന് മുമ്പ് നിരോധനം എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തമാക്കാൻ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു വര്‍ഷം സമയം അനുവദിക്കും.
ചെറിയ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുമ്പോള്‍ 16 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ കൈമാറേണ്ടി വരും. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് നിയമനിര്‍മാണത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാന പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയ നിരോധനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ശിശുക്ഷേമം, മാനസികാരോഗ്യം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയ നിരോധിക്കുന്നത് അവ ഉപയോഗിക്കുന്ന നിരവധി കുട്ടികളെ അപകടകരമായി ഒറ്റപ്പെടുത്തുമെന്ന് മാനസികാരോഗ്യവിദഗ്ധർ സമ്മതിച്ചതായി ന്യൂനപക്ഷ ഗ്രീന്‍സ് പാർട്ടിയിൽ നിന്നുള്ള സെനറ്റര്‍ ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു.
Recent Comments