മണിരത്നവും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്ത ആദ്യം സ്ഥിരീകരിച്ചത് നടന് കമല്ഹാസന് തന്നെയാണ്. പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗത്തിന്റെ ലോഞ്ചിംഗ് ചെന്നൈയില്‍ നടന്ന അവസരത്തിലാണ് കമല്‍ മനസ്സ് തുറന്നത്. 36 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവര്‍ ഒരുമിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. മികച്ച നടനുള്ള ദേശീയ പുരസ്കാരം കമല്ഹാസന് നേടിക്കൊടുത്ത ‘നായകനാ’ണ് ഇവര്‍ ഒരുമിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം.
ഈ കോമ്പോ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് സിനിമാലോകം ഒന്നടങ്കം. അടുത്തിടെ ഇരുവരുടെയും കരിയറിലുണ്ടായ സൂപ്പര്‍ഹിറ്റുകള്‍ ഈ തിരിച്ചുവരവിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കമലിന് വിക്രമാണെങ്കില്, മണിരത്നത്തിന് അത് പൊന്നിയിന്‍ സെല്‍വനാണ്. മണിരത്നം-കമല്‍ തിരിച്ചുവരവ് തമിഴകം ആഘോഷിക്കുന്നതിനിടയിലാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്. ചിത്രത്തില്‍ കമലിന്റെ പ്രതിനായകനായി ചിമ്പു അഭിനയിക്കുന്നുവെന്നാണ് കോളിവുഡിലെ ഏറ്റവും പുതിയ സംസാരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കമലിന്റെ അടുത്ത വൃന്ദങ്ങള്‍ നല്കുന്ന സൂചന ഇതാണ്.
യുവനടന്മാരില് കമലിന് ഏറ്റവും പ്രിയപ്പെട്ടവനാണ് ചിമ്പു. ചിമ്പുവിനോടുള്ള ഇഷ്ടം പലവട്ടം കമല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, കമല്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിലെ നായകനും ചിമ്പുവാണ്. മണിരത്നത്തിന്റെ സെക്കസിവന്ത വാനത്തിലും ചിമ്പു അഭിനയിച്ചിരുന്നുവെന്നതും ഈ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
മണി-കമല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ തുടങ്ങുമെന്നാണ് ഏറ്റവും ഒടുവിലായി കിട്ടുന്ന വാര്‍ത്തകള്‍. കൂടുതല്‍ താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരെയും വരും ദിവസങ്ങളില്‍ പ്രഖ്യാപിച്ചേക്കും.
Recent Comments