ചലച്ചിത്ര സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 65 വയസ്സായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച നടക്കും.
തിരുവവന്തപുരം സ്വദേശിയായ അദ്ദേഹം മകള്‍ ധന്യക്കൊപ്പം കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് മരണം സംഭവിച്ചത്.
സിനിമകളേക്കാളേറെ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് കൈലാസ് നാഥ് ശ്രദ്ധിക്കപ്പെട്ടത്. ഏറെക്കാലം ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച കൈലാസ് നാഥ് ‘ഇതു നല്ല തമാശ’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 1999-ല്‍ പുറത്തിറങ്ങിയ സംഗമം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നത്.
‘ഒരു തലൈ രാഗം’ എന്ന തമിഴ് സിനിമ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ അദ്ദേഹത്തെ തേടി നിരവധി സിനിമകളെത്തി. 163 സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന് നല്‍കിയിട്ടുണ്ട്. ഇതില്‍ 90 എണ്ണം തമിഴിലായിരുന്നു. കോമഡി കഥാപാത്രങ്ങളായിരുന്നു ഇതില്‍ ഭൂരിഭാഗവും.
Recent Comments